ന്യൂഡല്‍ഹി: ഗായിക ബിയോണ്‍സെ(44)യെ ഫോര്‍ബ്സ് മാസിക ബില്ല്യണയര്‍(ശത കോടീശ്വരി) ആയി പ്രഖ്യാപിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടികയില്‍ ഇടം നേടിയ അഞ്ചാമത്തെ ഗായികയായി അവര്‍. ടെയ്ലര് സ്വിഫ്റ്റ്, റിഹാന, ബ്രൂസ് സ്പ്രിംഗ്സ്റ്റീന്‍, അവരുടെ ഭര്‍ത്താവ് ജേസി എന്നിവരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ജേസിയുടെ ആസ്തി 2.5 ബില്ല്യണ്‍ ഡോളര്‍(ഏകദേശം 22,500 കോടി രൂപ) ആയി ഫോര്‍ബ്സ് കണക്കാക്കുന്നു.
ഈ മാസം ആദ്യം, ബിയോണ്‍സെയുടെ ആസ്തി 80 കോടി ഡോളര്‍ ആയിരുന്നു. ആല്‍ബങ്ങളുടെ വിജയത്തോടെ 20 കോടി ഡോളര്‍കൂടി ആസ്തിയുടെ ഭാഗമായി.
വര്‍ഷങ്ങളായുള്ള വിജയങ്ങള്‍ക്ക് ശേഷം ആദ്യമായി അവര്‍ ബില്ല്യണയര്‍ പദവിയിലെത്തുമെന്ന് പ്രവചിച്ചിരുന്നു.അവരുടെ 2023 ലെ റെനൈസന്‍സ് വേള്‍ഡ് ടൂര്‍ അവര്‍ക്ക് ഏകദേശം 60 കോടി ഡോളര്‍ വരുമാനം നല്‍കിയിരുന്നു. അതോടെ ടെയ്ലര് സ്വിഫ്റ്റിനൊപ്പം ലോകത്തിലെ ഏറ്റവും വലിയ പോപ്പ് സംഗീത ഐക്കണുകളില്‍ ഒരാളായി അവര്‍ മാറി.
2024 ല്‍ പുറത്തിറങ്ങിയ അവരുടെ ആല്‍ബമായ ‘കൗബോയ് കാര്‍ട്ടര്‍’ ഏറെ ജനപ്രീതി നേടിയിരുന്നു. നിരൂപക പ്രശംസ നേടിയ ആ ആല്‍ബം, ഗ്രമ്മി അവാര്‍ഡില്‍ ‘ആല്‍ബം ഓഫ് ദ് ഇയര്‍’ പുരസ്കാരം നേടുകയുണ്ടായി. ബ്ലൂംബെര്‍ഗ്, അവരുടെ സ്വന്തം ബില്ല്യണയര്‍ പട്ടികയില്‍ സെലീന ഗോമസിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2024 ല്‍ അവരുടെ ആസ്തി 1.3 ബില്ല്യണ്‍ ഡോളര്‍ (ഏകദേശം 11,672 കോടി രൂപ) ആയി റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍ ഫോര്‍ബ്സ് ഈ കണക്കുകള്‍ ശരിവെക്കുന്നില്ല. ഗോമസിന്റെ ആസ്തി 70കോടി ഡോളര്‍ (ഏകദേശം 6285 കോടി രൂപ) ആയിരിക്കാമെന്ന് അവര്‍ കണക്കാക്കുന്നു.




