നിങ്ങളുടെ ഹൃദയത്തില്‍ ഒരു ആഗ്രഹമുണ്ടെങ്കില്‍, അതിനായി രാവും പകലും അധ്വാനിക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍, എന്തും സാധ്യമാണ്. ഡല്‍ഹിയിലെ രണ്ട് സുഹൃത്തുക്കളുടെ വിജയകഥ അതാണ് പറയുന്നത്. പാല്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ദൈനംദിന അവശ്യവസ്തുക്കള്‍ നേരിട്ട് ഉപഭോക്താവിന്റെ വീട്ടുവാതില്‍ക്കല്‍ എത്തിക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പാണ് കണ്‍ട്രി ഡിലൈറ്റ് .
ഐഐഎം ബിരുദധാരികളും സുഹൃത്തുക്കളുമായ ചക്രധര്‍ ഗഡെയും നിതിന്‍ കൗശലും ചേര്‍ന്ന് 50 പശുക്കളെ വാങ്ങി തുടങ്ങിയ ബിസിനസ് ഇപ്പോള്‍ കോടികളുടെ വരുമാനത്തില്‍ എത്തി നില്‍ക്കുകയാണ്. പശുക്കളെ പരിപാലിക്കുന്നത് മുതല്‍ പാല്‍, വിതരണ ശൃംഖല മാനേജ്‌മെന്റ് തുടങ്ങിയ എല്ല കാര്യങ്ങളിലും ഒരുമിച്ചുള്ള അദ്ധ്വാനം. സമര്‍പ്പണവും, പരമാവധി ശ്രദ്ധയും കഠിനാധ്വാനവും ഏറെ ആവശ്യമായ ക്ഷീര ബിസിനസ്സ് ബുദ്ധിമുട്ടായിരുന്നു.
ഡല്‍ഹിയില്‍ പ്രതിദിനം 7 ദശലക്ഷം ലിറ്റര്‍ പാല്‍ ഉപഭോഗമുണ്ടായിരുന്ന കാലത്ത് അവര്‍ പ്രതിദിനം 1,00,000 ലിറ്റര്‍ പാല്‍ വില്‍ക്കാന്‍ ആഗ്രഹിച്ചു. അത് കഠിനമായ ഒരു ലക്ഷ്യം തന്നെയായിരുന്നു. രണ്ട് സുഹൃത്തുക്കളും സ്ഥിരോത്സാഹത്തോടെ പാല്‍ ബിസിനസില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പ്രകൃതി ദത്തവും പുതിയതുമായ ഭക്ഷണങ്ങള്‍ നല്‍കുന്ന ഒരു ബ്രാന്‍ഡായി കണ്‍ട്രി ഡിലൈറ്റ് പരിണമിച്ചിരിക്കുന്നു.
ഗഡെയും കൗശലും വിജയകരമായ സംരംഭകരാകുന്നതിന് മുമ്പ്, ഇരുവരും കോര്‍പ്പറേറ്റ് ലോകത്തായിരുന്നു. കോര്‍പ്പറേറ്റ് മേഖലയിലെ സ്ഥിരമായ ജോലികളില്‍ നിന്ന് സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാനുള്ള അവരുടെ തീരുമാനം ഒരു റിസ്‌ക് ആയിരുന്നു.
ചക്രധര്‍ ഗഡെ ഇന്‍ഡോറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ (ഐഐഎം) പഠനം പൂര്‍ത്തിയാക്കി കോര്‍പ്പറേറ്റ് ലോകത്ത് തന്റെ പ്രൊഫഷണല്‍ ജീവിതം ആരംഭിച്ചു. ഇന്‍ഫോസിസില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി അദ്ദേഹം ഒരു വര്‍ഷം ജോലി ചെയ്ത ശേഷമാണ് ബിസിനസിലേക്ക് ഇറങ്ങിയത്. ഇന്‍ഡ്എക്‌സ് ക്യാപിറ്റല്‍ മാനേജ്മെന്റില്‍ ആയിരുന്നു ഗഡെ. അവിടെ അദ്ദേഹം വൈസ് പ്രസിഡന്റായിരുന്നു. 2013 ല്‍, ഗഡെ തന്റെ ഉയര്‍ന്ന ശമ്പളമുള്ള കോര്‍പ്പറേറ്റ് തൊഴില്‍ ഉപേക്ഷിച്ച് സംരംഭകത്വം തുടങ്ങാന്‍ ധീരമായ തീരുമാനമെടുത്തു.




