ഐപിഎല്‍ പതിനെട്ടാം സീസണ്‍ ആരംഭിക്കുന്നതിന് മുമ്പായി സണ്‍റൈസേഴ്‌സ് ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇത്തവണ കപ്പടിക്കാന്‍ ഏറെ സാധ്യതയുള്ള ടീം അവരാണെന്ന് വിലയിരുത്തുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസതാരം മൈക്കല്‍ ക്ലാര്‍ക്ക്. ലോകത്തെ ഏറ്റവും കിടയറ്റ കളി ഏതു രീതിയിലും മാറ്റിമറിക്കാന്‍ ശേഷിയുള്ള തകര്‍പ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ കിടയറ്റ താരങ്ങളുമായി എത്തുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കപ്പുയര്‍ത്തുമെന്നാണ് മൈക്കല്‍ ക്ലാര്‍ക്കിന്റെ പ്രവചനം.
ബിയോണ്ട് 23 ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോള്‍, ഈ വര്‍ഷം ഏത് ടീം ട്രോഫി ഉയര്‍ത്തുമെന്നാണ് കരുതുന്നത് എന്ന ഹോസ്റ്റ് എറിന്‍ ഹോളണ്ടിന്റെ ചോദ്യത്തിനായിരുന്നു ക്ലാര്‍ക്കിന്റെ മറുപടി. ഒരു മടിയും കൂടാതെ, 2015 ലെ ഏകദിന ലോകകപ്പ് ജേതാവായ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് നയിക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് അവരുടെ രണ്ടാമത്തെ ഐപിഎല്‍ കിരീടം നേടുമെന്ന് പറഞ്ഞു.
ഓസ്ട്രേലിയന്‍ കളിക്കാരോടുള്ള തന്റെ ശക്തമായ അടുപ്പം വെച്ച് ഐപിഎല്‍ 2025 ചാമ്പ്യന്മാരിലേക്കുള്ള തന്റെ തിരഞ്ഞെടുപ്പില്‍ അല്പം പക്ഷപാതം ഉണ്ടാകാമെന്ന് ക്ലാര്‍ക്ക് സമ്മതിച്ചു. എന്നിരുന്നാലും എല്ലാ വഴികളിലൂടെയും പോകാന്‍ കഴിവുള്ള സമതുലനാവസ്ഥയില്‍ ഉള്ള ഒരു ടീമിനെയാണ് ഇത്തവണ എസ്ആര്‍എച്ച് ഒരുക്കിയിട്ടുള്ളതെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.
അവരുടെ ലോകോത്തര ബാറ്റിംഗ് നിരയാണ് എസ്ആര്‍എച്ചിനൊപ്പം പ്രതീക്ഷ കൈക്കൊള്ളാന്‍ ക്ലാര്‍ക്കിനെ നിര്‍ബ്ബന്ധിക്കുന്ന ഘടകം. കഴിഞ്ഞ തവണ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മ്മയും നടത്തിയ ആക്രമണാത്മക പവര്‍പ്ലേ ബാറ്റിംഗായിരുന്നു അവരെ ഫൈനലില്‍ എത്തിച്ചത്. അവരുടെ ഭയമില്ലാത്ത സ്‌ട്രോക്ക് പ്ലേ ഉപയോഗിച്ച് എതിര്‍ ആക്രമണങ്ങളെ തല്ലിത്തകര്‍ത്തു. പിന്നാലെ ഹെന്റിച്ച് ക്ലാസന്‍, നിതീഷ് കുമാര്‍ റെഡ്ഡി, പുതുതായി ചേര്‍ത്ത ഇഷാന്‍ കിഷന്‍ എന്നിവര്‍ കൂടി ഉള്ളതിനാല്‍ എസ്ആര്‍എച്ചിന് അപാരമായ ഫയര്‍ പവര്‍ ഉണ്ടെന്ന് വിശ്വസിക്കുന്നു.
ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ സീസണില്‍ തന്നെ എസ്ആര്‍എച്ചിനെ ഫൈനലിലേക്ക് നയിച്ച കമ്മിന്‍സ് 2025 ലെ ഐപിഎല്ലില്‍ കൂടുതല്‍ ശക്തമായി തിരിച്ചെത്തും. ടി20 ക്രിക്കറ്റില്‍ കമ്മിന്‍സ് ഒരു നേതാവായി വളരെയധികം വളര്‍ന്നിട്ടുണ്ടെന്നും കഴിഞ്ഞ സീസണിലെ അനുഭവം തന്റെ ക്യാപ്റ്റന്‍സി കൂടുതല്‍ മെച്ചപ്പെടുത്താന്‍ അദ്ദേഹം ഉപയോഗിക്കുമെന്നും ക്ലാര്‍ക്ക് വിശ്വസിക്കുന്നു.
ഓസ്‌ട്രേലിയയുടെ ലോകകപ്പ് ഉയര്‍ത്തിയ നായകന്മാരില്‍ ഒരാളാണ് മൈക്കല്‍ ക്ലാര്‍ക്ക്. ഒരു വലംകൈയ്യന്‍ മധ്യനിര ബാറ്റ്‌സ്മാനും, ഇടംകൈയ്യന്‍ ഓര്‍ത്തഡോക്‌സ് സ്പിന്‍ ബൗളറുമായ ക്ലാര്‍ക്കിന്റെ നായകത്വത്തിന് കീഴില്‍ ഓസ്‌ട്രേലിയ 2007 ലെയും 2015 ലെയും ഏകദിന ക്രിക്കറ്റ് ലോകകപ്പുകളും 2006 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും ഓസ്‌ട്രേലിയ നേടിയിരുന്നു. 2015 ലെ ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിന് ശേഷം ക്ലാര്‍ക്ക് എല്ലാത്തരം ക്രിക്കറ്റുകളില്‍ നിന്നും വിരമിച്ചു.