Health

ചൂടുകാലത്തെ ദഹനപ്രശ്നങ്ങള്‍; വെറും വയറ്റില്‍ ഈ പാനീയങ്ങള്‍ കുടിച്ചാല്‍ പരിഹാരമുണ്ട്

ചൂടു കാലാവസ്ഥയില്‍ വളരെ സാധാരണമായ ഒന്നാണ് ദഹനപ്രശ്നങ്ങള്‍. ചൂട് കൂടുന്നത് ദഹനത്തെയും വിശപ്പിനെയും ബാധിക്കും. മിക്ക ആളുകളേയും കുഴപ്പത്തിലാക്കുന്ന ഒരു പ്രശ്നമാണ് ദഹനപ്രശ്നം. അനാരോഗ്യമായ ഭക്ഷണശീലങ്ങളാണ് ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. വയറിന് കനം, ഓക്കാനം, ദഹനക്കേട് ഇതെല്ലാം ബുദ്ധിമുട്ട് ഉണ്ടാക്കാറുള്ള കാര്യമാണ്. ഇതിന് വീട്ടില്‍ തന്നെ നമുക്ക് പരിഹാരം കാണാവുന്നതാണ്. രാവിലെ വെറും വയറ്റില്‍ ചില പാനീയങ്ങള്‍ കുടിച്ചാല്‍ ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സാധിക്കും. ഇതേക്കുറിച്ച് അറിയാം…..

* ആപ്പിള്‍ സിഡര്‍ വിനഗര്‍ – അല്‍പം പുളിയുള്ള, ആരോഗ്യമേകുന്ന ഈ പാനീയം ദഹനത്തിനു സഹായിക്കും. ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനഗര്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ക്കുക. ദഹനത്തിനു സഹായിക്കുന്നതു കൂടാതെ പിഎച്ച് നില ബാലന്‍സ് ചെയ്യാനും ബ്ലോട്ടിങ്ങ് കുറയ്ക്കാനും ഉപാപചയപ്രവര്‍ത്തനം മെച്ചപ്പെടുത്താനും രാവിലെ ഈ പാനീയം കുടിക്കുന്നതിലൂടെ സാധിക്കും.

* നാരങ്ങാവെള്ളം – രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെളളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ അകറ്റും. ഇളം ചൂടുവെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് ചേര്‍ക്കുക. ഇത് വെറുംവയറ്റില്‍  കുടിക്കാം. നാരങ്ങയിലെ വൈറ്റമിന്‍ സി രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതോടൊപ്പം ശരീരത്തിന്റെ പിഎച്ച് നിലയെ ബാലന്‍സ് ചെയ്യുകയും വിഷാംശങ്ങളെ നീക്കുകയും ചെയ്യും. രാവിലെ ഈ വെള്ളം കുടിക്കുന്നത് ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ദിവസം മുഴുവന്‍ ഊര്‍ജം നിലനിര്‍ത്തുകയും ചെയ്യും. എന്നാല്‍ അസിഡിറ്റി പ്രശ്‌നമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഇത് കുടിക്കുക.

* കറ്റാര്‍ വാഴ ജ്യൂസ്– കറ്റാര്‍ വാഴ, കുക്കുമ്പര്‍, പുതിനയില, നാരങ്ങാ നീര് ഇവ തണുത്തവെള്ളത്തില്‍ ചേര്‍ക്കുക. ബവല്‍മൂവ്‌മെന്റ് മെച്ചപ്പെടുത്താനും ദഹനം എളുപ്പമാക്കാനും ഇത് സഹായിക്കും. ഉദരാരോഗ്യം മെച്ചപ്പെടുത്തുന്ന ഈ പാനീയം ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കും. ഈ പാനീയങ്ങളെല്ലാം ദഹനപ്രശ്‌നങ്ങള്‍ അകറ്റും. രാവിലെ ഇത് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നു.

* പ്രൂണ്‍ ജ്യൂസ് – ഉണക്കിയ പ്ലമ്മില്‍ നിന്ന് ഉണ്ടാക്കുന്ന പഴച്ചാറാണ് പ്രൂണ്‍ ജ്യൂസ്. നാരുകളും ഷുഗര്‍ ആല്‍ക്കഹോള്‍ ആയ സോര്‍ബിറ്റോളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുകയും ബവല്‍ മൂവ്‌മെന്റ് ക്രമമാക്കുകയും ചെയ്യും. ദിവസവും അരകപ്പ് പ്രൂണ്‍ ജ്യൂസ് കുടിക്കുന്നത് മലബന്ധം അകറ്റും.

* കുക്കുമ്പര്‍ – പുതിന ജ്യൂസ് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പാനീയമാണിത്. കുക്കുമ്പര്‍ അഥവാ സാലഡ് വെള്ളരിയില്‍ ഭക്ഷണത്തെ വിഘടിപ്പിക്കുന്ന എന്‍സൈമുകള്‍ ഉണ്ട്. ഇവ ബ്ലോട്ടിങ്ങും വായുകോപവും തടഞ്ഞ് ദഹനം മെച്ചപ്പെടുത്തും. ഒരുപിടി പുതിനയിലയോടൊപ്പം കുക്കുമ്പര്‍ കഷണങ്ങളും ഒരു ചെറിയ കഷണം നാരങ്ങയും, ഏതാനും തുള്ളി തേനും ചേര്‍ത്ത് ജ്യൂസ് ആക്കുക. വയറിനു തണുപ്പും ശരീരത്തിന് ഉന്മേഷവും നല്‍കുന്ന ഒരു പാനീയമാണിത്.