ഹൈഡ്രോപോണിക് സിസ്റ്റം ഉപയോഗിച്ച് വളര്‍ത്തിയെടുക്കുന്ന കഞ്ചാവാണ് ഹൈബ്രിഡ് കഞ്ചാവ്. പരമ്പരാഗത രീതിയായ മണ്ണ് അടിസ്ഥാനമാക്കിയുള്ള കൃഷിയില്‍നിന്ന് വ്യത്യസ്തമാണിത്.
മണ്ണ് ഉപയോഗിക്കാതെ തന്നെ ജലത്തെ അടിസ്ഥാനമാക്കിയുള്ള പോഷക ലായനികളില്‍ കഞ്ചാവ് വളര്‍ത്തുന്ന രീതിയാണിത്. ഹൈഡ്രോപോണിക് സംവിധാനങ്ങള്‍ സസ്യങ്ങള്‍ക്ക് നേരിട്ട് പോഷകങ്ങളും വെള്ളവും നല്കുന്നു. ഇത് വേഗത്തിലുള്ള വളര്‍ച്ചയ്ക്കും ഉയര്‍ന്ന വിളവിനും കാരണമാകുന്നു. ഇത്തരത്തില്‍ വളര്‍ത്തി വിളവെടുക്കുന്ന കഞ്ചാവിന് സാധാരണ കഞ്ചാവിനേക്കാള്‍ വീര്യം വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ ഇതിന് ആവശ്യക്കാരും കൂടുതലാണ്. ആഭ്യന്തര വിപണിയില്‍ ഗ്രാമിന് 5,000 മുതല്‍ 8,000 രൂപ വരെയാണ് ഇതിനു വില.
മലപ്പുറത്ത് അബുദാബിയില്‍നിന്നു കരിപ്പുര്‍ വിമാനത്താവളത്തില്‍ എത്തിച്ച ഒമ്പതു കോടി രൂപയുടെ 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പോലീസ് പിടികൂടി. കഞ്ചാവ് ഏറ്റുവാങ്ങിയ രണ്ടുപേര്‍ അറസ്റ്റില്‍. എന്നാല്‍, അബുദാബിയില്‍നിന്നു കഞ്ചാവ് കൊണ്ടുവന്ന യാത്രക്കാരന് രക്ഷപ്പെട്ടു.
കണ്ണൂര്‍ മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ റിജില്‍ (35), തലശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന് ആര്. ബാബു (33) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി വിമാനത്താവള പരിസരത്ത് സംശയാസ്പദ സാഹചര്യത്തില്‍ നില്ക്കുന്ന രണ്ടുപേരെ എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് ടീമും ഡാന്‍സാഫ് അംഗങ്ങളും ചേര്‍ന്നു ചോദ്യം ചെയ്തപ്പോളാണ് കഞ്ചാവ് കൈവശംവച്ചിട്ടുണ്ടെന്നു വ്യക്തമായത്.
കൊണ്ടോട്ടി ഡാന്‍സാഫ് ചുമതലയുള്ള സബ് ഇന്‍സ്പെക്ടറായ ജിഷില്‍ സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോള്‍ വിവാനത്താവളത്തില്‍ വെറുതെ കറങ്ങാനും ഫോട്ടോ എടുക്കാനും വന്നതാണെന്നായിരുന്നു മറുപടി. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ലഹരിക്കടത്തിന്റെ ചുരുളഴിഞ്ഞത്.
അബൂദാബിയില്നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനാണ് വലിയ ട്രോളി ബാഗ് നിറയെ ഹൈബ്രിഡ് കഞ്ചാവുമായെത്തിയത്. 14 വാക്വം പാക്കറ്റുകളിലായിട്ടായിരുന്നു 18 കിലോ ഹൈബ്രിഡ് കഞ്ചാവ് കൊണ്ടുവന്നത്. റോഷനെയും റിജിലിനെയും അറസ്റ്റ് ചെയ്തപ്പോഴേക്കും കഞ്ചാവ് കടത്തികൊണ്ട് വന്നയാള്‍ വിമാനത്താവളം വിട്ടിരുന്നു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ഡാന്‍സാഫ് ചുമതലയുള്ള കൊണ്ടോട്ടി സ്റ്റേഷന് എസ്.ഐ: ജിഷില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അജിത് കുമാര്‍, എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് ടീം, ഡാന്‍സാഫ് അംഗങ്ങള്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.