Featured Sports

ക്യാപ്‌റ്റന്റെ ആറാട്ട്‌ ബാറ്റിംഗ്, അഞ്ചിൽ അഞ്ചും ജയിച്ച് ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍

തിരുവനന്തപുരം: അമരത്തിരുന്നു ക്യാപ്‌റ്റന്റെ കളി പുറത്തെടുത്ത ഹര്‍മന്‍പ്രീത്‌ കൗറിന്റെ കരുത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 ക്രിക്കറ്റ്‌ പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യന്‍ വനിതകള്‍ക്കു ജയം. കാര്യവട്ടത്തു നടന്ന പോരാട്ടത്തില്‍ 15 റണ്ണിനായിരുന്നു ഇന്ത്യന്‍ ജയം. ഇതോടെ പരമ്പര ഇന്ത്യ തൂത്തുവാരി (5-0). ഹര്‍മന്‍ പ്രീത്‌ കളിയിലെയും ഷെഫാലി വെര്‍മ (241 റണ്‍) പരമ്പരയിലെയും താരമായി.

ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ ക്യാപ്‌റ്റന്‍ ഹര്‍മന്‍ പ്രീത്‌ കൗറി(43 പന്തില്‍ 68)ന്റെ വെടിക്കെട്ടില്‍ ഏഴുവിക്കറ്റിന്‌ 175 റണ്ണടിച്ചു. ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ശ്രീലങ്കയുടെ വെല്ലുവിളി 20 ഓവറില്‍ ഏഴുവിക്കറ്റിന്‌ 160 റണ്ണില്‍ അവസാനിച്ചു. കഴിഞ്ഞ നാലു കളിയില്‍നിന്നു വ്യത്യസ്‌തമായി പൊരുതിയെങ്കിലും ലങ്കയ്‌ക്ക് ആശ്വാസജയം സ്വന്തമാക്കാനായില്ല. ലങ്കന്‍ നിരയില്‍ ഓപ്പണര്‍ ഹാസിനി പെരേര (42 പന്തില്‍ 65), വണ്‍ഡൗണായെത്തിയ ഇമേഷ ദുലാനി (39 പന്തില്‍ 50) എന്നിവര്‍ അര്‍ധസെഞ്ചുറിയുമായി പൊരുതി. എന്നാല്‍ ഒറ്റയക്കത്തില്‍ പുറത്തായ മറ്റു ബാറ്റര്‍മാര്‍ ടീമിനെ പരാജയത്തിലേക്കു തള്ളിവിട്ടു. ഇന്ത്യന്‍ നിരയില്‍ പന്തെറിഞ്ഞ ആറു ബൗളര്‍മാരും ഓരോ വിക്കറ്റ്‌ വീഴ്‌ത്തി.

ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. ആദ്യ നാലു മത്സരങ്ങളിലും മികച്ച കളി പുറത്തെടുത്ത ഓപ്പണര്‍ ഷഫാലി വര്‍മ രണ്ടാം ഓവറില്‍ തന്നെ പുറത്തായി. ആറു പന്തില്‍ അഞ്ചു റണ്‍ മാത്രമെടുത്ത ഷഫാലിയെ നിമാഷാ മീപാഗ പുറത്താക്കി. ഇമേഷ ദുലാനി ക്യാച്ചെടുത്തു. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഗുണാലന്‍ കമാലിനിയുടേതായിരുന്നു അടുത്ത ഊഴം. രണ്ടു ഫോര്‍ ഉള്‍പ്പെടെ 12 പന്തില്‍ 12 റണ്ണടിച്ച താരം കവിഷ ദില്‍ഹാരിയുടെ പന്തില്‍ വിക്കറ്റിന്‌ മുന്നില്‍ കുടുങ്ങി. പിന്നാലെ എത്തിയ ഹര്‍ലീന്‍ മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞെങ്കിലും രേഷ്‌മികയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി കൂടാരം കയറിയതോടെ ഇന്ത്യ ആറോവറില്‍ മൂന്നുവിക്കറ്റിന്‌ 41 റണ്ണെന്ന നിലയിലായി.

കഴിഞ്ഞ കളിയില്‍ വെടിക്കെട്ട്‌ കാഴ്‌ചവച്ച റിച്ചാ ഘോഷ്‌ വന്നതും മടങ്ങിയതും ഒരു പോലെ. ലങ്കന്‍ ക്യാപ്‌റ്റന്‍ ചമരി അട്ടപ്പട്ടുവിന്റെ പന്തില്‍ വിക്കറ്റിനു പിന്നില്‍ കൗഷിനി പിടികൂടി മടങ്ങിയപ്പോള്‍ റിച്ചയുടെ അക്കൗണ്ടില്‍ ആറു റണ്‍ മാത്രം. 11-ാം ഓവറില്‍ അഞ്ചാം വിക്കറ്റായി ദീപ്‌ത് ശര്‍മ (ഏഴ്‌) കൂടാരം കയറിയതോടെ ഇന്ത്യ കൂടുതല്‍ അപകടനിലയിലായി. ഒരറ്റത്ത്‌ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത്‌ കൗര്‍ ഉറച്ചുനിന്നു പൊരുതിയത്‌ ടീമിനു പ്രതീക്ഷ പകര്‍ന്നു.

മോശം പന്തുകള്‍ അതിര്‍ത്തി കടത്തി ക്യാപ്‌റ്റന്‍ ഇന്ത്യന്‍ സ്‌കോര്‍ മുന്നോട്ടുനീക്കി. അമന്‍ജ്യോത്‌ കൗറില്‍ പറ്റിയ കൂട്ടാളിയെ കണ്ടെത്തിയത്‌ ഹര്‍മന്റെ ആത്മവിശ്വാസം ഇരട്ടിയാക്കി. ഇതിനിടയില്‍ അര്‍ധസെഞ്ചുറി തികയ്‌ക്കാനും ക്യാപ്‌റ്റനായി. 35 പന്തിലാണ്‌ താരം 50 കടന്നത്‌. അവസാന ഓവറിലേക്കു കടന്നതോടെ ഇരുവരും ഗിയര്‍ മാറ്റി. എന്നാല്‍, 18 പന്തില്‍ ഒന്നുവീതം സിക്‌സും ഫോറും അടക്കം 21 റണ്ണടിച്ച കൗര്‍ പുറത്തായി. 18-ാം ഓവറില്‍ 68 റണ്‍സ്‌ എടുത്ത ക്യാപ്‌റ്റനെ കവിഷ ക്ലീന്‍ ബൗള്‍ഡാക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 142 റണ്ണായിരുന്നു. പുറത്താകുംമുമ്പ്‌ 43 പന്തില്‍ ഒരുസിക്‌സും ഒന്‍പതു ഫോറും അടക്കം 68 റണ്ണടിക്കാന്‍ ഹര്‍മനായി.

പിന്നീട്‌ അരുന്ധതി റെഡ്‌ഡിയുടെ കടന്നാക്രമണം ഇന്ത്യയ്‌ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചു. 11 പന്തില്‍ നാലു ഫോറും ഒരു സിക്‌സുമായി റെഡ്‌ഡി പുറത്താകാതെ 27 റണ്‍ വാരി. ആറു പന്തില്‍ എട്ടുറണ്ണുമായി സ്‌നേഹ്‌ റാണയായിരുന്നു ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ റെഡ്‌ഡിക്കു കൂട്ട്‌. ശ്രീലങ്കയ്‌ക്കുവേണ്ടി കവീഷ ദില്‍ഹാരി, റാഷ്‌മിക സേവാന്‍ഡി, ചമരി അട്ടപ്പട്ടു എന്നിവര്‍ രണ്ടുവീതം വിക്കറ്റ്‌ നേടി.