പശ്ചിമ ബംഗാളിലെ ബഹരംപൂരിലെ ഖാഗ്ര ശ്മശാനഘട്ട് ദുർഗ്ഗാ പൂജാ കമ്മിറ്റി ഒരുക്കിയ ദുർഗ്ഗാ പൂജാ പന്തലിലെ തനതായ പ്രമേയം സാമൂഹിക-രാഷ്ട്രീയ സന്ദേശങ്ങളുടെ സവിശേഷമായ ഒരു മിശ്രിതമാണ്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.
ഈ പ്രമേയം, യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ ‘അസുരനായി’ ചിത്രീകരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണുമായി ശക്തമായ ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിട്ടും, ട്രംപ് ഇന്ത്യയോട് കാണിച്ച ‘വഞ്ചനയാണ്’ ഈ ചിത്രീകരണം എന്ന് പന്തൽ അധികൃതർ അറിയിച്ചു.പ്രശസ്ത കലാകാരനായ അസിം പാൽ രൂപകൽപ്പന ചെയ്ത ഈ വിഗ്രഹം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇന്ത്യയുടെ സാമ്പത്തിക താൽപ്പര്യങ്ങൾക്ക് ഹാനികരമായ ഡൊണാൾഡ് ട്രംപിൻ്റെ മാറുന്ന വ്യാപാര നയങ്ങളാണ് ഈ പ്രമേയത്തിന് പിന്നിലെ പ്രചോദനം എന്ന് സംഘാടകരും പന്തൽ അധികൃതരും പറഞ്ഞു.
സംഘാടകർ എന്തുപറഞ്ഞു?
ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ, സംഘാടകരിൽ ഒരാളായ പ്രതീക് പറഞ്ഞത് ഇങ്ങനെയാണ്: “ഞങ്ങൾക്കുമേൽ അദ്ദേഹം ചുമത്തിയ അമ്പത് ശതമാനം തീരുവയ്ക്ക് (tariff) മറുപടിയായാണ് ഞങ്ങൾ ഈ വിഗ്രഹം നിർമ്മിച്ചത്. ഡൊണാൾഡ് ട്രംപിനെ സുഹൃത്തായി കണ്ട നമ്മുടെ മോദിയെ അദ്ദേഹം വഞ്ചിച്ചു. ഇത് പ്രതിഫലിപ്പിക്കാനാണ് ഞങ്ങൾ അദ്ദേഹത്തെ അസുരനായി ചിത്രീകരിച്ചിരിക്കുന്നത്.” ഉദ്ഘാടനം ചെയ്ത ഇന്നലെ മുതൽ ഞങ്ങളുടെ പ്രാദേശിക സമൂഹത്തിൽ നിന്നും അയൽക്കാരിൽ നിന്നും ശക്തമായതും ക്രിയാത്മകവുമായ പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യയെ പിന്നിൽ നിന്ന് വഞ്ചിച്ചതിനാൽ ഞങ്ങൾ അദ്ദേഹത്തെ ഒരു അസുരനായി കാണുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
നവരാത്രി 2025: ഉത്സവ ചൈതന്യവും സാമൂഹിക ലക്ഷ്യങ്ങളുമായി നവരാത്രിയും ദുർഗ്ഗാ പൂജയും
മുംബൈയിലെ ശിവാജി പാർക്കിൽ സ്ഥിതി ചെയ്യുന്ന, തങ്ങളുടെ 90-ാമത് ദുർഗ്ഗാ പൂജ ആഘോഷിക്കുന്ന ബംഗാൾ ക്ലബ്ബ്, ഈ ഉത്സവം ഇന്ത്യൻ സൈന്യം പാകിസ്ഥാനെതിരെ മെയ് മാസത്തിൽ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന ഭീകരവിരുദ്ധ ഓപ്പറേഷന് വേണ്ടി സമർപ്പിച്ചു. തിന്മയെ ചെറുക്കാനും കീഴടക്കാനുമുള്ള ഇന്ത്യൻ സൈനിക ശക്തിയുടെ കരുത്തും വീര്യവും പ്രദർശിപ്പിക്കുന്നതിനാണ് ഈ പന്തൽ ഒരുക്കുക.
ബംഗാളിൽ നിന്നുള്ള കരകൗശല വിദഗ്ധർ പാരിസ്ഥിതികമായി സുസ്ഥിരമായ വസ്തുക്കൾ ഉപയോഗിച്ച് 19 അടി ഉയരമുള്ള വിഗ്രഹം നിർമ്മിച്ചു, ഇത് നഗരത്തിലെ ഏറ്റവും ഉയരം കൂടിയ ദുർഗ്ഗാ വിഗ്രഹമാണ്. ബോളിവുഡ് ആർട്ട് ഡയറക്ടറായ നീലേഷ് ചൗധരി രൂപകൽപ്പന ചെയ്ത പന്തലിൽ ദേവിയുടെ വിഗ്രഹത്തിന്റെ പശ്ചാത്തലത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉണ്ടാകും. ബോളിവുഡ് സംഗീത സംവിധായകൻ അങ്കുർ തിവാരിയാണ് ഇതിനായുള്ള സൗണ്ട് ട്രാക്ക് തയ്യാറാക്കിയിരിക്കുന്നത്.




