യോണ്‍ഡേ(ക്യാമറൂണ്‍): ലോകത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റ് എന്ന വിശേഷണമുള്ള പോള്‍ ബിയ(92)യ്‌ക്ക് ഒരിക്കല്‍ക്കൂടി പ്രസിഡന്റാകാന്‍ മോഹം. 43 വര്‍ഷമാണ് അദ്ദേഹം കാമറൂണിനെ നയിച്ചത്.
ഭിന്നിച്ചുനില്‍ക്കുന്ന പ്രതിപക്ഷം കാരണം അദ്ദേഹം വീണ്ടും ജയിക്കുമെന്നാണു നിരീക്ഷകര്‍ പറയുന്നത്. ജയിച്ചാല്‍ ഏഴു വര്‍ഷം കൂടി അധികാരത്തില്‍ തുടരാം. മുന്‍ സര്‍ക്കാര്‍ വക്‌താവ് ഇസ്സ ച്ചിരോമ ബക്കറി(79) ഉള്‍പ്പെടെ 11 എതിരാളികളെയാണു ബിയ നേരിടുന്നത്.
വര്‍ഷങ്ങളായി പൊതുരംഗത്ത് അധികം പ്രത്യക്ഷപ്പെടാതിരുന്ന ബിയ, ചൊവ്വാഴ്‌ച മറോവയില്‍ തന്റെ ആദ്യത്തെയും അവസാനത്തെയും പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു. ‘നിങ്ങളെ അലട്ടുന്ന പ്രശ്‌നങ്ങള്‍ എനിക്കറിയാം. എന്റെ അനുഭവസമ്പത്തു വച്ച്, ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കും’- അദ്ദേഹം തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ പറഞ്ഞു.
1982ല്‍ കാമറൂണിന്റെ ആദ്യ പ്രസിഡന്റായിരുന്ന അഹ്‌മദു അഹിജോ രാജിവച്ചതോടെയാണു ബിയയ്‌ക്ക് അവസരമൊരുങ്ങിയത്. അന്നു മുതല്‍ അദ്ദേഹം രാജ്യം പ്രസിഡന്റാണ്. 1960ല്‍ സ്വാതന്ത്ര്യം നേടിയ ശേഷം കാമറൂണില്‍ രണ്ട് നേതാക്കള്‍ മാത്രമേ ഭരണം നടത്തിയിട്ടുള്ളൂ. രാഷ്‌ട്രത്തലവനാകുന്നതിന് മുമ്പ്, 1975 മുതല്‍ 1982 വരെ ബിയ കാമറൂണിന്റെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു.
ഈ വര്‍ഷം, ബിയ വിരമിക്കണമെന്നുള്ള ആവശ്യങ്ങള്‍ ശക്‌തമായി ഉയര്‍ന്നിരുന്നു. കത്തോലിക്കാ ആര്‍ച്ച് ബിഷപ് സാമുവല്‍ ക്‌ലെഡയാണ് അതിനു നേതൃത്വം നല്‍കിയത്.
മകള്‍ ബ്രെന്‍ഡ ബിയ (27) ആ ആവശ്യത്തെ പിന്തുണയ്‌ക്കുകയും ചെയ്‌തു. ഐക്യരാഷ്‌ട്രസഭയുടെ കണക്കുകള്‍ പ്രകാരം, കാമറൂണ്‍ ജനസംഖ്യയുടെ 43 ശതമാനവും ദാരിദ്ര്യത്തിലാണു ജീവിക്കുന്നത്. മൂന്നു പൗരന്മാരില്‍ മൂന്നിലൊന്നും പ്രതിദിനം 2 ഡോളറില്‍ താഴെ വരുമാനത്തിലാണു കഴിയുന്നത്.




