ഐപിഎല്‍ 2023 സീസണില്‍ അരങ്ങുവാണ ശുഭ്മാന്‍ ഗില്ലിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള വരവ് ഒരു ഒന്നൊന്നര വരവായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കാണ് സമീപകാലത്തെ പ്രകടനം ഗില്ലിനെ എത്തിച്ചത്. ഇന്ത്യന്‍ സൂപ്പര്‍താരങ്ങളായ വിരാട് കോഹ്ലിയെയും നായകന്‍ രോഹിത് ശര്‍മ്മയേയുമെല്ലാം പിന്നിലാക്കിയ താരത്തിന് മുന്നിലുള്ളത് പാകിസ്താന്‍ ബാറ്റ്‌സ്മാന്‍ ബാബര്‍ അസം മാത്രമാണ്.
പാക്കിസ്ഥാനെതിരായ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഗില്‍ 58 റണ്‍സ് നേടി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയോടൊപ്പം 121 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് ഉണ്ടാക്കി ടീമിന്റെ കൂറ്റന്‍ സ്‌കോറിന് അടിത്തറ പാകിയ ശേഷമായിരുന്നു ഗില്ലിന്റെ മടക്കം. എന്നാല്‍ അടുത്ത കളിയില്‍ ശ്രീലങ്കയ്ക്കെതിരെ 19 റണ്‍സ് നേടി പുറത്തായ താരത്തിന് റാങ്കിംഗില്‍ ഒരു സ്ഥാനം മെച്ചപ്പെടാനായി. ഗില്ലിനെക്കാള്‍ 100 ലധികം റേറ്റിംഗ് പോയിന്റുകളുടെ ലീഡുമായി ബാബര്‍ ആണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്.
പാക്കിസ്ഥാനെതിരെ പുറത്താകാതെ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയും സെപ്തംബര്‍ 4 ന് നേപ്പാളിനെതിരെ പുറത്താകാതെ 74 റണ്‍സിന് ശേഷം കഴിഞ്ഞ ആഴ്ച 53 ഉം 56 ഉം അടിച്ച രോഹിത് യഥാക്രമം രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി എട്ട്, ഒമ്പത് സ്ഥാനങ്ങളില്‍ എത്തിയപ്പോള്‍ 2018 സെപ്തംബറിന് ശേഷം ആദ്യമായാണ് മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഏകദിന റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇടം നേടുന്നത്. നാല് വര്‍ഷം മുമ്പ് രോഹിത്, കോഹ്ലി, ശിഖര്‍ ധവാന്‍ എന്നിവര്‍ ആദ്യ ആറിലുണ്ടായിരുന്നു.
പാക്കിസ്ഥാനും ആദ്യ പത്തില്‍ മൂന്ന് ബാറ്റര്‍മാരില്‍ രണ്ടുപേര്‍ ഇമാം ഉള്‍ ഹഖും ഫഖര്‍ സമാനുമാണ്. ഇവര്‍ യഥാക്രമം അഞ്ചാം സ്ഥാനത്തും പത്താം സ്ഥാനത്തുമാണ്. കെ എല്‍ രാഹുലും പത്ത് സ്ഥാനങ്ങള്‍ കയറി 37ാം സ്ഥാനത്തെത്തി, ഇഷാന്‍ കിഷന്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 22ാം സ്ഥാനത്തെത്തി.
കഴിഞ്ഞ രണ്ട് ഏഷ്യാ കപ്പ് മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവ് ബൗളര്‍മാരില്‍ അഞ്ച് സ്ഥാനങ്ങള്‍ ഉയര്‍ത്തി ഏഴാം സ്ഥാനത്തെത്തി. ജസ്പ്രീത് ബുംറ എട്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 27-ാം സ്ഥാനത്തെത്തിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ 21 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 56-ാം സ്ഥാനത്തെത്തി. ഓള്‍റൗണ്ടര്‍മാരില്‍ ഹാര്‍ദിക് നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി.