വിവാഹം കഴിച്ചതിന്റെ പിറ്റേന്ന് ഭര്‍ത്താവ് കാന്‍സര്‍ ബാധിച്ച് മരിച്ചതോടെ ഭാര്യയ്ക്ക് ലഭിച്ചത് വന്‍സ്വത്തുക്കള്‍ ! ജോസഫ് ഗ്രോഗന്‍ എന്നയാളുടെ വിധവയായ ലിസ ഫ്ലാഹെര്ട്ടിക്കാണ് 4.7 മില്യണ്‍ പൗണ്ട് (6.3 മില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ 54 കോടി രൂപ) വിലമതിക്കുന്ന 220 ഏക്കര്‍ കൃഷിയിടം അവകാശമായി ലഭിച്ചത്. ഇതോടെ ലിസയ്ക്കെതിരേ അത്യാഗ്രഹി എന്ന ആരോപണവും ഉയര്‍ന്നിരിക്കുകയാണ്.
സമ്പന്നനായ ഭൂവുടമയുടെ പണത്തിലും സ്വത്തിലും കണ്ണുവെച്ചിരുന്ന ഒരുവളായിട്ടാണ് ലിസയ്ക്ക് എതിരേ ആരോപണം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ അവരുടെ സുഹൃത്തുക്കള്‍ അവരുടെ ഭാഗം വാദിക്കാനായി രംഗത്തെത്തി. ദമ്പതികള്‍ പ്രണയത്തില്‍ ആയിരുന്നുവെന്നും കൗമാരപ്രായത്തില്‍ തന്നെ പരസ്പരം അറിയാവുന്നവരായിരുന്നെന്നും പറഞ്ഞു.
അതേസമയം 75 വയസ്സുള്ള ജോസഫിന്റെ കുടുംബത്തില്‍ നിന്നുള്ള ആരും വിവാഹത്തില്‍ പങ്കെടുത്തില്ല. ഇതിന് കാരണം ഇരുവരും ബന്ധത്തിലാണെന്ന വിവരം അവര്‍ക്ക് അറിയില്ലായിരുന്നെന്നാണ് വെളിപ്പെടുത്തല്‍. വിവാഹം കഴിഞ്ഞ് ഒരു ദിവസം മാത്രം കഴിഞ്ഞ ഗ്രോഗന്റെ മരണം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തി വിട്ടിരിക്കുകയാണെന്ന് ഗ്രോഗന്‍ കുടുംബത്തിന്റെ അഭിഭാഷകന് പറഞ്ഞു.
ടുള്ളമോറിലെ ഓഫാലി കൊറോണേഴ്സ് കോടതിയില്‍ നടന്ന ഇന്‍ക്വസ്റ്റിനുശേഷം, ‘സംശയാസ്പദമായ മരണങ്ങള്’ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മിസ്റ്റര്‍ ഗ്രോഗന്റെ മരണത്തിന്റെ സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍ വിവാഹത്തില്‍ മൂന്ന് മുതിര്‍ന്ന കുട്ടികളുള്ളയാളാണ് ലിസാ ഫ്ലാഹെര്‍ട്ടി. അവര്‍ ഗ്രോഗനുമായി 2023 ലാണ് കണ്ടുമുട്ടിയത്. ഈ സമയത്ത് അദ്ദേഹം കാന്‍സറിന്റെ നാലാം സ്റ്റേജിലായിരുന്നു. ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ പരിചാരകയായി എത്തിയതായിരുന്നു ലിസ. അവര്‍ കൗണ്ടി ഓഫാലിയിലെ സ്ക്രീഗനിലേക്ക് താമസം മാറി, ഇരുവരും വിവാഹനിശ്ചയം നടത്തി. 2023 ഏപ്രില്‍ 14-ന് അവര്‍ വിവാഹിതരാകുകയും ചെയ്തു. എന്നാല്‍ പിറ്റേന്ന് തന്നെ ഗ്രോഗന്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തു.
ഇരുവരേയും പണ്ടേ അറിയാമെന്നും, ‘അവര്‍ പരസ്പരം പ്രതിജ്ഞാബദ്ധരായിരുന്നു, ലിസയെപ്പോലെ ആരും ജോയെ സ്വന്തം കുടുംബം പോലും പരിപാലിച്ചിട്ടില്ലെന്നും മറ്റൊരു സുഹൃത്ത് പറഞ്ഞു. അവര്‍ അത്ഭുതകരമായ ഒരു ജോലി ചെയ്തു, അത് സാമ്പത്തിക കാരണങ്ങളാലല്ല.’ കൗമാരപ്രായത്തില്‍ മുതല്‍ ഇരുവരും പരസ്പരം സ്നേഹിച്ചിരുന്നതായി ഫ്ലാഹെര്‍ട്ടി ഇന്‍ക്വസ്റ്റില്‍ സൂചിപ്പിച്ചു.
വികാരാധീനയായ അവര്‍ പലതവണ മുറി വിട്ടുപോയതായി റിപ്പോര്‍ട്ടുണ്ട്. ഫ്ലാഹെര്‍ട്ടിയുടെ കുട്ടികളുടെ പിതാവിനെപ്പോലെയായിരുന്നു ഗ്രോഗന്‍ എന്നും സ്വന്തമായി കുട്ടികളില്ലായിരുന്നുവെന്നും സ്ക്രീഗനില് താമസിക്കുന്ന മറ്റുള്ളവര്‍ പറഞ്ഞു. ഗ്രോഗന്റെ മരണത്തില്‍ പോലീസ് അന്വേഷണം വേണമെന്നാണ് ഗ്രോഗന്റെ കുടുംബം ആവശ്യപ്പെടുന്നത്.




