മുംബൈ: കുട്ടികളെ ബന്ദികളാക്കിയ സംഭവത്തില്‍ താനും ഉള്‍പ്പെടുമായിരുന്നു എന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്രയിലെ ചലച്ചിത്ര നടി. ഒരു സിനിമയെക്കുറിച്ചു ചര്‍ച്ചചെയ്യാനെന്നു പറഞ്ഞ് രോഹിത് ആര്യ ഈ മാസം ആദ്യം തന്നെ ബന്ധപ്പെട്ടിരുന്നെന്നു നടി രുചിത വിജയ് ജാദവ് അറിയിച്ചു. ഒരു ബന്ദിയാക്കല്‍ സാഹചര്യവുമായി ബന്ധപ്പെട്ടായിരുന്നു സിനിമയെന്നും രുചിത പറഞ്ഞു. രോഹിത് ആര്യയുമായുള്ള സംഭാഷണത്തിന്റെ സ്ക്രീന്‍ഷോട്ടുകള്‍ പങ്കവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമിലാണു രുചിത തന്റെ അനുഭവം വിവരിച്ചത്.
ഒക്ടോബര്‍ 4 നാണ് രോഹിത് ആര്യ ആദ്യം വിളിച്ചത്. പിന്നീട് ഒക്ടോബര്‍ 23 ന് കാണണമെന്ന് ആവശ്യപ്പെട്ടു. ഒടുവില്‍ 28 നു പോവൈയിലെ ആര്.എ. സ്റ്റുഡിയോയില്‍വച്ചു കാണമെന്നു സ്ഥിരീകരിച്ചു. എന്നാല്‍, ഒഴിവാക്കാനാവാത്ത കുടുംബകാര്യങ്ങള്‍ മൂലം എനിക്കു പേകാന്‍ കഴിഞ്ഞില്ല.-രുചിത പറഞ്ഞു.

കഴിഞ്ഞ ദിവസം ഈ വ്യക്തി കുട്ടികളെ ബന്ദികളാക്കിയ സംഭവത്തെക്കുറിച്ചു കേട്ടപ്പോള്‍ ഭയം തോന്നി. ഞാന്‍ ആ അപകടത്തിന് അടുത്തുവരെ എത്തിയിരുന്നുവെന്നു ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. ദൈവത്തോടും എന്റെ കുടുംബത്തോടും എനിക്ക് നന്ദിയുണ്ട്. ജോലിക്കായി പുതിയ ആളുകളെ കണ്ടുമുട്ടുമ്പോള്‍ അങ്ങേയറ്റം ശ്രദ്ധവേണമെന്നാണ് എന്റെ അനുഭവം പഠിപ്പിക്കുന്നത്.’-രുചിത പറഞ്ഞു.




