കഴിഞ്ഞയാഴ്ച മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ നിറഞ്ഞു നിന്നത് അമേരിക്ക ചൈന താരിഫ് യുദ്ധമായിരുന്നു. ചൈനയ്ക്ക് എതിരേ താരിഫ് വലിയ രീതിയില്‍ ഉയര്‍ത്തിയ ട്രംപിന് ചൈന പണി കൊടുത്തത് ടോയ്‌ലറ്റ് ബ്രഷ് നിര്‍മ്മിച്ചു കൊണ്ടാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പാരഡിയായി രൂപകല്‍പ്പന ചെയ്ത ചൈനീസ് നിര്‍മ്മിത ടോയ്ലറ്റ് ബ്രഷ്, ചൈനയും യുഎസും തമ്മിലുള്ള ടൈറ്റ്-ഫോര്‍-ടാറ്റ് താരിഫ് യുദ്ധത്തിന്റെ ഫലമായി ആഭ്യന്തര വില്‍പ്പനയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
യുഎസ് പ്രസിഡന്റിന്റെ ആദ്യ ഭരണകാലം മുതല്‍ അമേരിക്ക ചൈനയുമായി ഉടക്കാണ്. അന്നു മുതല്‍ ട്രംപ് ചൈനയില്‍ ചില ഉല്‍പ്പന്നങ്ങള്‍ക്ക് വിഷയമാണ്. ചൈനയിലും യുഎസിലും ട്രംപിന്റെ ജനപ്രീതി കാരണം ചൈനീസ് ഫാക്ടറികള്‍ ട്രംപ് പ്രമേയത്തില്‍ എല്ലാത്തരം ഉല്‍പ്പന്നങ്ങളും പുറത്തിറക്കിയിരുന്നു. പിന്നീട് അതിന്റെ തരംഗം കുറഞ്ഞുവന്നെങ്കിലും അമേരിക്ക ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍തോതില്‍ വാണിജ്യ താരിഫ് ഏര്‍പ്പെടുത്തിയതിന് ശേഷം അമേരിക്കന്‍ പ്രസിഡന്റിനെ പരിഹസിക്കാനുള്ള ഒരു മാര്‍ഗമായി നിരവധി ചൈനക്കാര്‍ രസകരമായ ടോയ്ലറ്റ് ബ്രഷ് വാങ്ങുന്നു. ട്രംപ് ടോയ്ലറ്റ് ബ്രഷ് വില്‍പ്പനയില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎസും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധം രൂക്ഷമായതിനുശേഷം ചൈനയില്‍ അമേരിക്കന്‍ വിരുദ്ധ വികാരം വര്‍ദ്ധിച്ചുവരികയാണ്. അമേരിക്കന്‍ പൗരന്മാരെ ലക്ഷ്യം വച്ചുള്ള നോട്ടീസുകള്‍ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്, ചില ബിസിനസുകള്‍ താരിഫുകള്‍ക്കെതിരെ പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹുബെയ് പ്രവിശ്യയിലെ വുഹാനിലുള്ള ഒരു റെസ്റ്റോറന്റ് പ്രവേശന കവാടത്തില്‍ ‘അമേരിക്കന്‍ ഉപഭോക്താക്കളില്‍ നിന്ന് 104% അധിക സേവന ചാര്‍ജ് ഈടാക്കും. നിങ്ങള്‍ക്ക് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍, ദയവായി യുഎസ് എംബസിയുമായി ബന്ധപ്പെടുക’ എന്ന് എഴുതിയ ഒരു ബോര്‍ഡ് സ്ഥാപിച്ചതിലൂടെ ശ്രദ്ധ ആകര്‍ഷിച്ചു.