ബൗളിംഗില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തംപേരില്‍ എഴുതിച്ചേര്‍ത്ത് ഇന്ത്യന്‍ താരം അര്‍ഷ്ദീപ് സിങ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്‍റി20യിലാണ് അര്‍ഷ്ദീപ് 13 പന്തുള്ള ഒരോവര്‍ എറിഞ്ഞത്. പതിനൊന്നാം ഓവര്‍ എറിയാനെത്തിയ അര്‍ഷ്ദീപിന്‍റെ ആദ്യ പന്ത് തന്നെ ക്വിന്‍റണ്‍ ഡി കോക്ക് സിക്സര്‍ പറത്തി. അടിപതറിയ അര്‍ഷ്ദീപ് പിന്നാലെ എറിഞ്ഞത് രണ്ടും വൈഡ്. അടുത്തത് ഡോട്ട് ബോള്‍. പിന്നാലെ അഞ്ച് വൈഡുകള്‍ കൂടി! കളി കണ്ടവരും ടീമംഗങ്ങളും അമ്പരന്നു. ഈ ഓവറില്‍ 18 റണ്‍സാണ് അര്‍ഷ്ദീപ് വഴങ്ങിയത്. ഇതോടെ പുരുഷ ടി 20 യിൽ ഏറ്റവും ദൈർഘ്യമേറിയ ഓവർ എറിഞ്ഞ അനാവശ്യ റെക്കോർഡ് അഫ്ഗാനിസ്ഥാൻ താരം നവീൻ ഉൽ ഹഖിനൊപ്പം അർഷ്ദീപിൻറെ പേരിലുമായി.
അര്‍ഷ്ദീപിന്‍റെ റണ്‍ദാനം കണ്ട് കോച്ച് ഗംഭീറിന് വന്ന ദേഷ്യം ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു. ദേഷ്യവും നിരാശയും കൊണ്ട് അലറുന്ന ഗംഭീറിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അതേസമയം, ഗംഭീറിനെ വിമര്‍ശിക്കുന്നവരും കുറവല്ല. ‘ ഇത് ക്രിക്കറ്റ് കളിയല്ലേ, റിയാലിറ്റി ഷോ അല്ലല്ലോ, ഇത്രയും എക്സ്പ്രഷന്‍ വേണ്ടെ’ന്നായിരുന്നു ഒരാളുടെ കമന്‍റ്.
നാണക്കേടിന്‍റെ ഓവറോടെ അര്‍ഷ്ദീപ് അഫ്ഗാനിസ്ഥാന്‍ നവീന്‍ ഉള്‍ ഹഖിനൊപ്പം സ്ഥാനം പിടിച്ചു. ട്വന്‍റി 20 ക്രിക്കറ്റില്‍ ഏറ്റവുമധികം പന്തുകള്‍ ഓരോവറില്‍ എറിഞ്ഞുവെന്നതാണ് ആ ‘റെക്കോര്‍ഡ്’. കഴിഞ്ഞ വര്‍ഷം സിംബാംബ്വെയ്ക്കെതിരെയായിരുന്നു നവീന്‍ റെക്കോര്‍ഡിട്ടത്. ട്വന്‍റി20യില്‍ ഏറ്റവുമധികം പന്തുകള്‍ ഒരോവറില്‍ എറിഞ്ഞ ഇന്ത്യന്‍ താരവും അര്‍ഷ്ദീപായി.
നാലോവർ എറിഞ്ഞ താരം 54 റൺസും ഇന്ന് വിട്ടുകൊടുത്തു. വിക്കറ്റൊന്നും നേടാനുമായില്ല. ജസ്പ്രീത് ബുംറ നാലോവർ എറിഞ്ഞ് 45 റൺസ് വിട്ടുകൊടുത്തപ്പോൾ ഹാർദിക് മൂന്നോവറിൽ 34 റൺസും ശിവം ദുബെ രണ്ടോവറിൽ 18 റൺസും വിട്ടുകൊടുത്തു. സ്പിന്നർമാരിൽ വരുൺ ചക്രവർത്തി നാലോവർ എറിഞ്ഞ് 29 റൺസ് കൊടുത്ത് രണ്ട് വിക്കറ്റ് നേടിയപ്പോൾ അക്‌സർ പട്ടേൽ മൂന്നോവറിൽ 27 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും നേടി.
കളിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 51 റൺസിന്റെ തകർപ്പൻ ജയമാണ് നേടിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.1 ഓവറിൽ 162 റൺസിന് ഓൾ ഔട്ടായി.




