കോട്ടയം ഇരട്ടക്കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അസം സ്വദേശി വര്‍ങ്ങളോളം വിജയകുമാറിന്റെ വിശ്വസ്തന്‍. ഭാര്യയ്‌ക്കൊപ്പമാണ് ഇയാള്‍ വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും ജോലി ചെയ്തിരുന്നത്. മകന്‍ മരിച്ച ശേഷം വിജയകുമാറിന്റെ ഭൂരിഭാഗം കാര്യങ്ങള്‍ക്കും ഇയാള്‍ ആശ്രയമായിരുന്നു.
എന്നാല്‍, തന്നിലുള്ള വിശ്വാസം മുതലെടുത്ത് വിജയകുമാറിന്റെ ഫോണ്‍ ഉപയോഗിച്ച് ഇയാള്‍ പണം തട്ടിയതോടെ പോലീസില്‍ പരാതി നല്‍കി. രണ്ടര ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തിയിരുന്നു. ഇതിനൊപ്പം ശകാരിയ്ക്കുകയും ചെയ്തിരുന്നു.
പോലീസ് അറസ്റ്റ് ചെയ്തതോടെ വൈരാഗ്യമേറി. കഴിഞ്ഞ മൂന്നു വരെ ജയിലിലായിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ വീട്ടിലെത്തി കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. കേസില്‍ പ്രതി ഉടന്‍ പിടിയിലാകുമെന്നും ഇയാളെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ പ്രതികരണം.
പ്രതി പ്രധാന വാതില്‍ തുറന്നാണ് അകത്തു കയറിയത്. സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ജനാല തുറന്ന്, പിന്നീട് വാതില്‍ തുറന്ന് അകത്ത് പ്രവേശിക്കുകയായിരുന്നു. തുടര്‍ന്നു കൈയില്‍ കരുതിയിരുന്ന കോടാലി ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നാണു നിഗമനം.
തലയ്ക്കടിയേറ്റ ക്ഷതം ദമ്പതികളുടെ മരണകാരണമെന്നു പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്‌ക്കേറ്റ ക്ഷതത്തെത്തുടര്‍ന്നു രക്തസ്രാവമുണ്ടായി. മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ചാണ് ഇരുവരെയും പരുക്കേല്‍പ്പിച്ചിരിക്കുന്നത്. വിജയകുമാറിന്റെ നെഞ്ചിലും ക്ഷതമേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.