Oddly News

വൈദ്യുതി മുടങ്ങി; സ്‌പെയിനും പോര്‍ച്ചുഗലും ഇരുട്ടില്‍; ട്രെയിന്‍, വിമാന സര്‍വീസുകള്‍ താറുമാറായി, ഗതാഗതക്കുരുക്ക്‌

ജനജീവിതം താറുമാറാക്കി സ്‌പെയിനിലും പോര്‍ച്ചുഗലിലും വൈദ്യുതിമുടക്കം. മാഡ്രിഡ്‌, ബാഴ്‌സലോണ, ലിസ്‌ബണ്‍, സെവിയ, പോര്‍ട്ടോ തുടങ്ങിയ വ്യാവസായിക നഗരങ്ങളിലാണു വൈദ്യുതി തകരാര്‍ ദുരിതമായത്‌.
പ്രാദേശിക സമയം ഉച്ചയ്‌ക്ക്‌ പന്ത്രണ്ടരയോടെയാണു വൈദ്യുതി മുടങ്ങിയത്‌. സ്‌പാനിഷ്‌ പാര്‍ലമെന്റ്‌, മെട്രോ സ്‌റ്റേഷനുകള്‍, ടെലിവിഷന്‍ സംപ്രേക്ഷണം, ന്യൂസ്‌റൂം പ്രവര്‍ത്തനം ഉള്‍പ്പെടെ തടസപ്പെട്ടു. ട്രെയിന്‍, വിമാന സര്‍വീസുകള്‍ താറുമാറായത്‌ യാത്രാദുരിതത്തിനു വഴിവച്ചു. സിഗ്നല്‍ ലൈറ്റുകള്‍ പണിമുടക്കിയതോടെ തിരക്കേറിയ മാഡ്രിഡ്‌ സിറ്റി സെന്ററിലെ നിരത്തുകളില്‍ വന്‍തോതില്‍ ഗതാഗതക്കുരുക്ക്‌ രൂപപ്പെട്ടു. മാഡ്രിഡ്‌ ഭൂഗര്‍ഭ പാതയിലെ ചില ഭാഗങ്ങളില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ അനിവാര്യമായതായി സ്‌പാനിഷ്‌ റേഡിയോ റിപ്പോര്‍ട്ട്‌ ചെയ്‌തു. തകരാര്‍ കണ്ടെത്തി പരിഹരിക്കാന്‍ ഗ്രിഡ്‌ സേവനദാതാക്കളായ റെഡ്‌ ഇലക്‌ട്രിക്കയും സര്‍ക്കാര്‍വൃത്തങ്ങളും ശ്രമിക്കുന്നുണ്ട്‌. ഇതു ഫലവത്താകുന്നത്‌ വൈകിയതോടെ ദുരിതം ഇരട്ടിയായി.
എന്നാല്‍ കാനറി, ബലേറിക്‌ ദ്വീപുകളില്‍ പ്രശ്‌നങ്ങളില്ല. വിപണികളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്‌. അതേസമയം, ബാഴ്‌സലോണ അടക്കമുള്ള വന്‍ നഗരങ്ങളില്‍ വൈദ്യുതി നിലച്ചതിന്റെ ബുദ്ധിമുട്ടുകള്‍ വിവരിച്ച്‌ ജനം സാമൂഹികമാധ്യമങ്ങളിലൂടെ രോഷം പ്രകടിപ്പിച്ചു. ബദല്‍ പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും യൂറോപ്യന്‍ മേഖലയിലാകെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നുമാണ്‌ സ്‌പാനിഷ്‌ സേവനദാതാക്കളുടെ വിശദീകരണം.
അയല്‍രാജ്യമായ പോര്‍ച്ചുഗലിലും സമാനസ്‌ഥിതിയാണ്‌. തലസ്‌ഥാനമായ ലിസ്‌ബണിനും സമീപ മേഖലകള്‍ക്കും പുറമേ രാജ്യത്തിന്റെ തെക്ക്‌, പടിഞ്ഞാറന്‍ പ്രവിശ്യകളിലുമാണ്‌ വൈദ്യുതി മുടക്കം ജനജീവിതം ദുസഹമാക്കിയത്‌. യൂറോപ്യന്‍ വൈദ്യുതി വിതരണ ശൃംഖലയിലെ തകരാറാണ്‌ പ്രശ്‌നത്തിനു കാരണമെന്ന്‌ പോര്‍ച്ചുഗലിലെ സേവനദാതാക്കള്‍ വിശദീകരിച്ചു. ഇതുമൂലം ചിലയിടങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. ഫ്രാന്‍സിന്റെ ചില മേഖലകളിലും വൈദ്യുതിവിതരണം സാധാരണനിലയിലല്ലെന്നു റിപ്പോര്‍ട്ടുണ്ട്‌.
വൈദ്യുതി മുടങ്ങിയതിന്റെ കൃത്യമായ കാരണം വ്യക്‌തമല്ല. സൈബര്‍ ആക്രമണം ഉള്‍പ്പെടെ നിരവധി സാദ്ധ്യതകളാണ്‌ ഉദ്യോഗസ്‌ഥര്‍ പരിഗണിക്കുന്നത്‌.
തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ അലാരിക്‌ പര്‍വതത്തില്‍ ഉണ്ടായ തീപിടുത്തവും പ്രധാന ഉയര്‍ന്ന വോള്‍ട്ടേജ്‌ വൈദ്യുതി ലൈനിന്‌ കേടുപാടുകള്‍ വരുത്തിയതും കുഴപ്പത്തിനു കാരണമാകാമെന്നു പോര്‍ച്ചുഗലിന്റെ ദേശീയ ഇലക്‌ട്രിക്‌ കമ്പനിയായ റെന്‍ നിര്‍ദേശിച്ചു. ‘യൂറോപ്യന്‍ വൈദ്യുതി സംവിധാനത്തിലെ പ്രശ്‌നം’ മൂലമാണ്‌ ബ്ലോക്കൗട്ട്‌ ഉണ്ടായതെന്ന്‌ പോര്‍ച്ചുഗീസ്‌ വൈദ്യുതി വിതരണസ്‌ഥാപനം ഇറെഡെസ്‌ കൂട്ടിച്ചേര്‍ത്തു.
സൈബര്‍ ആക്രമണമാണ്‌ ഇപ്പോള്‍ ഏറ്റവും സാധ്യതയുള്ള കാരണമെന്ന്‌ ആന്‍ഡലൂഷ്യന്‍ പ്രാദേശിക സര്‍ക്കാര്‍ പ്രസിഡന്റ്‌ ജുവാന്‍മ മൊറേനോ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *