ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ കഴിഞ്ഞ ദിവസമാണ് ഹൈദരബാദില്‍ 24കാരി ജീവനൊടുക്കിയത്. സ്വകാര്യ കോളേജിലെ അധ്യാപികയായ ശ്രീവിദ്യയാണ് ആത്മഹത്യ ചെയ്തത്. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ കലവപമുല ഗ്രാമത്തിലാണ് ദാരുണ സംഭവം. ആറുമാസം മുന്‍പായിരുന്നു രാം ബാബു എന്നയാളുമായി ശ്രീവിദ്യയുടെ വിവാഹം. വില്ലേജ് സര്‍വേയറാണ് ഭര്‍ത്താവ് രാം ബാബു.
വിവാഹം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോള്‍ മുതല്‍ രാംബാബുവില്‍നിന്ന് പീഡനം അനുഭവിക്കേണ്ടി വന്നിരുന്നതായി തന്റെ ഇളയ സഹോദരനെ അഭിസംബോധന ചെയ്ത ഹൃദയഭേദകമായ ഒരു കുറിപ്പില്‍ ശ്രീവിദ്യ പറയുന്നു. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന രാം ബാബു, ശാരീരികമായി ഉപദ്രവിച്ചിരുന്നതായി ശ്രീവിദ്യ പറയുന്നു. കടുത്ത ലൈംഗിക വൈകൃതത്തിന് തന്നെ ഇയാള്‍ ഇരയാക്കിയതായും പരാതിയിലുണ്ട്.
മദ്യപിച്ചതിന് ശേഷം ഭിത്തിയില്‍ ശ്രീവിദ്യയുടെ തലയിടിപ്പിച്ച് രസിച്ചിരുന്നതായും മറ്റൊരു സ്ത്രീയുടെ മുന്നില്‍ വച്ച് ഒന്നിനും കൊള്ളാത്തവളെന്ന് പരിഹസിച്ചതായും കണ്ണീരോടെ ശ്രീവിദ്യ എഴുതുന്നു. തല ഇടിപ്പിക്കുകയും മുതുകില്‍ ഇടിക്കുകയും ചെയ്തിരുന്നെന്നും പണം ആവശ്യപ്പെടുകയും ചെയ്തുവെന്നും ശ്രീവിദ്യയുടെ കുറിപ്പിലുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ശ്രീവിദ്യയുടെ കുടുംബം രാം ബാബുവിന്റെ വീട്ടുകാര്‍ക്കെതിരെയും പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. വുയ്യുരു പോലീസ് സംശയാസ്പദമായ മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും രാംബാബുവിനെയും കുടുംബാംഗങ്ങളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.




