Featured Lifestyle

ഇരയെ പിടിച്ച് നിങ്ങളുടെ വളര്‍ത്തു പൂച്ച വീട്ടിലേക്ക് എത്താറുണ്ടോ? ; കാരണം ഇതാകാം

സ്‌നേഹിച്ച് ഓമനിച്ച് വളര്‍ത്തുന്ന പൂച്ചകളെ കുറച്ച് നേരത്തേക്ക് പുറത്ത് നടക്കാനായി വിട്ടാല്‍ അവ തിരികെ എത്തുന്നത് മറ്റെതെങ്കിലും ജീവിയുമായിട്ടാകും. പുറത്തുവച്ച് പിടിക്കുന്ന ജീവികളെ അവിടെവച്ച് ഭക്ഷിക്കാതെ വീടനകത്തേക്ക് പൂച്ചകള്‍ കൊണ്ട് വരും. അതിന് പിന്നിലാവട്ടെ വ്യക്തമായ കാരണങ്ങളുമുണ്ട്.

വീട്ടില്‍ നിന്ന് അവയ്ക്ക് നല്‍കുന്ന ഭക്ഷണം തികയാതെ വരുന്നത് കൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നത്. ഇനി എത്രയൊക്കെ ഭക്ഷണം ലഭിച്ചാലും ഇര പിടിക്കാനായി ലഭിക്കുന്ന അവസരങ്ങള്‍ ഒരിക്കലും പൂച്ചകള്‍ പാഴാക്കാറില്ല. താമസസ്ഥലത്തിലേക്ക് ഇരകളെ കൊണ്ടുവരുന്നതിനുള്ള കാരണം പെണ്‍പൂച്ചകളില്‍ സഹജമായ മാതൃസ്വഭാവമാണ്. വേട്ടയാടി ഇരപിടിച്ച് അവ വാസസ്ഥലത്തേക്ക് കുഞ്ഞുങ്ങള്‍ക്കായി കൊണ്ടുവരുന്നു. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണമായി മാത്രമല്ല, അവയ്ക്ക് കളിക്കാനായി നല്‍കാനും അതിലൂടെ വേട്ടയാടല്‍ പരിശീലിപ്പിക്കാനുമൊക്കെയാണ് അത് ലക്ഷ്യമാക്കുന്നത്.

സ്വന്തം കുടുംബമെന്ന് പൂച്ചകള്‍ കരുതുന്നതിനാലാണ് ഇരകളെ അവ വീട്ടിലേക്ക് കൊണ്ടുവരുന്നതെന്ന് പാരീസ് സാക്ലേ സര്‍വകലാശാലയിലെ നഗരപരിസ്ഥിതി ശാസ്ത്രജ്ഞയായ ഇമ്മാനുവേല്‍ ബൗഡ്രി അഭിപ്രായപ്പെടുന്നു. പുറത്ത് നിന്ന് ഇരയെ ഭക്ഷിക്കുന്നതിനെക്കാള്‍ സുരക്ഷിതമായ സ്ഥലം വീടാണെന്ന് പൂച്ചകള്‍ കരുതുന്നതും ഒരു കാരണമാണ്. വളര്‍ത്തു പൂച്ചകള്‍ വീടിനെ അഭയസ്ഥലമായി കാണുന്നു. ചില പൂച്ചകള്‍ അപൂര്‍വമായി മാത്രമാണ് ഇരപിടിക്കാനായി ഇറങ്ങുക. ഒരു പൂച്ച പതിവായി വേട്ടയാടുന്നതിനെ ബാധിക്കുന്ന 3 പ്രധാന ഘടങ്ങളുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം. അതിന്റെ വ്യക്തിഗത രീതി, ചുറ്റുമുള്ള പരിസ്ഥിതി, ഉടമകള്‍ അവയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നിവയാണിത്.

ഊര്‍ജസ്വലതയില്ലാത്ത മറ്റുള്ളവരുമായി സൗഹൃദത്തില്‍ മാത്രം പെരുമാറുന്ന പൂച്ചകള്‍ പിടിക്കുന്ന ഇരകളുടെ എണ്ണം കുറവാണ്. താന്‍ ഒരു വലിയ കാര്യം ചെയ്തുവെന്ന മട്ടില്‍ ഇരയുമായി വീട്ടിലേക്ക് വരുന്ന പൂച്ചയെ ദേഷ്യപ്പെടുകയാണെങ്കില്‍ അത് പൂച്ചയില്‍ ആശങ്ക ഉണ്ടാക്കും. അവയെ ദേഷ്യപ്പെടുകയോ ശിക്ഷിക്കുയോ ചെയ്താല്‍ നിങ്ങളുമായുള്ള അതിന്റെ ബന്ധം തന്നെ നഷ്ടമായെന്ന് വരാം. ചെറു ജീവികളെ വീടിന് സമീപത്തിലേക്ക് ആകര്‍ഷിക്കാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് പൂച്ചകളെ പിന്തിരിപ്പിക്കാനുള്ള ഒരു മാര്‍ഗം. ഇര പിടിക്കാനുളള പൂച്ചയുടെ വ്യഗ്രത മനസ്സിലാക്കി അതിനുതകുന്ന തരത്തിലുള്ള കളിപ്പാട്ടങ്ങള്‍ അവയ്ക്ക് വാങ്ങി നല്‍കുകയും ചെയ്യാം.

പക്ഷികൾക്കുള്ള തീറ്റ, ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവ വീടിന് വെളിയിൽ ഇടാതിരിക്കുന്നതിലൂടെ ചെറു ജീവികളെ അകറ്റാനും അതുവഴി പൂച്ച പിടികൂടാനുള്ള സാധ്യത ഒഴിവാക്കാനുമാകും.

Leave a Reply

Your email address will not be published. Required fields are marked *