Movie News

സിനിമകള്‍ക്ക് തുടർച്ചയായ പരാജയം, അപമാനിക്കല്‍, മമ്മൂട്ടി മറ്റൊരു ജോലി അന്വേഷിച്ച ആ കാലം

‘ഭ്രമയുഗം’, ‘കാതല്‍: ദി കോര്‍’, ‘നന്‍പകല്‍ നേരത്ത് മയക്കം’ … വേഷങ്ങളിലെ വൈവിദ്ധ്യമാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി മമ്മൂട്ടി എന്ന നടനെ വിസ്മയമാക്കുന്നത്. വാണിജ്യപരമായ താരപരിവേഷത്തേക്കാള്‍ തന്റെ അഭിനയമികവിനാണ് അദ്ദേഹം മുന്‍ഗണന നല്‍കുന്നതെന്ന് തെളിയിക്കുന്നവയായിരുന്നു ഈ സിനിമകള്‍. ഇങ്ങനെയൊക്കെയാണെങ്കിലും, ഒരു പ്രഗത്ഭ നടനാകാനുള്ള പാത മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം സുഗമമായിരുന്നില്ല. ഇന്‍ഡസ്ട്രിയില്‍ കടുത്ത അപമാനം നേരിടേണ്ടിവന്ന ഒരു കാലമുണ്ടായിരുന്നു അദ്ദേഹത്തിന്.

1980കളുടെ മധ്യത്തില്‍, അദ്ദേഹത്തിന് ഒരു മോശം ഘട്ടമായിയിരുന്നു, തുടര്‍ച്ചയായി അദ്ദേഹത്തിന്റെ സിനിമകളുടെ പ്രകടനം മോശമായി . 2002 ല്‍ കരണ്‍ ഥാപ്പറുമായുള്ള ഫേസ് ടു ഫേസ് (ബിബിസി) അഭിമുഖത്തില്‍ ഈ കാലം തന്നെ ആഴത്തില്‍ സ്വാധീനിച്ചതെങ്ങനെയെന്ന് അദ്ദേഹം അനുസ്മരിച്ചു. ആ വെല്ലുവിളി നിറഞ്ഞ കാലഘട്ടം തന്നില്‍ ചെലുത്തിയ വൈകാരിക ആഘാതം അദ്ദേഹം തുറന്നു പറഞ്ഞു. ”അത് എന്നെ സംബന്ധിച്ചിടത്തോളം ഒരു മോശം കാലഘട്ടമായിരുന്നു. ഇനി സിനിമയില്‍ തന്നെ ആരും എടുക്കില്ലെന്ന് കരുതി. ഞാന്‍ നിരാശനായി. അപമാനിക്കപ്പെട്ടു,”

ആ തകര്‍ച്ചയെ അതിജീവിച്ചതില്‍ ഇപ്പോള്‍ സംതൃപ്തി തോന്നുന്നുണ്ടെങ്കിലും, അക്കാലത്ത് സിനിമയില്‍നിന്ന് തനിക്കുള്ള അനുഭവം വളരെ ​മോശമായിരുന്നുവെന്ന് മമ്മൂട്ടി സമ്മതിച്ചു. ഒരു നടനെന്ന നിലയില്‍ ആളുകള്‍ അദ്ദേഹത്തെ കുറച്ചുകാണാന്‍ തുടങ്ങി, പക്ഷേ ആത്യന്തികമായി, ആ ഘട്ടം അദ്ദേഹത്തിന്റെ പുനര്‍ജന്മത്തിലേക്ക് നയിച്ചു. ഈ തിരിച്ചടികള്‍ക്കിടയിലും, ജോഷി സംവിധാനം ചെയ്ത ന്യൂ ഡല്‍ഹി (1987) എന്ന ചിത്രത്തിലൂടെ മമ്മൂട്ടി ഗംഭീര തിരിച്ചുവരവ് നടത്തി. പത്രപ്രവര്‍ത്തകനായ ജി. കൃഷ്ണമൂര്‍ത്തിയായുള്ള അദ്ദേഹത്തിന്റെ വേഷം പരക്കെ പ്രശംസിക്കപ്പെട്ടു, ചിത്രത്തിന്റെ വന്‍വിജയം അദ്ദേഹത്തിന്റെ കരിയര്‍ മാറ്റിമറിച്ചു.

ആ പോരാട്ടങ്ങള്‍ തന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ആക്കം കൂട്ടിയോ എന്ന് ചോദിച്ചപ്പോള്‍, അക്കാലത്തെ തന്റെ മാനസികാവസ്ഥയെക്കുറിച്ച് മമ്മൂട്ടി തുറന്നുപറഞ്ഞു. ഇത് കേവലം ഒരു ശ്രമം മാത്രമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു, ഒരാള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെടുമ്പോള്‍, അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരേയൊരു കാര്യം ശ്രമം തുടരുകയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. തന്റെ ശ്രമങ്ങള്‍ വിജയിച്ചതില്‍ അദ്ദേഹം നന്ദിയുള്ളവനാണ്. ”വാസ്തവത്തില്‍, ആ സമയത്ത് എനിക്ക് എന്നിലുള്ള ആത്മവിശ്വാസം പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു, മറ്റെന്തെങ്കിലും ജോലി ചെയ്യാന്‍ ഞാന്‍ ആലോചിക്കാന്‍ തുടങ്ങി,” അദ്ദേഹം തുറന്നു പറഞ്ഞു.