ഇന്ത്യന്‍സിനിമയില്‍ വിവാഹിതരാകുന്നതോടെ മുഖ്യധാരയില്‍ നിന്ന മിക്കവാറും നടിമാരുടെ മാര്‍ക്കറ്റ് ഇടിയുന്നതാണ് പതിവ്. ഒന്നുകില്‍ അവര്‍ സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങളുള്ള സിനിമയില്‍ മുഖ്യവേഷം ചെയ്യുന്നവരായി നിലനില്ക്കും. അല്ലെങ്കില്‍ സഹനായികമാരായി പിന്നോക്കം പോകും. ഈ പട്ടികയിലേക്ക് എത്തിയിരിക്കുന്നത് തെന്നിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍നായികയായിരുന്ന കാജല്‍ അഗര്‍വാളാണ്. തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലും നായികയായി നിറഞ്ഞു നിന്ന അവര്‍ നിതേഷ് തിവാരിയുടെ രാമായണം സിനിമയുടെ ഭാഗഭാക്കാകുകയാണ്. രണ്‍ബീര്‍ കപൂര്‍ ശ്രീരാമനും സായ്പല്ലവി സീതയായും അഭിനയിക്കുന്ന ചിത്രം ആകാംഷ ജനിപ്പിച്ചിട്ടുണ്ട്.
ഇതിഹാസ ചിത്രത്തില്‍ സെക്കന്‍ഡ് ഹീറോയിനാകുന്ന കാജല്‍ അഗര്‍വാള്‍ രാവണന്റെ ഭാര്യ മണ്ഡോദരിയുടെ വേഷമാണ് കാജല്‍ അവതരിപ്പിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കന്നഡ സൂപ്പര്‍സ്റ്റാര്‍ യാഷാണ് രാവണനെ അവതരിപ്പിക്കുന്നത്. ‘കാജല്‍ കഴിഞ്ഞയാഴ്ച അവളുടെ ലുക്ക് ടെസ്റ്റ് നടത്തി, യാഷിനൊപ്പം മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കും. അവള് അടുത്തിടെ ബിറ്റിന്റെ ചിത്രീകരണം ആരംഭിച്ചു. നിര്‍മ്മാതാക്കള്‍ നിലവില്‍ രാവണന്റെ ലങ്ക ബിറ്റുകള്‍ ചിത്രീകരിക്കുകയാണ്. നടി സാക്ഷി തന്‍വറിനെ മറികടന്നാണ് കാജല്‍ അഗര്‍വാളിനെ ഈ വേഷത്തിലേക്ക് പരിഗണിച്ചതെന്നാണ് വിവരം.
അതേസമയം നടിയില്‍ നിന്നോ സിനിമയുടെ ടീമില്‍ നിന്നോ ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, ് ഊഹാപോഹങ്ങള്‍ തുടരുകയാണ്. രാമായണത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രങ്ങളില്‍ ഒന്നാണ് മണ്ഡോദരി. ആദരണീയ വ്യക്തിത്വത്തിനുടമായയ മണ്ഡോദരി അവളുടെ അചഞ്ചലമായ ധാര്‍മ്മികതയ്ക്കും വിശ്വസ്തതയ്ക്കും പ്രകീര്‍ത്തിക്കപ്പെടുന്ന കഥാപാത്രമാണ്.
ഇതിഹാസത്തില്‍ ജ്ഞാനത്തിന്റെയും പുണ്യത്തിന്റെയും പ്രതീകമായി ചിത്രീകരിച്ചിട്ടുള്ള അവരെ രാവണനെ പലപ്പോഴും നീതിയുടെ പാതയിലേക്ക് തെരഞ്ഞെടുക്കപ്പെടാനും സീതയെ രാമനിലേക്ക് തിരികെയെത്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നയാളായിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചിത്രം 2026ലും 2027ലും രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2025 മാര്‍ച്ച് 30 ന് പുറത്തിറങ്ങിയ സല്മാന് ഖാന് നായകനായ സിക്കന്ദറിലാണ് കാജല്‍ അഗര്‍വാള്‍ അവസാനമായി അഭിനയിച്ചത്.