Crime

ഉറക്കം നടിച്ചുകിടന്ന 9 വയസ്സുകാരന്‍ എല്ലാം കണ്ടു; അച്ഛനെ കൊന്ന അമ്മയും കാമുകനും അറസ്റ്റില്‍

അല്‍വാര്‍: അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയും കാമുകനും ഉള്‍പ്പെടെ പ്രതികളെ പിടികൂടാന്‍ കേസില്‍ വഴിത്തിരിവുണ്ടാക്കി ഒമ്പതുവയസ്സുകാരന്റെ മൊഴി. കാമുകനും വാടകക്കൊലയാളികളും ചേര്‍ന്ന് പിതാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയാണ് ഒമ്പതു വയസ്സുകാരന്‍. ജൂണ്‍ ഏഴിന് രാത്രി രാജസ്ഥാനിലെ അല്‍വാറിലെ ഖേര്‍ലി മേഖലയില്‍ നടന്ന കൊലപാതകമാണ് തെളിഞ്ഞത്.

മാന്‍ സിംഗ് യാദവ് എന്നയാളെ ജൂണ്‍ 7 ന് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലായിരുന്നു നടപടി. ഭര്‍ത്താവ് ആരോഗ്യനില വഷളായി മരിച്ചെന്നായിരുന്നു ഭാര്യ അനിത ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ മാന്‍സിംഗ് കൊല്ലപ്പെട്ട് അടുത്ത 48 മണിക്കൂറിനുള്ളില്‍ അവരുടെ മകന്‍ സംഭവങ്ങള്‍ പോലീസിനോട് വിവരിച്ചതോടെ സത്യം പുറത്തുവന്നു.

കുട്ടിയുടെ മൊഴിയനുസരിച്ച് രാത്രി വീടിന്റെ പ്രധാന ഗേറ്റ് മനഃപൂര്‍വം അമ്മ തുറന്നിട്ടു. അര്‍ദ്ധരാത്രിയോടെ, ‘കാശി അങ്കിള്‍’ എന്ന് കുട്ടി തിരിച്ചറിഞ്ഞ ഒരാളോടൊപ്പം നാല് പുരുഷന്മാര്‍ വീട്ടിനുള്ളിലേക്ക് പ്രവേശിച്ചു. കട്ടിലില്‍ ഉറങ്ങുന്നത് കണ്ട വീരുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കുട്ടി എല്ലാം കണ്ടു എന്ന് പറഞ്ഞു. കാശിറാം പ്രജാപത് അനിതയുടെ കാമുകനാണ്.

”ഉറങ്ങുകയായിരുന്ന ഞാന്‍ വാതിലില്‍ ഒരു നേര്‍ത്ത ശബ്ദം കേട്ട് കണ്ണുതുറന്നു. അമ്മ ഗേറ്റ് തുറക്കുന്നത് കണ്ടു, കാശി അങ്കിള്‍ പുറത്ത് നില്‍ക്കുന്നു. അയാള്‍ക്കൊപ്പം മറ്റ് നാലുപേര്‍ കൂടിയുണ്ടായിരുന്നു. ഞാന്‍ പേടിച്ചുപോയതിനാല്‍ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. മിണ്ടാതെ എല്ലാം കണ്ടു. അവര്‍ ഞങ്ങളുടെ മുറിയിലേക്ക് വന്നു. ഞാന്‍ നോക്കുമ്പോള്‍ അമ്മ കട്ടിലിന് മുന്നില്‍ നില്‍ക്കുന്നത് കണ്ടു. വന്നവര്‍ അച്ഛനെ അടിക്കുകയും കാലുകള്‍ വളച്ചൊടിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. കാശി അങ്കിള്‍ തലയിണ കൊണ്ട് അച്ഛന്റെ വായ പൊത്തി വെച്ചിരുന്നു. ഞാന്‍ അച്ഛന്റെ അരികിലേക്ക് വന്നപ്പോള്‍ കാശി അങ്കിള്‍ എന്നെ മടിയില്‍ കയറ്റി ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയം കൊണ്ട് ഞാന്‍ മിണ്ടിയില്ല. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം അച്ഛന്‍ മരിച്ചു. എല്ലാവരും പോയി.”

അനിതയും കാശിറാമും ചേര്‍ന്ന് കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഇവരുടെ വിവാഹേതര ബന്ധമാണ് കാരണമെന്ന് പോലീസ് പറയുന്നു. അനിത ഖേര്‍ലിയില്‍ ഒരു ചെറിയ ജനറല്‍ സ്റ്റോര്‍ നടത്തിയിരുന്നു. പ്രാദേശിക തെരുവ് കച്ചവടക്കാരനായ കാശിറാം അവിടെ പതിവായി സന്ദര്‍ശിക്കുമായിരുന്നു. കാലക്രമേണ ഇരുവരും അടുപ്പത്തിലായി.

നാല് കരാര്‍ കൊലയാളികള്‍ക്ക് രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് അനിതയും കാശിറാമും വീരുവിന്റെ കൊലപാതകത്തിന് വഴിയൊരുക്കിയത്. ജൂണ്‍ 7-ന് രാത്രി, പ്രധാന വാതിലിന്റെ പൂട്ട് ഇടാതെ അനിത തന്റെ പദ്ധതിയുടെ ഒരു ഭാഗം നടപ്പിലാക്കി. വാടകക്കൊലയാളികളുമായി മോട്ടോര്‍ സൈക്കിളിലാണ് കാശിറാം വീട്ടിലെത്തിയത്. ഉറക്കത്തില്‍ വീരു ആക്രമിക്കപ്പെടുകയും പിറ്റേന്ന് രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. വീരുവിന് പെട്ടെന്ന് അസുഖം വന്നെന്നാണ് അനിത ആദ്യം ബന്ധുക്കളോട് പറഞ്ഞത്.

എന്നാല്‍ ശരീരത്തിന്റെ അവസ്ഥ, മുറിവുകള്‍, ഒടിഞ്ഞ പല്ല്, ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങള്‍ എന്നിവ സംശയത്തിന് ഇടയാക്കി. വൈദ്യപരിശോധനയില്‍ വീരു കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചു. ഇരയുടെ സഹോദരന്‍ ഗബ്ബര്‍ ജാതവിന്റെ ഔദ്യോഗിക പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ 100-ലധികം സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയും കോള്‍ ഡാറ്റ റെക്കോര്‍ഡുകള്‍ വിശകലനം ചെയ്യുകയും ചെയ്തു. അനിത, കാശിറാം, കരാര്‍ കൊലയാളികളില്‍ ഒരാളായ ബ്രിജേഷ് ജാതവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ള മൂന്ന് പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.