വായയ്‌ക്കുള്ളില്‍ ഇടംപിടിക്കുന്ന ബാക്‌ടീരിയകള്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിനു കാരണമാകാമെന്നു ഗവേഷകര്‍. സങ്‌ക്യക്വാന്‍ സര്‍വകലാശാല സ്‌കൂള്‍ ഓഫ് മെഡിസിന്‍, സോള്‍ നാഷണല്‍ സര്‍വകലാശാല കോളജ് ഓഫ് മെഡിസിന്‍ എന്നിവിടങ്ങളിലെ ഗവേഷകരാണു ബാക്‌ടീരിയകളും പാര്‍ക്കിന്‍സണ്‍സ് രോഗവുമായുള്ള ബന്ധം കണ്ടെത്തിയത്.
വായയിലെ ബാക്‌ടീരിയകള്‍ കുടലില്‍ ഇടംപിടിക്കുന്നതാണ് അപകടമാകുക. അവിടെവച്ച് ബാക്‌ടീരിയകള്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന പദാര്‍ത്‌ഥങ്ങള്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ വികാസത്തിന് അനുയോജ്യമായ സാഹചര്യം സൃഷ്‌ടിക്കുമെന്നു ഗവേഷണ സംഘാംഗമായ പ്രഫ. ആറ കോഹും പറഞ്ഞു. ഗവേഷകരുടെ കണ്ടെത്തലുകള്‍ നേച്ചര്‍ കമ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിറയല്‍, ചലനം മന്ദീഭവിക്കല്‍ എന്നീ ലക്ഷണങ്ങളുള്ള ന്യൂറോളജിക്കല്‍ അസുഖമാണ് പാര്‍ക്കിന്‍സണ്‍സ്. 65 വയസിന് മുകളിലുള്ള ആഗോള ജനസംഖ്യയുടെ ഏകദേശം 1-2% പേരെ അതു ബാധിക്കുന്നു.
പാര്‍ക്കിന്‍സണ്‍സ് രോഗികളുടെ കുടലില്‍ സ്‌ട്രെപ്‌റ്റോകോക്കസ് എന്ന ബാക്‌ടീരിയ കൂടുതലായി കാണപ്പെടുന്നു എന്ന കണ്ടെത്തലാണു ഗവേഷണത്തില്‍ വഴിത്തിരിവായത്. വായയ്‌ക്കുള്ളില്‍ അവ പല്ലുകളുടെ നാശത്തിനു കാരണമാകും. സ്‌ട്രെപ്‌റ്റോകോക്കസിന്റെ എസ് വകഭേദമാണു കൂടുതല്‍ അപകടകാരി. അവ യുറോകാനേറ്റ് റിഡക്‌ടേസ് (യുആര്‍ഡിഎ) എന്ന എന്‍സൈമും ഇമിഡസോള്‍ പ്രപ്പിയോണേറ്റും ഉത്‌പാദിപ്പിക്കുന്നു. ഇവ രണ്ടും രോഗികളുടെ കുടലിലും രക്‌തത്തിലും ഉയര്‍ന്ന അളവില്‍ കണ്ടെത്തി. അവ രക്‌തം വഴി തലച്ചോറിലെത്തും.
അതുവഴി മസ്‌തിഷ്‌കത്തിലെ ഡോപമൈനെര്‍ജിക് ന്യൂറോണുകളുടെ നഷ്‌ടത്തിന് കാരണമാകുന്നു. അതു പാര്‍ക്കിന്‍സണ്‍സില്‍ കലാശിക്കും. എലികളില്‍ നടത്തിയ പരീക്ഷണം ഈ നിഗമനങ്ങളെ ശരിവച്ചു. കണ്ടെത്തല്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് പുതിയ ചികിത്‌സാ തന്ത്രങ്ങള്‍ തയാറാക്കാന്‍ സഹായിക്കുമെന്നു ഗവേഷകര്‍ അറിയിച്ചു.




