Crime

14കാരിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കി, 61കാരന് മരണംവരെ തടവും 2 ലക്ഷം രൂപ പിഴയും

ചെറുതോണി: പതിനാലുകാരിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ കേസില്‍ 61 വയസുകാരന് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും.

ഇടുക്കി പടമുഖം സ്വദേശി ചെരുവില്‍ വീട്ടില്‍ ബേബിയെ ആണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്. രണ്ട് ജീവപര്യന്തങ്ങളു മരണം വരെ തടവുമാണ് ശിക്ഷയെന്നും കോടതി പ്രത്യേകം വ്യക്തമാക്കി. പിഴ ഒടുക്കാത്ത പക്ഷം പ്രതിക്ക് രണ്ട് വര്‍ഷം അധിക തടവും പിഴ ഒടുക്കിയാല്‍ പെണ്‍കുട്ടിക്കു നല്‍കുവാനും കോടതി വിധിച്ചു.

2021 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ട്യൂഷന്‍ കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി വീടിനു സമീപത്തെ ആള്‍താമസമില്ലാത്ത വീടിന്റെ പിന്‍ഭാഗത്തു വച്ച് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് ഗര്‍ഭിണിയായ കുട്ടി ആശുപത്രിയിലെത്തിയപ്പോള്‍ ആശുപത്രി അധികൃതരാണ് വിവരം പോലീസില്‍ അറിയിച്ചത്.

2021 ല്‍ മുരിക്കാശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത് അന്നത്തെ ഇന്‍സ്‌പെക്ടര്‍ സജിന്‍ എല്‍. ആയിരുന്നു. ലൈസണ്‍ ഓഫീസര്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആശ പി.കെ പ്രോസീക്യൂഷന്‍ നടപടികളെ സഹായിച്ചു. പ്രോസീക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. ഷിജോമോന്‍ ജോസഫ് കണ്ടത്തിങ്കരയില്‍ ഹാജരായി. പെണ്‍കുട്ടിക്കു മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും കോടതി ശുപാര്‍ശ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *