ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിനിടെ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിന്റെ ക്യാച്ചെടുത്തശേഷം സംഭവിച്ച പിഴവില്‍ മുഹമ്മദ് സിറാജിനെ ആശ്വസിപ്പിച്ച് പ്രസിദ്ധ് കൃഷ്ണ. പ്രസിദ്ധ് കൃഷ്‌ണ എറിഞ്ഞ 35-ാം ഓവറിലാണു സംഭവം. ഹാരി ബ്രൂക്കിന്റെ പുള്‍ ഷോട്ട് സിറാജ് അനായാസം കൈയിലൊതുക്കി. ശരീര നിയന്ത്രണം നഷ്‌ടപ്പെട്ട സിറാജിന്റെ കാല്‍ റോപിന്റെ മുകളിലായിരുന്നു. അതോടെ അനായാസം ലഭിക്കേണ്ട വിക്കറ്റും പോയി ഒരു സിക്‌സര്‍ വെറുതേ വഴങ്ങേണ്ടിയും വന്നു.
പ്രസിദ്ധ കൃഷ്‌ണയും സംഘവും വിക്കറ്റ് നേടിയ ആഹ്‌ളാദം തുടങ്ങിയ ശേഷമാണു സിറാജിന്റെ മണ്ടത്തരം മനസിലാക്കിയത്. ഈസമയം, വ്യക്തിഗത സ്‌കോര്‍ 19 റണ്‍സ് മാത്രമുണ്ടായിരുന്ന ബ്രൂക്ക് സെഞ്ചുറി നേടിയാണ് പുറത്തായത്. 98 പന്തില്‍നിന്ന് രണ്ടു സിക്സും 14 ഫോറുമടക്കം 111 റണ്‍സെടുത്ത ബ്രൂക്ക് മത്സരത്തിലെ ഇന്ത്യയുടെ സാധ്യതകളെ തല്ലിക്കെടുത്തിയാണ് പുറത്തായത്.
ഇതിനുശേഷം ഉച്ചഭക്ഷണ ഇടവേളയ്ക്കായി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രസിദ്ധ് സിറാജിനെ ആശ്വസിപ്പിച്ചത്. തനിക്ക് സംഭവിച്ച പിഴവില്‍ സിറാജ്, പ്രസിദ്ധിനോട് ക്ഷമാപണം നടത്തുന്നതായി കാണാമായിരുന്നു. എന്നാല്‍, ഊഷ്മളമായ ഒരു ആലിംഗനത്തിലൂടെയായിരുന്നു പ്രസിദ്ധ് മറുപടിനല്‍കിയത്.
രണ്ടാം ഇന്നിങ്‌സിലെ ബൗളിങ്ങിലൂടെ സിറാജ് രാജ്യാന്തര ക്രിക്കറ്റില്‍ 200 വിക്കറ്റുകള്‍ കുറിച്ചു. ഹാരി ബ്രൂക്ക് 111 റണ്ണെടുത്താണു പുറത്തായത്. ആകാശ്‌ദീപ് എറിഞ്ഞ 63-ാം ഓവറില്‍ സിറാജ് തന്നെയാണ് ബ്രൂക്കിന്റെ ക്യാച്ചെടുത്തത്.




