Good News

‘മഹാമാരിക്കാലത്തും അവൻ എന്നെ കാണാൻവന്നു’; ഇന്ത്യൻ യുവാവുമായുള്ള പ്രണയകഥ പങ്കുവച്ച് ബ്രസീലിയൻ യുവതി

ഇന്ത്യയിലെ യുവാവും ബ്രസീലിലെ യുവതിയും തമ്മിലുള്ള വിവാഹമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. വെറും വിവാഹമല്ല, പ്രണയവിവാഹം. ബ്രസീലിയൻ യുവതി തങ്ങളുടെ പ്രണയത്തിന്റെയും, വിവാഹത്തിന്റെയും, രണ്ടു സംസ്കാരങ്ങളുടെ സംയോജനത്തിന്റെയും ഹൃദയസ്പർശിയായ കഥ വെളിപ്പെടുത്തി. ഗുജറാത്തി ഭർത്താവുമൊത്തുള്ള യാത്രയും തൈന ഷാ എന്ന യുവതി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചു. സാംസ്‌കാരിക വൈവിധ്യമുള്ള പ്രണയകഥ തങ്ങള്‍ പങ്കുവെക്കുന്നു എന്നാണ് പോസ്റ്റില്‍ ടൈന പറയുന്നത്.

‘ഞങ്ങളുടെ പ്രണയകഥ. ഞാന്‍ ബ്രസീലില്‍ നിന്നാണ്. അവന്‍ ഇന്ത്യയില്‍ നിന്നും. ജീവിതം ഞങ്ങളെ ഓണ്‍ലൈനില്‍ ഒന്നിപ്പിച്ചത് 2020-ലാണ്. കോവിഡ് മഹാമാരിയുടെ കാലത്ത്, വാക്‌സിന്‍ പോലും എത്തുന്നതിന് മുമ്പ് അവന്‍ ബ്രസീലിലേക്ക് യാത്ര ചെയ്തു, എന്നെ കാണാന്‍.’ -ടൈന പറഞ്ഞു.

‘അങ്ങനെ ഞങ്ങള്‍ പ്രണയത്തിലായി. തമ്മില്‍ കണ്ട് വെറും അഞ്ച് മാസങ്ങള്‍ക്കിപ്പുറം ഞങ്ങള്‍ വിവാഹിതരായി. മഹാമാരിയുടെ കാലത്ത് ബ്രസീലില്‍ വെച്ച് ഞങ്ങള്‍ ഞങ്ങളുടെ വിവാഹം ആഘോഷമാക്കി. അവന്റെ കുടുംബം ഞങ്ങളുടെ പ്രണയത്തെ തുടക്കം മുതല്‍ തന്നെ ആശീര്‍വദിച്ചു. ഒപ്പം എന്റെ കുടുംബവും. അച്ഛന്‍, അമ്മ, സഹോദരന്‍ എല്ലാവരും.’ -ടൈന തുടര്‍ന്നു.

‘ഞങ്ങള്‍ വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നുള്ളവരാണ്. എന്നാല്‍ ഞങ്ങളുടെ മൂല്യങ്ങള്‍ ഒന്നുതന്നെയാണ്. ഞങ്ങളുടെ പ്രണയവും പരസ്പരബഹുമാനവുമെല്ലാം ഓരോദിവസവും ശക്തിപ്പെടുകയാണ്. ഞങ്ങളെ ഒന്നിപ്പിച്ചതിന് പ്രപഞ്ചത്തിന് നന്ദി.’ -ടൈന പറഞ്ഞുനിര്‍ത്തി.

ടൈനയുടെ പോസ്റ്റ് വൈറലായതോടെ ഒട്ടേറെ പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് കമന്റ് ചെയ്തത്. ‘പ്രണയം പ്രണയം തന്നെയാണ്. എത്ര അകലെയാണെന്നത് അവിടെ വിഷയമല്ല. ആശംസകള്‍’ -ഒരാള്‍ കുറിച്ചു. ‘മനോഹരമായ പ്രണയകഥ. ഓരോവര്‍ഷം കഴിയുമ്പോഴും നിങ്ങളുടെ സ്‌നേഹം വളരട്ടെ’ എന്നായിരുന്നു മറ്റൊരു കമന്റ്.

മറ്റൊരാൾ പറഞ്ഞു: “കുടുംബ മൂല്യങ്ങൾ, വിശ്വാസം, പ്രതിബദ്ധത, നൃത്തം എന്നിങ്ങനെ രണ്ട് സംസ്കാരങ്ങൾക്കും ഒരുപാട് സാമ്യങ്ങളുണ്ട്. ഈ മനോഹരവും സന്തോഷവുമുള്ള ദമ്പതികളെ കാണുന്നത് നല്ലതാണ്.”