Healthy Food

ശരീരഭാരം കുറയ്ക്കാം ; കലോറി കുറഞ്ഞ ഈ പാനീയങ്ങള്‍ കുടിയ്ക്കാം

അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങള്‍, വ്യായാമക്കുറവ്, സ്‌ട്രെസ്, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഡയറ്റും വ്യായാമവും എല്ലാം ഇതില്‍ പെടുന്നവയാണ്. എന്നാല്‍ മിക്കവര്‍ക്കും താല്പര്യം എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ തന്നെയാണ്. ആഹാരക്രമത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ശരീരഭാരം നന്നായി കുറയ്ക്കാന്‍ സാധിയ്ക്കും.

രാവിലെ എഴുന്നേല്‍ക്കുന്നത് മുതലുള്ള ശീലങ്ങളില്‍ മാറ്റം വരുത്തിയാല്‍ തന്നെ വളരെയധികം മാറ്റം തന്നെ ശരീരഭാരത്തില്‍ വരുത്തുവാന്‍ സാധിയ്ക്കും. രാവിലെ എഴുന്നേറ്റ ഉടനെ തന്നെ ചായ കുടിയ്ക്കുന്ന ശീലം പലര്‍ക്കും ഉണ്ട്. ചായയ്ക്ക് പകരം കലോറി കുറഞ്ഞ ചില പാനീയങ്ങള്‍ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ഗുണം ചെയ്യും. അത്തരത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന കലോറി കുറഞ്ഞ ചില പാനീയങ്ങള്‍ അറിഞ്ഞിരിക്കാം.

ഗ്രീന്‍ ടീ – ചായ കുടിക്കുന്ന ശീലം മാറ്റിയിട്ട് പകരം ഗ്രീന്‍ ടീ കുടിച്ചാല്‍ ഭാരം കുറയ്ക്കാനാവും. കൂടാതെ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാനും സഹായിക്കും. മെറ്റബോളിസം കൂട്ടാനും ഗ്രീന്‍ ടീ ഗുണകരമാണ്.

ഇഞ്ചിചായ – ഇഞ്ചിചായയും ശരീരഭാരം കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ദിവസവും ഇഞ്ചിയിട്ട ചായ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇത് ഗുണം ചെയ്യും

ജീരകം – ജീരകത്തിന്റെ പ്രാധാന്യം പറഞ്ഞാല്‍ തീരില്ല. കറികളിലാണ് നമ്മള്‍ പൊതുവായി ജീരകം ഉപയോഗിക്കുന്നത്. എന്നാല്‍ ജീരകമിട്ട വെള്ളം കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും വയര്‍ ചാടുന്നത് കുറയ്ക്കാനും സഹായിക്കും. ജീരകവെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ഭാരം കുറയ്ക്കാന്‍ വലിയ ഗുണം ചെയ്യും. ദഹന പ്രോട്ടീനുകളുടെ പ്രവര്‍ത്തനം വര്‍ധിപ്പിച്ച് ജീരകം ദഹനത്തെയും സഹായിക്കുന്നു.

നാരങ്ങാ വെള്ളം – നാരങ്ങാ വെള്ളവും വയര്‍ ചാടുന്ന പ്രശ്‌നത്തിന് പരിഹാരമാണ്. ചെറിയ ചൂടുവെള്ളത്തില്‍ ഏതാനും തുള്ളി നാരങ്ങാനീര് ചേര്‍ത്തു രാവിലെ കുടിക്കുകയാണ് വേണ്ടത്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഇത് സഹായിക്കും. നാരങ്ങയോടൊപ്പം തേനും ഇഞ്ചിയും കൂടി ചേര്‍ക്കുന്നതും ഗുണം ചെയ്യും. മധുരം നിര്‍ബന്ധമില്ലെങ്കില്‍ തേന്‍ ഒഴിവാക്കാം.