Sports

മിന്നല്‍ സിക്‌സര്‍, നായകന്‍ വിരാട്‌കോഹ്ലിയ്ക്ക് പിന്നാലെ രോഹിത് ശര്‍മ്മയ്ക്കും റെക്കോഡ്- വിഡിയോ

അടുത്തമാസം ലോകകപ്പിന് ആതിഥേയത്വം വഹിക്കാനിരിക്കെ ശ്രീലങ്കയില്‍ നടക്കുന്ന ഏഷ്യാക്കപ്പിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം മെന്‍ ഇന്‍ ബ്‌ളൂ ആരാധകരുടെ മനസ്സില്‍ ലഡ്ഡു പൊട്ടിക്കുകയാണ്. കഴിഞ്ഞ ദിവസം പാകിസ്താനെതിരേ മുന്‍ നായകന്‍ വിരാട് കോഹ്ലി (Virat Kohli) റെക്കോഡ് ബാറ്റിംഗ് നടത്തിയതിന് പിന്നാലെ ഇന്ന് ആതിഥേയരായ ശ്രീലങ്കയ്ക്ക് എതിരേ നായകന്‍ രോഹിത് ശര്‍മ്മയും (Rohit Sharma) മിന്നിക്കുകയാണ്. ഏകദിനത്തില്‍ അതിവേഗം 10,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരവും ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരമെന്നതുമായ റെക്കോഡുകള്‍ ഹിറ്റ്മാന്‍ പേരിലാക്കി. സിക്‌സറുകളുടെ കാര്യത്തില്‍ ഷാഹിദ് അഫ്രീദിയുടെ (Shahid Afridi) 26 സിക്‌സറുകളുടെ റെക്കോഡാണ് രോഹിത് മറികടന്നത്. കസുന്‍ രജിതയെ നേരേ തലയ്ക്ക് മുകളിലൂടെ കാണികള്‍ക്ക് ഇടയിലേക്ക് വിട്ട് 27 സിക്‌സറുകള്‍ താരം ഏഷ്യാക്കപ്പില്‍ പേരിലെഴുതി. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ കസുന്‍ രജിത അവിശ്വസനീയമായ കൃത്യതയോടെയും ശക്തിയോടെയും നേരിട്ട രോഹിത് ഏകദിനത്തില്‍ വേഗത്തില്‍ 10,000 റണ്‍സ് തികച്ചു. വെറും 240 ഇന്നിംഗ്‌സുകളില്‍ നിന്നാണ് രോഹിത് 10,000 റണ്‍സ് തികച്ചത്. പട്ടികയില്‍ ഒന്നാമന്‍ ടീമിലെ കൂട്ടുകാരന്‍ കൂടിയായ വിരാട് കോഹ്ലിയാണ്. വെറും 205 മാച്ചിലാണ് കോഹ്ലി 10,000 തികച്ചത്. ഈ നേട്ടം കൈവരിച്ചിട്ടുള്ള മികച്ച ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, റിക്കി പോണ്ടിംഗ് തുടങ്ങിയ ഇതിഹാസങ്ങള്‍ ഉള്‍പ്പെടുന്ന എലൈറ്റ് ക്ലബ്ബിലാണ് അദ്ദേഹം ചേര്‍ന്നത്. ഏഷ്യാ കപ്പ് 2023 നടക്കുമ്പോള്‍, രോഹിത് ശര്‍മ്മയുടെയും സംഘത്തിന്റെയും അസാധാരണമായ പ്രകടനങ്ങള്‍ക്കായി ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.