Crime

തമിഴ്‌നാട്ടില്‍ ദുരഭിമാനകൊല? 27 കാരനായ ദളിത് യുവാവിനെ 21 കാരന്‍ വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ ദുരഭിമാനകൊലയെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തില്‍ ഐടി പ്രൊഫഷണലായ ദളിത് യുവാവിനെ സബ് ഇന്‍സ്‌പെക്ടര്‍ ദമ്പതിമാരുടെ മകന്‍ വെ്ട്ടിക്കൊന്നു. ജാതി അടിസ്ഥാനമാക്കിയുള്ള കുറ്റകൃത്യമെന്ന് വിശേഷിപ്പിക്കപ്പെട്ട സംഭവത്തില്‍ 27 കാരനും സോഫ്റ്റ്‌വേര്‍ എഞ്ചിനീയറുമായ കാവിന്‍ സെല്‍വ ഗണേഷ് എന്ന യുവാവാണ് മരണമടഞ്ഞത്. പട്ടാപ്പകല്‍ സെല്‍വ ഗണേഷിനെ ആക്രമിച്ച സുര്‍ജിത്ത് എന്ന 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തില്‍ പ്രേരണാകുറ്റത്തില്‍ എസ്‌ഐ ദമ്പതികളെയും പ്രതികളാക്കി.

കാവില്‍ ഗണേഷ് ദീര്‍ഘകാലമായി പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ സഹോദരനാണ് സുര്‍ജിത്തെന്ന് കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച പട്ടാപ്പകല്‍ തിരുനെല്‍വേലിയിലെ കെടിസി നഗറിലെ ഒരു സ്വകാര്യ സിദ്ധ ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം. കവിനെ ആക്രമിച്ചതിന് പിന്നാലെ സുര്‍ജിത്ത് പോലീസില്‍ കീഴടങ്ങുകയും ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍മാരായ ശരവണന്‍, കൃഷ്ണകുമാരി എന്നിവരുടെ മകനാണ് സുര്‍ജിത്. കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിനും കവിനെ ഭീഷണിപ്പെടുത്തിയതിനും കേസില്‍ ഇന്‍സ്‌പെക്ടര്‍ ദമ്പതികളെയും പ്രതിചേര്‍ത്തു.

ദളിത് വിഭാഗത്തില്‍ പെടുന്ന എഞ്ചിനീയറിംഗ് ബിരുദധാരിയുമായ കവിന്‍, സ്‌കൂള്‍ കാലം മുതല്‍ സുര്‍ജിതിന്റെ സഹോദരി സുബാഷിനിയുമായി ബന്ധം പുലര്‍ത്തിയിരുന്നു. അവരുടെ ബന്ധം സൗഹാര്‍ദ്ദപരമായിരുന്നുവെന്ന് സ്രോതസ്സുകള്‍ പറയുന്നു. എന്നാല്‍ ഏറ്റവും പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ത്രീയുടെ കുടുംബത്തില്‍ നിന്ന് വര്‍ദ്ധിച്ചുവരുന്ന ശത്രുത അവര്‍ നേരിട്ടിരുന്നു. പട്ടികജാതി (എസ്സി) വിഭാഗത്തില്‍പ്പെട്ട കവിന്റെ കുടുംബം പറയുന്നത്, തങ്ങള്‍ക്ക് നിരവധി തവണ ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ്.

ഞായറാഴ്ച, കെ.ടി.സി നഗറില്‍ അസുഖമായി കിടക്കുന്ന തന്റെ മുത്തച്ഛനെ കാണാന്‍ പോകുമ്പോള്‍ കാവിന്‍ സുബാഷിണിയെയും കാണാന്‍ പോയിരുന്നു. അവിടെ വെച്ച് സുര്‍ജിത്ത് അദ്ദേഹത്തെ സമീപിച്ച് അവരുടെ മാതാപിതാക്കള്‍ക്ക് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒരു ഇരുചക്രവാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. ഇടയ്ക്ക് വെച്ച് വാഹനം നിര്‍ത്തി മറ്റൊരു ജാതിയില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ പ്രണയിക്കാന്‍ എങ്ങനെ ധൈര്യം വന്നെന്ന് ചോദിച്ച് തന്റെ പുറകില്‍ ഒളിപ്പിച്ച അരിവാള്‍ പുറത്തെടുത്ത് കവിനെ പലതവണ ആക്രമിച്ചു. കവിന്‍ രക്ഷപ്പെടാന്‍ ഓടിയെങ്കിലും പിന്നാലെ ആശുപത്രിയില്‍ നിന്ന് കഷ്ടിച്ച് 200 മീറ്റര്‍ അകലെ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.

കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്, ഇരയുടെ മൃതദേഹം തിരുനെല്‍വേലി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. കാവിന്റെ മൃതദേഹം സ്വീകരിക്കാന്‍ കുടുംബം വിസമ്മതിക്കുകയും കൊലപാതകത്തില്‍ നിര്‍ണായക പങ്കുണ്ടെന്ന് ആരോപിക്കുന്ന സുര്‍ജിത്തിന്റെ മാതാപിതാക്കള്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെടുകയും ചെയ്യുകയാണ്.