വ്യാഴാഴ്ച അഹമ്മദാബാദില്‍ നടന്ന ക്രിക്കറ്റ് ലോകകപ്പ് 2023 ലെ ആദ്യ മത്സരത്തില്‍ തന്റെ കന്നി സെഞ്ച്വറി അടിച്ച് സീനിയര്‍ ലോകകപ്പിലെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് ന്യൂസിലന്റ് താരം രചിന്‍ രവീന്ദ്ര. നായകന്‍ കെയ്ന്‍ വില്‍സന്റെ അഭാവത്തില്‍ 23 കാരനെ മൂന്നാം നമ്പറില്‍ ഉപയോഗിച്ച ന്യൂസിലന്റിന്റെ നീക്കം ഫലിച്ചു. വെറും 93 പന്തില്‍ പുറത്താകാതെ 123 റണ്‍സ് നേടി പയ്യന്‍ ന്യൂസിലന്റ് ബാറ്റിംഗില്‍ നിര്‍ണ്ണായകമായി.
തന്റെ ടീമിനെ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ വിജയത്തിലേക്ക് നയിക്കാന്‍ ന്യൂസിലന്‍ഡ് നല്‍കിയ ബാറ്റിംഗ് ഓര്‍ഡറിലെ പ്രമോഷന്‍ താരം നന്നായി ഉപയോഗിച്ചു. ഡെവണ്‍ കോണ്‍വേയുമായുള്ള ഒരു മികച്ച കൂട്ടുകെട്ടാണ് രചിന്‍ നടത്തിയത്. അതേസമയം രചിന് ഇന്ത്യയിലെ മത്സരം നാട്ടില്‍ കളിക്കുന്നത് പോലെയാണ്. രവീന്ദ്രയുടെ മാതാപിതാക്കള്‍ ഇരുവരും ഇന്ത്യയില്‍ നിന്നുള്ളവരാണ് രചിന്റെ പേര് പോലും ഇന്ത്യന്‍ ഇതിഹാസ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കറോടും രാഹുല്‍ ദ്രാവിഡിനോടും കടപ്പെട്ടിരിക്കുന്നതാണ്.
അദ്ദേഹത്തിന്റെ പേര് യഥാര്‍ത്ഥത്തില്‍ രണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് ഇതിഹാസങ്ങളില്‍ നിന്നാണ് വന്നത്. രാഹുല്‍ ദ്രാവിഡില്‍ നിന്നും ‘രാ’ യും സച്ചിന്‍ തെന്‍ഡുല്‍ക്കറിലെ ‘ചിന്‍’ എടുത്താണ് ക്രിക്കറ്റ്‌പ്രേമിയായ പിതാവ് മകന് രചിന്‍ എന്ന് പേരിട്ടത്. രചിന്റെ പിതാവ് രണ്ട് ഇതിഹാസങ്ങളുടെ വലിയ ആരാധകനായിരുന്നതിനാല്‍ റാച്ചിന്റെ പേര് ലഭിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വളരെ നേരത്തെ തന്നെ തന്റെ ക്രിക്കറ്റ് യാത്ര ആരംഭിച്ച യുവതാരം 2016 ലോകകപ്പിനുള്ള അണ്ടര്‍ 19 ന്യൂസിലന്‍ഡ് ടീമില്‍ ഇടംനേടി. 2018 ലെ അണ്ടര്‍ 19 ലോകകപ്പിലും അദ്ദേഹം പങ്കെടുത്തു, 2021 ല്‍ ബംഗ്ലാദേശിനെതിരെ ടി20 ഐയില്‍ അരങ്ങേറ്റം കുറിച്ചു. അധികം താമസിയാതെ അദ്ദേഹം തന്റെ ടെസ്റ്റ് അരങ്ങേറ്റവും 2023 ല്‍ ഏകദിന അരങ്ങേറ്റവും നടത്തി.
ഇതുവരെ 3 ടെസ്റ്റുകളും 12 ഏകദിനങ്ങളും 18 ടി20കളും കളിച്ചിട്ടുള്ള അദ്ദേഹം 2023 ല്‍ പാക്കിസ്ഥാനെതിരെ 97 റണ്‍സ് അടിച്ചു. അഹമ്മദാബാദില്‍ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 282-9 എന്ന സ്‌കോറിലെത്തി, അഹമ്മദാബാദില്‍ ഇടംകയ്യന്‍മാരായ കോണ്‍വെയും (152) രവീന്ദ്രയും (123) ചേര്‍ന്ന് പുറത്താകാതെ നിന്ന 273 റണ്‍സ് കൂട്ടുകെട്ടിന്റെ പിന്‍ബലത്തില്‍ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയവും നല്‍കി.