Featured Sports

ഞാനും വിരമിക്കും; തന്റെ ഫുട്‌ബോള്‍ റിട്ടയര്‍മെന്റ് പ്ലാനിനെക്കുറിച്ച് മെസ്സി തന്നെ പറയുന്നു

അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവായ നായകന്‍ ലയണല്‍ മെസ്സി ഒടുവില്‍ താന്‍ വിരമിക്കലിനെക്കുറിച്ച് തുറന്നു പറഞ്ഞു. ഇപ്പോള്‍ അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍മയാമിക്കായി കളിക്കുന്ന താരം എപ്പോള്‍ വിരമിക്കുമെന്നും ഏതായിരിക്കും തന്റെ അവസാന ക്ലബ്ബെന്നും വെളിപ്പെടുത്തുന്നു.

ഈ സമ്മറിലായിരുന്നു മെസ്സി മേജര്‍ ലീഗ് സോക്കര്‍ ടീമായ ഇന്റര്‍ മിയാമിയിലേക്ക് മാറിയത്. 2025 വരെയാണ് മെസ്സിയുടെ നിലവിലെ ഇന്റര്‍ മിയാമി കരാര്‍. ഏഴ് തവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം പക്ഷേ അമേരിക്കയില്‍ നിന്ന് വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എല്‍ നാഷനലിനോട് പറഞ്ഞു. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം ഇന്റര്‍ മിയാമി വിടുന്ന താരം ജന്മനാടായ അര്‍ജന്റീനയിലെ റൊസാരിയോയിലുള്ള തന്റെ ബാല്യകാല ക്ലബ്ബായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സില്‍ കളിച്ച് കളി അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

കരിയറിന്റെ പ്രാരംഭ ഘട്ടം ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സില്‍ ചെലവഴിച്ച മെസ്സി അവിടെ നിന്നുമാണ് കാറ്റാലന്‍ വമ്പന്‍മാരായ ബാഴ്സലോണയ്ക്കായി സൈന്‍ ചെയ്തത്. സ്പെയിനിലേക്ക് പോകാനുള്ള ശ്രമത്തില്‍ മെസ്സിക്ക് 13-ാം വയസ്സില്‍ അര്‍ജന്റീനിയന്‍ ക്ലബ് വിടേണ്ടി വന്നു. 20 വര്‍ഷം ബാഴ്സലോണയില്‍ ചെലവഴിച്ച മെസ്സി ക്ലബ്ബിന്റെ ഇതിഹാസങ്ങളില്‍ ഒരാളായി മാറി.

ബാഴ്സലോണയില്‍ 778 മത്സരങ്ങളില്‍ നിന്ന് 672 ഗോളുകള്‍ നേടിയ മെസ്സി ക്ലബ്ബിന്റെ റെക്കോര്‍ഡ് ഹോള്‍ഡറും ടോപ് സ്‌കോററും ആയി. ബാഴ്സലോണ ജേഴ്സിയില്‍ നാല് ചാമ്പ്യന്‍സ് ലീഗും 11 ലാലിഗ കിരീടങ്ങളും അദ്ദേഹം നേടി. 2021-ല്‍ ബാഴ്സലോണയില്‍ നിന്നും പാരീസ് സെന്റ് ജെര്‍മെയ്നിലേക്ക് പോയി. അവിടെ കരാര്‍ അവസാനിച്ചതോടെയാണ് അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മിയാമിയില്‍ എത്തിയത്.