Health

മധുര പ്രിയരേ സൂക്ഷിക്കുക; ഭക്ഷണത്തിലെ കൃത്രിമ മധുരം ചെറുകുടലിനെ ബാധിക്കുമെന്ന് പഠന റിപ്പോർട്ട്

മധുരപ്രിയരെ കുഴപ്പത്തിലാക്കുന്ന ഒരു പഠന റിപ്പോര്‍ട്ടാണ് ശ്രദ്ധേയമാകുന്നത്. ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് മോളിക്യൂലാര്‍ സയന്‍സസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം മധുര പലഹാരങ്ങളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന കൃത്രിമ മധുരം ചെറുകുടലിലെ സ്വാഭാവിക ബാക്റ്റീരിയകളെ നശിപ്പിക്കുമെന്നും അത് ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് വ്യക്തമാക്കുന്നത്. കുടല്‍ഭിത്തി ഭേദിച്ച് പുറത്തു കടക്കുന്ന ബാക്റ്റീരിയകള്‍ രക്തത്തിലേക്ക് പ്രവേശിക്കുകയും ലിംഫ് നോഡുകള്‍, കരള്‍, പ്ലീഹ എന്നിവിടങ്ങളില്‍ ഒന്നിച്ചു കൂടുകയും അത് സെപ്റ്റിസീമിയ ഉള്‍പ്പെടെയുള്ള ഗുരുതരമായ നിരവധി അണുബാധകള്‍ക്ക് കാരണമാവുകയും ചെയ്യും.

” കൃത്രിമ മധുരം കഴിക്കുന്നത് സംബന്ധിച്ച ആശങ്ക വര്‍ദ്ധിക്കുകയാണ്. ചെറുകുടലിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ബാക്റ്റീരിയകളെ ഇവ ബാധിക്കുന്നതായി പഠനത്തില്‍ തെളിഞ്ഞിരിക്കുന്നു. ഈ ബാക്റ്റീരിയകളിലുണ്ടാകുന്ന മാറ്റങ്ങള്‍ നമ്മുടെ കുടലിനെ ദോഷകരമായി ബാധിക്കാന്‍ ഇടയാക്കുന്നു. അത് അണുബാധ, സെപ്‌സിസ്, അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കല്‍ എന്നിവയ്ക്ക് കാരണമായേക്കാം.” – എ ആര്‍ യുവിലെ ബയോമെഡിക്കല്‍ സയന്‍സസ് വിഭാഗത്തിലെ ഹാവോവി ചിച്ഗര്‍ പറയുന്നു.

ശീതളപാനീയങ്ങള്‍, കാന്‍ഡി, മിഠായി, മരുന്നുകള്‍ എന്നിവയ്ക്ക് മധുരം നല്‍കാന്‍ ഉപയോഗിക്കുന്ന സാക്കറിന് സൂക്രോസിനെ അപേക്ഷിച്ച് നാനൂറ് മടങ്ങ് വരെ കൂടുതല്‍ മധുരം നല്‍കാനുള്ള ശേഷിയുണ്ട്. കൃത്രിമ മധുരം ചെറുകുടലിലെ ബാക്റ്റീരിയകളെ രോഗകാരികളാക്കി മാറ്റാനുള്ള ശേഷിയുമുണ്ടെന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്. രോഗകാരികളായി മാറുന്ന ഈ ബാക്റ്റീരിയകള്‍ക്ക് കുടലിന്റെ ഭിത്തിയിലെ എപ്പിത്തീലിയല്‍ കോശങ്ങളായ കാക്കോ-2 കോശങ്ങളെ നശിപ്പിക്കാന്‍ കഴിയും.

സോഫ്റ്റ് ഡ്രിങ്കുകളിലും മറ്റും അടങ്ങിയിട്ടുള്ള കൃത്രിമ മധുരം ഇ. കോളി, ഇ. ഫേക്കലിസ് എന്നീ ബാക്റ്റീരിയകളെ കാക്കോ-2 കോശങ്ങളുമായി കൂടുതല്‍ അടുപ്പിക്കുന്നതായി ഈ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി ബയോഫിലിമുകളുടെ രൂപീകരണവും വര്‍ദ്ധിക്കുന്നു. ബയോഫിലിമുകളില്‍ വളരുന്ന ബാക്റ്റീരിയകള്‍ക്ക് ആന്റി മൈക്രോബിയല്‍ ചികിത്സയോടുള്ള പ്രതികരണം കുറവായിരിക്കും. അതിനാല്‍ അവ വിഷവസ്തുക്കളെയും രോഗകാരികളായ മറ്റു ഘടകങ്ങളെയും പുറന്തള്ളുന്നു. ഈ തന്മാത്രകള്‍ക്ക് മനുഷ്യശരീരത്തില്‍ രോഗമുണ്ടാക്കുന്നുവെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.