Crime Featured

മുംബൈയില്‍ ഉത്ര മോഡല്‍; പാമ്പിനെക്കൊണ്ട് ഭാര്യയെ കടിപ്പിച്ചു, കോൺഗ്രസ് വനിതാ നേതാവിന്റെ മരണം ക്രൂരകൊലപാതകം

മൂന്ന് വർഷത്തിലേറെയായി സ്വാഭാവിക മരണം എന്ന് കരുതിയിരുന്ന കോൺഗ്രസ് വനിതാ നേതാവ് നീരജ അംബേക്കറിൻ്റെ മരണം, അവരുടെ ഭർത്താവ് തന്നെ ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് തെളിഞ്ഞു. മഹാരാഷ്ട്രയിലെ ബാദ്‌ലാപൂരിലെ നീർജ അംബേർകർ ആണ് കൊല്ലപ്പെട്ടത്. കേസിൽ യുവതിയുടെ ഭർത്താവ് രൂപേഷിനേയും സുഹൃത്തുക്കളായ ഋഷികേശ് ചാൽക്കെ, കുനാൽ ചൗധരി എന്നിവരെയും പാമ്പിനെ നൽകിയ ചേതൻ ദുധാനെയെയും പോലീസ് അറസ്റ്റ് ചെയ്തു.

മറ്റൊരു കേസിൻ്റെ അന്വേഷണത്തിനിടെയുള്ള കുറ്റസമ്മതം സത്യം വെളിപ്പെടുത്തി

ബദ്ലാപ്പൂരിലെ തിരഞ്ഞെടുപ്പ് കാലത്ത് നടന്ന മറ്റൊരു വധശ്രമക്കേസുമായി ബന്ധപ്പെട്ട് അടുത്തിടെ അറസ്റ്റിലായ കുറ്റവാളി ഋഷികേശ് ചാൽക്കെയെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ പുറത്തുവന്നത്. തൻ്റെ മുൻകാല ക്രിമിനൽ പ്രവർത്തനങ്ങളെക്കുറിച്ച് ചോദ്യം ചെയ്യവേ, നീരജ അംബേക്കറിൻ്റെ 2022-ലെ മരണത്തിന് പിന്നിലെ സത്യം വെളിപ്പെടുത്തിക്കൊണ്ട് ചാൽക്കെ നടത്തിയ കുറ്റസമ്മതം അന്വേഷണ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചു.

2022 ജൂലൈ 10ന് ബാദ്‌ലാപൂർ ഈസ്റ്റിലെ ഉജ്ജ്വൽദീപ് അപ്പാർട്ട്‌മെന്റിലായിരുന്നു സംഭവം. യുവതിയെ പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അപകടമായി കണക്കാക്കി പോലീസ് അന്ന് കേസ് അപകടമരണമായി രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ബന്ധുക്കളുടെ മൊഴികളിലെ വൈരുദ്ധ്യങ്ങളും കേസിൽ ലഭിച്ച പുതിയ ചില തെളിവുകളും പോലീസിനെ കേസ് വീണ്ടും അന്വേഷിക്കാൻ പ്രേരിപ്പിച്ചു.

ഗാർഹിക പ്രശ്‌നങ്ങൾ കാരണം ഭാര്യയുമായി അകൽച്ചയിലായിരുന്ന യുവാവ് ഭാര്യയെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികൾ വിഷപ്പാമ്പിനെ ഒരു ചാക്കിലാക്കി അംബേക്കറിൻ്റെ വീട്ടിലെ അടുക്കളയിൽ ഒളിപ്പിച്ചു. നീരജയുടെ കാൽ തിരുമ്മി കൊടുക്കാം എന്ന വ്യാജേന അവരെ ഹാളിൽ കിടത്തി. ഈ സമയത്ത്, പാമ്പുപിടുത്തക്കാരനായ ചേതൻ ദുധാനെ പാമ്പിനെ പുറത്തെടുത്ത് ചാൽക്കെയ്ക്ക് കൈമാറി. പാമ്പിനെ നീരജയുടെ ഇടത് കണങ്കാലിന് സമീപം മൂന്ന് തവണ കടിപ്പിക്കുകയും, അത് മരണത്തിലേക്ക് നയിക്കുകയും ചെയ്തു.

മരണകാരണം സ്വാഭാവികമെന്ന് രേഖപ്പെടുത്തി മരണ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർമാരുടെ പങ്കും അന്വേഷിക്കാൻ പോലീസ് തീരുമാനിച്ചു