നാലു സംസ്ഥാനങ്ങളിലായി 150-200 വീടുകളില്‍ ഭവനഭേദനം നടത്തുകയും വിലപ്പെട്ട വസ്തുക്കള്‍ മോഷ്ടിക്കുകയും ചെയ്ത കള്ളനെ പോലീസ് അറസ്റ്റ് ചെയ്തു. വമ്പന്‍ മോഷണങ്ങള്‍ക്കും ബോളിവുഡ് നടിമാര്‍ ഉള്‍പ്പെടെയുള്ള കാമുകിമാര്‍ക്ക് വിലപ്പെട്ട സമ്മാനം നല്‍കുന്ന കാര്യത്തിലും കുപ്രസിദ്ധനായ പഞ്ചാക്ഷരി സംഗയ്യ സ്വാമി എന്ന മോഷ്ടാവാണ് പിടിയിലായത്.
ചായക്കടക്കാരനായ ഇയാള്‍ തന്റെ ചായപോലെ തന്നെ മികച്ച ക്രിമിനല്‍ റെക്കോഡും ഉണ്ടാക്കിയിട്ടുള്ളയാളാണ്. തന്റെ കാമുകിക്ക് ഇയാള്‍ മൂന്ന് കോടിയുടെ ഒരു ബംഗ്‌ളാവ് സമ്മാനിച്ചെന്ന് വരെയാണ് ആരോപണം. കഴിഞ്ഞയാഴ്ച വീടുകയറി 400 ഗ്രാം സ്വര്‍ണവും വെള്ളിയുമായി രക്ഷപ്പെടുമ്പോള്‍ ബംഗളൂരുവില്‍ വെച്ച് കള്ളനെ ഭാഗ്യം കൈവിടുകയായിരുന്നു.
യുപിയില്‍ നിന്നുള്ള ഇയാളുടെ കൂട്ടാളി ഇപ്പോഴും ഒളിവിലാണ്, പോലീസ് തിരച്ചില്‍ ആരംഭിച്ചു. സ്വാമിയുടെ പക്കല്‍ നിന്ന് 180 ഗ്രാം സ്വര്‍ണവും 150 ഗ്രാം വെള്ളിയും പോലീസ് കണ്ടെടുത്തു, ബാക്കി തന്റെ പങ്കാളിയുടെ പക്കലുണ്ടെന്ന് അവകാശപ്പെട്ടു. സോളാപൂരില്‍ സര്‍ക്കാര്‍ ജീവനക്കാരിയായ അമ്മയ്ക്കൊപ്പം താമസിക്കുന്ന വിവാഹമോചിതനായ സ്വാമി രാജസ്ഥാന്‍, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ട്. നിരവധി തവണ ഇയാളെ മുംബൈപോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബോളിവുഡില്‍ ചവിട്ടി നില്‍ക്കാന്‍ പാടുപെടുന്ന താരങ്ങളുമായുള്ള ഇയാളുടെ ബന്ധങ്ങളും അവര്‍ക്ക് അതിരുകടന്ന് നല്‍കുന്ന സമ്മാനങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. സ്വാമി 2016ല്‍ ഗുജറാത്തില്‍ ജയിലില്‍ കിടന്നെങ്കിലും മോചനത്തിനു ശേഷം കുറ്റകൃത്യങ്ങള്‍ പുനരാരംഭിച്ചു. 2010ല്‍ ബംഗളൂരുവില്‍ അവസാനമായി മോഷണം നടത്തിയെങ്കിലും ഏറെ നാളുകള്‍ക്ക് ശേഷം പങ്കാളിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇയാള്‍ ഈ വര്‍ഷം നഗരത്തിലേക്ക് തിരിച്ചെത്തിയതെന്നും പോലീസ് പറഞ്ഞു.