Celebrity

ദിലീപിനെ വെട്ടിലാക്കിയ മഞ്‌ജു വാര്യരുടെ അന്നത്തെ വാക്കുകള്‍ ഇങ്ങനെ

നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിക്കാന്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ചേര്‍ന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ പ്രതിഷേധ കൂട്ടായ്‌മയില്‍ നടി മഞ്‌ജുവാര്യര്‍ നടത്തിയ പ്രസംഗത്തിലാണ്‌ നടന്‍ ദിലീപിലേക്ക്‌ അന്വേഷണമുന നീളുന്ന പരസ്യ പരാമര്‍ശം ആദ്യം ഉണ്ടായത്‌. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുകയായിരുന്ന ദിലീപ്‌ കൂടി പങ്കെടുത്ത യോഗത്തിലാണ്‌ മഞ്‌ജു വാര്യരുടെ ക്രിമിനല്‍ ഗൂഢാലോചനാ വാദം ആദ്യം പുറത്തുവന്നത്‌

‘ഒരുപാട്‌ സങ്കടത്തോടെയും അതിലേറെ രോഷത്തോടെയുമാണു നമ്മളെല്ലാവരും ഇന്നിവിടെ വന്നിരിക്കുന്നത്‌. അതു വാക്കുകളില്‍ പറയാന്‍ പറ്റുന്ന വികാരമാണെന്നു തോന്നുന്നില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്തിനാണ്‌ ഈ അനുഭവം വന്നിരിക്കുന്നത്‌. ഞങ്ങള്‍ ആ കുട്ടിയെ പോയി കണ്ടു. ഈ സാഹചര്യത്തെ ആ കുട്ടി നേരിട്ട മനോധൈര്യത്തെയും സമചിത്തതയെയും കണ്ട്‌ ഞാന്‍ പോലും അത്ഭുതപ്പെട്ടു. അതില്‍ അവളെക്കുറിച്ച്‌ ഓര്‍ത്ത്‌ എനിക്ക്‌ ഏറ്റവും അഭിമാനമുണ്ട്‌. അറിയപ്പെടുന്ന വ്യക്‌തിക്കുമാത്രമല്ല, ഏതൊരു പെണ്‍കുട്ടിക്കും ഈയൊരു സാഹചര്യം ഉണ്ടാവരുത്‌ എന്നാണ്‌ ഒരു സ്‌ത്രീ എന്ന നിലയില്‍ എന്റെ പ്രാര്‍ഥന. ഞങ്ങളില്‍ പലരെയും പല അര്‍ധരാത്രികളിലും വീടുകളില്‍ സുരക്ഷിതരായി കൊണ്ടുചെന്നാക്കിയിട്ടുള്ള ഡ്രൈര്‍മാരുണ്ട്‌.
അതുകൊണ്ട്‌ എല്ലാ സഹപ്രവര്‍ത്തകരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പക്ഷേ, ഇതിനു പിന്നില്‍ നടന്നിരിക്കുന്നത്‌ ഒരു ക്രിമിനല്‍ ഗൂഢാലോചനയാണ്‌.
ഈയൊരു ഗൂഢാലോചനയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അങ്ങേയറ്റം പൂര്‍ണ പിന്തുണ നല്‍കുക എന്നതാണ്‌ നമുക്കു ചെയ്യാന്‍ സാധിക്കുക.

അതു മാത്രമല്ല, ഒരു സ്‌ത്രീക്കു വീടിനകത്തും പുറത്തും അവള്‍ പുരുഷനു നല്‍കുന്ന ബഹുമാനം അതേ അളവില്‍ തിരിച്ചുകിട്ടാനുളള അര്‍ഹതയുണ്ട്‌’- മഞ്‌ജു വാര്യര്‍ വ്യക്‌തമാക്കി. മലയാള സിനിമയിലെ വനിതാ കൂട്ടായ്‌മയ്‌ക്കു നിമിത്തമായ സംഭവംകൂടിയായിരുന്നു നടിയെ ആക്രമിച്ച കേസ്‌.