Featured Sports

ആരാധകര്‍ക്ക് ആശ്വാസം…. ഇല്ല, ലൂക്കാ മോഡ്രിക്ക് ഉടന്‍ റയല്‍മാഡ്രിഡ് വിടില്ല

റയല്‍മാഡ്രിഡിന്റെ മിഡ്ഫീല്‍ഡ് മാസ്റ്റര്‍ ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിക് ഉടന്‍ സ്പാനിഷ് വമ്പന്മാരുടെ നിരയില്‍ നിന്നും മടങ്ങില്ല. സ്പാനിഷ് ലാലിഗയില്‍ ഈ സീസണിലെ അവസാന കളിയും പൂര്‍ത്തിയായ ലൂക്കാ മോഡ്രികിന്റെ ക്ലബ്ബുമായുള്ള കരാര്‍ അവസാനിച്ചു. അടുത്ത സീസണില്‍ താരം ക്ലബ്ബിന്റെ വിഖ്യാതമായ വെള്ളക്കുപ്പായത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയിരിക്കുകയാണ്.

എന്നാല്‍ കരാര്‍ പൂര്‍ത്തിയായെങ്കിലും മോഡ്രിക് അല്‍പ്പകാലം കൂടി ക്ലബ്ബില്‍ തുടരുമെന്ന വിവരമാണ് പുറത്തുവരുന്നത്. ജൂണില്‍ അമേരിക്കയില്‍ നടക്കുന്ന ക്ലബ് ലോകകപ്പിന് ശേഷം മാത്രം മതി വേര്‍പിരിയലെന്ന് റയലും ലൂക്കാ മോഡ്രിച്ചും സമ്മതിച്ചു. ക്ലബ്ബിലെ അവിസ്മരണീയമായ ഒരു സമയത്തിന് ശേഷം 39 കാരനായ മോഡ്രിച്ച് വിടുമെന്ന് റയല്‍മാഡ്രിഡ് വ്യാഴാഴ്ച ഔദ്യോഗികമായി പറഞ്ഞിരുന്നു.

”ഞങ്ങളുടെ ക്ലബ്ബിന്റെയും ലോക ഫുട്‌ബോളിന്റെയും യഥാര്‍ത്ഥ ഇതിഹാസമായി മാറിയ ഒരു കളിക്കാരനോടുള്ള അതിരറ്റ നന്ദിയും അഭിനന്ദനവും പ്രകടിപ്പിക്കാന്‍ റയല്‍ മാഡ്രിഡ് ആഗ്രഹിക്കുന്നു.” എന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ റയല്‍ കുറിച്ചത്്. എന്നാല്‍ നടക്കാനിരിക്കുന്ന ഉദ്ഘാടന ഫിഫ ക്ലബ്ബ് ലോകകപ്പ് മാമാങ്കത്തില്‍ കൂടി താരത്തിന്റെ കളി കാണാന്‍ ആരാധകര്‍ക്ക് അവസരമുണ്ടാകും.

2012ല്‍ മാഡ്രിഡില്‍ എത്തിയ മോഡ്രിച്ച് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഒരു കാലഘട്ടത്തിലെ ഒരു പ്രധാന കളിക്കാരനായിട്ടാണ് വിരമിക്കുന്നത്. 13 സീസണുകളില്‍, ക്ലബ്ബിനെ 28 കിരീടങ്ങള്‍ നേടാന്‍ സഹായിച്ചു. ആറ് യൂറോപ്യന്‍ കപ്പുകള്‍, ആറ് ക്ലബ് ലോകകപ്പുകള്‍, അഞ്ച് യൂറോപ്യന്‍ സൂപ്പര്‍ കപ്പുകള്‍, നാല് സ്പാനിഷ് ലീഗുകള്‍, രണ്ട് കോപാസ് ഡെല്‍ റേ, അഞ്ച് സ്പാനിഷ് സൂപ്പര്‍ കപ്പുകള്‍ എന്നിവ നേടി.

ഒപ്പമുണ്ടായിരുന്ന ഇതിഹാസതാരങ്ങളില്‍പെടുന്ന റൊണാള്‍ഡോ അടക്കം പലരും ക്ലബ്ബ് വിട്ടുപോകുകയും ലീഗില്‍ നിന്നു തന്നെ മാറുകയും ചെയ്തിട്ടും ചില സീസണ്‍കൂടി മോഡ്രിച്ച് കളിക്കുകയായിരുന്നു. എന്നിരുന്നാലും കഴിഞ്ഞ സീസണില്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടിയുടെ കീഴില്‍ കുറച്ച് മിനിറ്റുകള്‍ മാത്രമാണ് അദ്ദേഹം കളിച്ചത്. ജൂണ്‍ പകുതിയോടെ അമേരിക്കയില്‍ ക്ലബ്ബ് ലോകകപ്പ് ആരംഭിക്കും.