പുറത്തുനിന്ന് ഭക്ഷണം കഴിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ നമ്മളിൽ കുറച്ചുപേർക്കെങ്കിലും ചില റെസ്റ്ററന്റുകളിൽ നിന്ന് അത്ര സുഖകരമല്ലാത്ത അനുഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്. ചിലപ്പോൾ ഭക്ഷണത്തിൽ മുടി കണ്ടത്തിയതോ പ്രാണികളെ കണ്ടെത്തിയതായോ ആയിട്ടുള്ള അനുഭവങ്ങൾ ആകാം അത്. പലരും തങ്ങളുടെ ഇത്തരം അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്.
ഇപ്പോഴിതാ കാർലെറ്റ ആൻഡ്രൂസ് എന്ന് പേരുള്ള ഒരു അമേരിക്കൻ യുവതി സമാനമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ്. ഒരു റെസ്റ്ററന്റിൽ ഇരിക്കെ സീലിംഗിൽ നിന്ന് അപ്രതീക്ഷിതമായി ഒരു പാമ്പ് കാർലെറ്റയുടെ പാനീയത്തിലേക്ക് വീണതിനെക്കുറിച്ചാണ് അവൾ വിശദീകരിച്ചിരിക്കുന്നത്. പാമ്പിനെ കണ്ടതും സംഭവം തികച്ചും വിചിത്രമായ ഒരു തലത്തിലേക്ക് പോയെന്ന് കാർലെറ്റ പറയുന്നു.
ഏപ്രിൽ 16 ന് നടന്ന സംഭവത്തിൽ മെക്സിക്കോയിലെ ദ പേട്രൺ റെസ്റ്ററന്റിൽ വെച്ച് ഒരു പാമ്പിൻകുഞ്ഞ് സീലിംഗിൽ നിന്ന് കാർലെറ്റയുടെ മാർഗരിറ്റ ഡ്രിങ്കിലേക്ക് വീഴുകയായിരുന്നു. പാമ്പിനെ കണ്ടതും യുവതി പരിഭ്രാന്തിയിലായി. 8 ന്യൂസുമായുള്ള ഒരു ചാറ്റിൽ, കാർലെറ്റ ആ സംഭവം വിശദീകരിച്ചു. “ഞാൻ ഒരു സിപ്പ് എടുക്കാൻ കുനിഞ്ഞതും എൻ്റെ നെറ്റിയിൽ എന്തോ ഇടിക്കുന്നതായി ഞാൻ ശ്രദ്ധിച്ചു, അത് എന്താണെന്ന മട്ടിൽ ഞാൻ എൻ്റെ ഭർത്താവിനെ നോക്കി.. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ എൻ്റെ മാർഗരിറ്റയിൽ ഒരു പാമ്പ് കിടക്കുന്നു”.
പാമ്പ് “ചലിക്കുന്നതായി” കാർലെറ്റ വ്യക്തമാക്കി. “അത് എൻ്റെ സ്ട്രോയിൽ ചുരുണ്ടു കൂടി ഇരുന്നു”. അതിനു ശേഷമുള്ളതെല്ലാം ഒരുതരം മങ്ങലാണെന്ന് കാർലെറ്റ പറഞ്ഞു. തുടർന്ന് ജീവനക്കാർ വടി ഉപയോഗിച്ച് പാമ്പിനെ നീക്കം ചെയ്യാൻ ശ്രമിച്ചെന്നും എന്നാൽ യഥാർത്ഥത്തിൽ മറ്റൊരു യുവാവാണ് അതിനെ നീക്കം ചെയ്തതെന്നും അവൾ വ്യക്തമാക്കി.
“ദയവായി ആ പാമ്പ് എൻ്റെ ബാഗിലേക്ക് കയറരുതേ.. എന്ന് ഞാൻ പറഞ്ഞുകൊണ്ടിരുന്നു. ഞാൻ വല്ലാതെ ഭയന്നുപ്പോയി” കാർലെറ്റ വ്യക്തമാക്കി. പാമ്പിനെ നീക്കം ചെയ്തതിനു പിന്നാലെ റസ്റ്റോറന്റിലെ ജീവനക്കാർ യുവതിയെ മറ്റൊരു ടേബിളിലേക്ക് മാറ്റാം എന്ന് പറഞ്ഞെങ്കിലും യുവതി ഉടൻ തന്നെ അവിടുന്ന് ഇറങ്ങി പോകുകയായിരുന്നു.