ഉപരിപഠനം കഴിഞ്ഞിറങ്ങുന്നവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ബാങ്ക് ജോലി. ബിരുദാനന്തര ബിരുദം കഴിഞ്ഞവര്‍ പോലും ബാങ്ക് കോച്ചിങ്ങിന് പോകുന്ന കാഴ്ച സാധാരണമാണ് .കാരണം സര്‍ക്കാര്‍ ജോലി പോലെ തന്നെ അത്രയേറെ സുരക്ഷിതത്വമുള്ള ജോലിയാണ് ബാങ്കിലെ ജോലി.
അങ്ങനെയാണെങ്കില്‍ ഇത്രയും സുരക്ഷിതമായ ബാങ്കിലെ ജോലി ആരെങ്കിലും ഉപേക്ഷിക്കുമോ? ഉപേക്ഷിക്കുമെന്നാണ് ഹരിയാണയിലെ ഈ യുവാവ് പറയുന്നത്. പൊതുവേ യുവാക്കളുടെ സ്വപ്നമായ ബാങ്ക് ജോലി പുല്ല് പോലെയാണ് അമിത് ഭദാന വലിച്ചെറിഞ്ഞത്.
അതുകഴിഞ്ഞ് അദ്ദേഹം തിരഞ്ഞെടുത്ത ജോലി കേട്ടാല്‍ നമ്മള് വീണ്ടും ഞെട്ടും. പാല് വില്‍പ്പന. അതും ഒരുകോടിയോളം വിലയുള്ള ആഡംബര കാറായ ഔഡിയില്‍. ഹരിയാണയിലെ ഫരീദാബാദിലെ ഗ്രാമമായ മൊഹബ്ബതാബാദ് സ്വദേശിയാണ് അമിത്.
കോര്‍പ്പറേറ്റ് ലോകം തന്റെ പാഷനെ തടയിടുന്നു എന്ന തിരിച്ചറിവാണ് ജോലി ഉപേക്ഷിക്കാന്‍ കാരണമെന്ന് അമിത് പറയുന്നു. വാഹനങ്ങളോടുള്ള തന്റെ പ്രണയത്തിന് ബാങ്കിലെ ജോലി എല്ലായ്പ്പോഴും വിലങ്ങുതടിയായിരുന്നു. ഇത് തന്നെ അസ്വസ്ഥനാക്കി. അങ്ങനെയാണ് ജോലി ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തതെന്നും അമിത് പറഞ്ഞു.
അമിത്തിന്റെ കുടുംബം പാല് വില്‍പ്പനയാണ് ചെയ്തിരുന്നത്. കുടുംബത്തിന്റെ ബിസിനസും തന്റെ വാഹനപ്രേമവും കൂട്ടിയിണക്കുകയായിരുന്നു അമിത്തിന്റെ ആശയം.’എന്റെ പാഷനെ പ്രൊഫഷനാക്കാനാണ് ഞാന്‍ തീരുമാനിച്ചത്. അതിനായി കുടുംബത്തിന്റെ ബിസിനസ് തന്നെ ചെയ്യാന്‍ തീരുമാനിച്ചു.’ -അമിത് പറഞ്ഞു.