ന്യൂയോര്‍ക്ക്: ലോകത്ത് ഓരോ പത്തു മിനിറ്റിലും ഒരു പെണ്‍കുട്ടിയോ സ്ത്രീയോ പങ്കാളിയാലോ കുടുംബാഗത്താലോ കൊല്ലപ്പെടുന്നുണ്ടെന്നു യു.എന്‍. റിപ്പോര്‍ട്ട്. ദിവസവും ശരാശരി 137 പേര്.
ലോകമെമ്പാടും പതിനായിരക്കണക്കിന് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവനെടുത്തുകൊണ്ട് സ്ത്രീഹത്യ തുടരുകയാണെന്നും ഇത് യഥാര്‍ഥ പുരോഗതിയുടെ ലക്ഷണമില്ലെന്നും ഐക്യരാഷ്ട സംഘടനയുടെ മയക്കുമരുന്ന്, കുറ്റകൃത്യ ഓഫീസ് (യു.എന്‍.ഒ.ഡി.സി.), യു.എന്‍. വനിതാ സംഘടന എന്നിവ പറഞ്ഞു.
‘കഴിഞ്ഞ വര്‍ഷം, 83,000 സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണു മനഃപൂര്‍വം കൊലപ്പെടുത്തിയത്. അവരില്‍ 60 ശതമാനം പേരെ(50,000പേര്) കൊലപ്പെടുത്തിയത് പങ്കാളികളോ കുടുംബാംഗങ്ങളോ ആണ്. ഇതേ കാലയളവില്‍ നടന്ന പുരുഷ കൊലപാതകങ്ങളില്‍ 11 ശതമാനം മാത്രമാണ് അടുത്ത പങ്കാളികളോ കുടുംബാംഗങ്ങളോ നടത്തിയത്.
ലോകമെമ്പാടുമുള്ള നിരവധി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വീട് അപകടകരവും ചിലപ്പോള്‍ മാരകവുമായ സ്ഥലമായി തുടരുകയാണെന്ന് യു.എന്‍.ഒ.ഡി.സി. ആക്ടിങ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍ ബ്രാന്‍ഡോളിനോ പറഞ്ഞു. ഡിജിറ്റല്‍ അക്രമം പലപ്പോഴും ഓണ്‍ലൈനില്‍ നിലനില്‍ക്കില്ലെന്നും അതു നേരിട്ടുള്ള ആക്രമണമായി മാറുന്നെന്നും പലപ്പോഴും സ്ത്രീഹത്യയിലേക്കു നീങ്ങുന്നെന്നും യു.എന്‍. വനിതാ നയവിഭാഗത്തിന്റെ ഡയറക്ടര്‍ സാറാ ഹെന്‍ഡ്രിക്സ് പറഞ്ഞു.
ഒരു അടുത്ത പങ്കാളിയോ കുടുംബാംഗമോ നടത്തുന്ന സ്ത്രീഹത്യയുടെ ഏറ്റവും ഉയര്‍ന്ന നിരക്ക് ആഫ്രിക്കയിലാണ്. (1,00,000 സ്ത്രീ ജനസംഖ്യയില്‍ 3 പേര്). അമേരിക്ക (1.5), ഓഷ്യാനിയ (1.4), ഏഷ്യ (0.7), യൂറോപ്പ് (0.5) എന്നിവയാണു തൊട്ടുപിന്നില്‍.




