ഭൂട്ടാനില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഇന്ത്യയിലെത്തിച്ച് നികുതി വെട്ടിച്ച് വില്‍ക്കുന്ന റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി മലയാളസിനിമാതാരങ്ങളുടെ വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. ദുല്‍ഖര്‍ സല്‍മാന്‍റെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്‍റെ തേവരയിലെ വീട്ടിലും കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് സംഘം പരിശോധന നടത്തുകയാണ്. ‘ഓപ്പറേഷന്‍ നുംഖോര്‍’ എന്ന പേരിലാണ് പരിശോധന. കേരളത്തില്‍ മുപ്പതിടങ്ങളില്‍ ഇത്തരത്തില്‍ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം.
രാജ്യവ്യാപകമായി കസ്റ്റംസ് നടത്തുന്ന ഓപ്പറേഷന്‍ നുംകൂറിന്‍റെ ഭാഗമായി നികുതിവെട്ടിച്ച് കടത്തുന്ന വാഹനങ്ങള്‍ വാങ്ങിയവരുടെ പട്ടിക തയാറാക്കിയിരുന്നു. ഇതനുസരിച്ചാണ് വിപുലമായ പരിശോധന നടത്തുന്നത്.
നടന്മാരുടെ വീടുകളിലടക്കം കേരളത്തിൽ മുപ്പതിടങ്ങളിലാണ് കസ്റ്റംസ് ഇന്ന് പരിശോധന നടത്തുന്നത്. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് സംഘം എത്തിയെങ്കിലും അവിടെ വാഹനങ്ങൾ ഇല്ലാത്തതിനാൽ പരിശോധന നടത്താതെ മടങ്ങിപ്പോകുകയായിരുന്നു.
ഭൂട്ടാനിൽ നിന്നുകൊണ്ടുവരുന്ന വാഹനങ്ങൾ പഴയ വാഹനങ്ങൾ എന്ന പേരിൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിക്കുന്നു എന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തൽ. 150 കാറുകളാണ് നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയത് എന്നാണ് വിവരം. അതില്‍ 20 എണ്ണം കേരളത്തിലാണ്. വിദേശത്ത് നിന്ന് ആഡംബര വാഹനങ്ങൾ ഭൂട്ടാനിലേക്ക് ഇറക്കുമതി ചെയ്യുമ്പോൾ ചില ഇളവുകളുണ്ട്. ഈ വാഹനങ്ങൾ ഭൂട്ടാനിൽ വ്യാജ മേൽവിലാസം ഉണ്ടാക്കി അവിടെ രജിസ്റ്റർ ചെയ്യുകയും ഭൂട്ടാനിൽ നിന്നുള്ള വാഹനങ്ങൾ ആദ്യം ഹിമാചലിൽ രജിസ്റ്റർ ചെയ്യും. അവിടെ നിന്ന് ഇന്ത്യയിലെ പല ഭാഗത്തായി എത്തിക്കുന്നതാണ് രീതി. പീന്നീട് നമ്പർ മാറ്റും എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത്തരത്തില്‍ വാഹനങ്ങൾ എത്തിക്കാൻ ഇന്ത്യയിൽ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. ഈ ഏജന്റുമാരെ കേന്ദ്രീകരിച്ചുള്ള കസ്റ്റംസ് അന്വേഷണത്തിലാണ് ഉപഭോക്താക്കൾ ആരൊക്കെയാണെന്ന് കണ്ടെത്തിയത്. ഇവരിൽ പ്രമുഖ സിനിമാ താരങ്ങൾ, വ്യവസായികൾ എന്നിവർ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം.




