മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഗതാഗതക്കുരുക്കിനിടയിൽ ദമ്പതികളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത വനിതാ സബ് ഇൻസ്പെക്ടർക്കെതിരെ നടപടി. തന്റെ കാറിനു തൊട്ടുമുമ്പിലുണ്ടായിരുന്ന കാറോടിച്ചിരുന്ന യുവാവിന്റെ “മുഖത്ത് മൂത്രമൊഴിക്കും” എന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. താൻ സഞ്ചരിച്ചിരുന്ന കാർ കനത്ത ഗതാഗതക്കുരുക്കിൽപ്പെട്ടതോടെ നിയന്ത്രണം വിട്ട സബ് ഇൻസ്പെക്ടർ രത്ന റാത്തി, മുന്നിലുള്ള വാഹനയാത്രികർക്ക് നേരെ കാറിലിരുന്നുകൊണ്ട് അസഭ്യവർഷം നടത്തുകയായിരുന്നു.
തുടർന്ന് കാറിൽ നിന്നിറങ്ങിയ ഉദ്യോഗസ്ഥ, തൊട്ടുമുന്നിലുള്ള കാറിലുണ്ടായിരുന്ന ദമ്പതികളുമായി തർക്കത്തിലേർപ്പെട്ടു. തനിക്ക് പോകാൻ വഴി നൽകുന്നില്ലെന്ന് ആരോപിച്ചായിരുന്നു അധിക്ഷേപം. കാറിലുണ്ടായിരുന്ന യുവാവ് പുറത്തിറങ്ങി ചോദ്യം ചെയ്തതോടെ തർക്കം രൂക്ഷമായി. ഇതിനിടയിലാണ് യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുമെന്ന ഞെട്ടിക്കുന്ന പരാമർശം ഉദ്യോഗസ്ഥ നടത്തിയത്. കൂടാതെ ഇയാളെ മർദ്ദിക്കുമെന്നും ഭീഷണിപ്പെടുത്തി. “രണ്ട് ഭാഗത്തുനിന്നും വാഹനങ്ങൾ വരുന്നുണ്ട്” എന്ന് പറഞ്ഞ് യുവാവ് സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.
നിലവിൽ അലിഗഡിൽ ജോലി ചെയ്യുന്ന രത്ന റാത്തി സഹാറൻപൂരിൽ നിന്ന് ഔദ്യോഗിക ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഈ സംഭവമുണ്ടായത്. പൊതുസ്ഥലത്ത് ക്രമസമാധാന പാലകർ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും പോലീസുകാരുടെ ഉത്തരവാദിത്തത്തെക്കുറിച്ചും വലിയ ചോദ്യങ്ങളാണ് ഈ വീഡിയോ ഉയർത്തുന്നത്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ മീററ്റ് പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായും പോലീസ് അറിയിച്ചു.




