ആത്മഹത്യ ചെയ്ത വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ കുടിശിക കെപിസിസി അടച്ചു തീര്‍ത്തു. ബത്തേരി അർബൻ സഹകരണ ബാങ്കിലെ 63 ലക്ഷം രൂപയാണ് കെപിസിസി നേതൃത്വം ഇടപെട്ട് അടച്ചത്. എൻ എം വിജയന്റെ കുടുംബം കടം തീർക്കാത്തതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു.
കുടുംബവുമായി ഉണ്ടായിരുന്ന കരാർ പ്രകാരമാണ് 58 ലക്ഷം രൂപ ബാങ്കിൽ അടച്ചത്. നേരത്തെ 30 ലക്ഷം രൂപയുടെ ബാധ്യത കോൺഗ്രസ് തീർത്തിരുന്നു.സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 10 ലക്ഷം രൂപ നൽകി ബാധ്യതയും തീർത്തിരുന്നു.
കോൺഗ്രസ് നേതൃത്വം നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ച് മരുമകള്‍ പത്മജ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിക്കുകയും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. “ഇനി കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല” എന്നും കുടുംബം പ്രതികരിച്ചിരുന്നു. സെപ്റ്റംബർ 30 നുള്ളിൽ തന്നെ അർബൻ ബാങ്കിലെ ബാധ്യത തീർക്കണമെന്നും അല്ലാത്തപക്ഷം ഒക്ടോബർ 2 ന് ഡിസിസിക്ക് മുൻപിൽ സത്യാഗ്രഹം ഇരിക്കുമെന്നുമായിരുന്നു പത്മജയുടെ നിലപാട്.
ഈ വിഷയം സിപിഎം ഏറ്റെടുക്കുകയും വലിയ രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട കുടുംബത്തിന് പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചിരുന്നു. 2007-ൽ 40 ലക്ഷം രൂപയായിരുന്ന കടം പിഴപ്പലിശയടക്കം 69 ലക്ഷമായി ഉയർന്നിരുന്നു. ഇത് സെറ്റിൽമെന്റിലൂടെ 63 ലക്ഷമാക്കി കുറച്ചാണ് ഇപ്പോൾ അടച്ചിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കെപിസിസിയുടെ ഈ അടിയന്തര നടപടി.
അതേസമയം, കോണ്‍ഗ്രസ് നീതി നല്‍കാന്‍ വൈകിയെന്ന് എന്‍.എം.വിജയന്‍റെ മരുമകള്‍ പത്മജ പറഞ്ഞു. കടം അടച്ചുതീര്‍ത്തതായി വിവരം ലഭിച്ചിട്ടില്ല. ജീവിതം പഠിപ്പിച്ച പാഠങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്നും പത്മജ പറഞ്ഞു.




