ആനച്ചാല്‍ : ആകാശവിരുന്ന് ആസ്വദിക്കാന്‍ ക്രെയിനില്‍ കയറിയ വിനോദസഞ്ചാരികളുടെ കുടുംബം രണ്ടര മണിക്കൂറിലേറെ 120 അടി ഉയരത്തില്‍ കുടുങ്ങിക്കിടന്നു. ആനച്ചാല്‍ ടൗണിനടുത്തുള്ള സാഹസിക വിനോദസഞ്ചാര പാര്‍ക്കിനു സമീപത്തെ സ്കൈ ഡൈനിങ് സെന്ററില്‍ ഇന്നലെ ഉച്ചയ്ക്കു രണ്ടിനാണ് സംഭവം. മംഗലാപുരത്ത് സ്ഥിരതാമസമാക്കിയ മലയാളിയായ മുഹമ്മദ് സഫാന്‍, ഭാര്യ തൗഫീന എന്നിവരും ആറും മൂന്നും വയസുള്ള ഇവരുടെ രണ്ടുകുട്ടികളും കൂടാതെ സ്ഥാപനത്തിലെ വനിതാ സ്റ്റാഫ് ഹരിപ്രിയയുമാണ് ആകാശത്ത് ആശങ്കയിലായത്.
രണ്ടര മണിക്കൂറിനു ശേഷം അടിമാലിയില്‍ നിന്നും മൂന്നാറില്‍നിന്നും അഗ്നിരക്ഷാ സേനയെത്തി വടം കെട്ടി ഇവരെ താഴെ ഇറക്കുകയായിരുന്നു. കോഴിക്കോട് സ്വദേശികളായ രണ്ടു വയസുള്ള പെണ്‍കുട്ടിയും ഏഴു വയസുള്ള ആണ്‍കുട്ടിയും അവരുടെ അച്ഛനും അമ്മയുമാണ് ക്രെയിനില്‍ കയറിയത്. ക്രെയിനിന്റെ വശത്തുള്ള ഇരുമ്പു വടം കുടുങ്ങിപ്പോയതാണ് ഇവര്‍ കുടുങ്ങാന്‍ കാരണമെന്ന് ഓപ്പറേറ്റര്‍ പറഞ്ഞു.
ഒന്നരമാസം മുമ്പാണ് ആനച്ചാലില്‍ ക്രെയിന്‍ ഉപയോഗിച്ചുള്ള സ്കൈ ഡൈനിങ് സാഹസികവിനോദം ആരംഭിച്ചത്. 120 അടി ഉയരത്തിലിരുന്ന് ഭക്ഷണം കഴിക്കാനും ചുറ്റുപാടുമുള്ള കാഴ്ചകള്‍ കാണുന്നതിനുമാണിത്. ഒരു ടീമിനെ അരമണിക്കൂറിലേറെ സമയമാണ് ഉയരത്തില്‍ നിര്‍ത്തുക. ഒരേ സമയം 15 പേര്‍ക്ക് ഇതില്‍ ഇരിക്കാനുള്ള സൗകര്യമുണ്ട്.
ഉച്ചയ്ക്ക് ഊണും ബിരിയാണിയും വൈകുന്നേരങ്ങളില്‍ ചായയും പലഹാരങ്ങളുമൊക്കെയാണ് ഭക്ഷണം. വലിയ ഡൈനിങ് ടേബിളും ചുറ്റും 15 കസേരകളും മേല്‍ക്കൂരയും അടങ്ങിയതാണ് സ്കൈ ഡൈനിങ് യൂണിറ്റ്. അപ്പോഴും സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. ചെറിയ കുട്ടികള്‍ ഉള്‍പ്പെടെ ഉയരത്തില്‍ കുടുങ്ങിയത് രക്ഷാദൗത്യം ശ്രമകരമാക്കിയെന്ന് അഗ്നിരക്ഷാ സേനാംഗങ്ങളും പറഞ്ഞു. താഴെ വലവിരിച്ചു പിടിച്ചശേഷം ഒരു അഗ്നി സേനാ ഉദ്യോഗസ്ഥന് വടത്തിലൂടെ മുകളില്‍ കയറി രണ്ടു വയസുള്ള കുട്ടിയെ ദേഹത്തോടു ചേര്‍ത്തു കെട്ടിയാണ് താഴെയിറക്കിയത്. നാട്ടുകാരും ജനപ്രതിനിധികളും രക്ഷാദൗത്യത്തിന് പിന്തുണ നല്കി.
സ്ഥാപനത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്താന്‍ സ്റ്റോപ്പ് മെമ്മോ നല്കാന് നിര്‍ദേശിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.




