മണ്ണന്തലയില്‍ കൊല്ലപ്പെട്ട ഷഫീന സഹോദരനില്‍ നിന്ന് നേരിട്ടത് ക്രൂര മര്‍ദനം. ആക്രമണത്തില്‍ ഷഫീനയുടെ രണ്ട് വാരിയെല്ലുകള്‍ തകര്‍ന്ന നിലയിലായിരുന്നു. ചവിട്ടേറ്റ് രണ്ട് കൈത്തണ്ടകളും ഒടിഞ്ഞിരുന്നു. തുടയില്‍ നിന്നുള്ള മാംസം കടിച്ചെടുത്ത നിലയിലായിരുന്നു. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
ഇന്നലെയാണ് സംഭവം നടന്നത്. മണ്ണന്തല സ്വദേശിനിയായ 33കാരി ഷഫീനയെ സഹോദരന്‍ ഷംസാദാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്.
ആണ്‍സുഹൃത്തുമായുള്ള ഷഫീനയുടെ വീഡിയോ കോളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അതിക്രൂരമായ കൊലയ്ക്ക് കാരണമായത്. കൊല്ലപ്പെട്ട ഷെഫീനയുടെ (33) കുടുംബജീവിതം തകര്‍ന്നതിനു കാരണം മറ്റൊരാളുമായുള്ള വിഡിയോ കോളുകളാണെന്ന് സഹോദരന്‍ ഷംഷാദ് സംശയിച്ചിരുന്നു.
ഇതെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കൊലപാതകമെന്നാണ് നിഗമനം.
മറ്റൊരു കേസില്‍ പ്രതിയായ ഷംഷാദ് (44) ഒളിവില്‍ കഴിയാനാണു മണ്ണന്തലയില്‍ വാടകയ്‌ക്കു വീടെടുത്തത്. ദന്തചികില്‍സയ്‌ക്കു വേണ്ടിയാണെന്നാണ് വീട്ടുടമയോട് പറഞ്ഞത്. ചികില്‍സയ്‌ക്കു വേണ്ടിയാണ് സഹോദരിയെ കൂടെ താമസിപ്പിക്കുന്നതെന്നും പറഞ്ഞു. ഈ മൊഴി പോലീസിന് ലഭിച്ചിരുന്നു.
വിശദമായ അന്വേഷണത്തിലാണ് ചെമ്പഴന്തിയിലെ അടിപിടി കേസിന്റെ സൂചന കിട്ടിയത്. ഈ കേസില്‍ പോലീസിന്റെ പിടിയിലാകാതിരിക്കാനാണ് മണ്ണന്തലയില്‍ താമസിച്ചത്. കൊലപാതകത്തില്‍ ഷംഷാദിന്റെ സുഹൃത്ത് വിശാഖും കൂട്ടുപ്രതിയാണെന്ന് പോലീസ് പറയുന്നു.
ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും കൊലപാതകം നടന്ന ഫ്ലാറ്റിലെത്തി തെളിവെടുത്തു. യുവതിയുടെ ശരീരമാസകലം മാരക മുറിവുകളുണ്ട്. ഷെഫീനയെ ഷംഷാദ് മര്‍ദിച്ചതറിഞ്ഞ് ശനിയാഴ്‌ച വൈകിട്ട് 5.15ന് മാതാപിതാക്കള്‍ അപ്പാര്‍ട്‌മെന്റില്‍ എത്തുമ്പോള്‍ കിടപ്പുമുറിയിലെ കട്ടിലിനു താഴെ ഷെഫീന ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ദേഹത്ത് മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. തുടര്‍ന്ന് 108 ആംബുലന്‍സിനെ അറിയിച്ചു. ആംബുലന്‍സ് എത്തിയപ്പോഴാണ് ആക്രമണത്തിന്റെ ആഴം ബോധ്യപ്പെട്ടത്. അവര്‍ പോലീസില്‍ വിവരം അറിയിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഷെഫീനയ്‌ക്കു രണ്ടു മക്കളുണ്ട്.
സംഭവസ്‌ഥലത്ത് പോലീസ് എത്തിയപ്പോള്‍ തൊട്ടടുത്ത മുറിയില്‍ ഷംസാദും സുഹൃത്ത് വിശാഖും മദ്യലഹരിയിലായിരുന്നു. മൃതദേഹം മറവ് ചെയ്യാനാണ് വിശാഖിനെ വിളിച്ചുവരുത്തിയതെന്നാണ് പോലീസിന്റെ സംശയം.




