Oddly News

അതിഥികള്‍ക്ക് ഭക്ഷണം തികഞ്ഞില്ല; കല്യാണവീട്ടില്‍ കൂട്ടത്തല്ല്; പൊലീസ് സ്റ്റേഷനില്‍ താലികെട്ട് !

കല്യാണ വീട്ടില്‍ ഭക്ഷണത്തിന്റെ പേരില്‍ കൂട്ടത്തല്ല്. ഇതോടെ പൊലീസ് സ്റ്റേഷന്‍ വിവാഹമണ്ഡപമായി. വിവാഹ ചടങ്ങിൽ അതിഥികള്‍ക്കായി കരുതിയ ഭക്ഷണം തികയാതെ വന്നതിനെക്കുറിച്ചുണ്ടായ തര്‍ക്കത്തെ തുടർന്ന് ചടങ്ങ് നിർത്തിവച്ചിരുന്നു.

വരന്റെ കുടുംബം വിവാഹബന്ധില്‍നിന്ന് പിന്‍മാറുന്നതിനെതിരെ വധു പോലീസിനെ സമീപിച്ചതിനെ തുടർന്നാണ് ചടങ്ങ് പൂർത്തിയായത്. വരൻ തന്നെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് വധു അറിയിച്ചതോടെ പൊലീസ് മുന്‍കൈയെടുത്ത് വിവാഹം നടത്തുകയായിരുന്നു. സൂറത്തിലാണ് സംഭവം.

ഞായറാഴ്ച സൂറത്തിലെ വരാച്ച പ്രദേശത്താണ് സംഭവം. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അലോക് കുമാർ പറയുന്നതനുസരിച്ച്, ബിഹാറിൽ നിന്നുള്ള രാഹുൽ പ്രമോദ് മഹ്തോയും അഞ്ജലി കുമാരിയും ലക്ഷ്മി ഹാളിൽ വച്ച് വിവാഹം കഴിക്കേണ്ടതായിരുന്നു. വിവാഹമണ്ഡപത്തിൽ, ചടങ്ങുകൾ ഏകദേശം പൂർത്തിയാക്കി. മാല കൈമാറ്റം മാത്രം പൂര്‍ത്തിയാക്കാനുള്ളപ്പോള്‍ ബന്ധുക്കൾക്കും അതിഥികൾക്കും വിളമ്പുന്ന ഭക്ഷണത്തിന്റെ കുറവുണ്ടെന്ന് ആരോപിച്ച് വരന്റെ കുടുംബം ചടങ്ങ് പെട്ടെന്ന് നിർത്തിവച്ചു.

വരന്റെ വീട്ടുകാരുടെ പെരുമാറ്റത്തിൽ അസ്വസ്ഥരായ വധുവും കുടുംബവും സഹായത്തിനായി പോലീസിനെ സമീപിച്ചു. വരന്‍ വിവാഹവുമായി മുന്നോട്ട് പോകാൻ തയ്യാറാണെന്ന് പറഞ്ഞു, പക്ഷേ അദ്ദേഹത്തിന്റെ കുടുംബം സമ്മതിച്ചില്ല. തുടർന്ന് വധുവിന്റെ വീട്ടുകാരുമായി പ്രശ്നം പരിഹരിക്കാൻ വരനെയും കുടുംബത്തെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.

തുടർന്ന് വരന്റെ കുടുംബം വിവാഹം തുടരാൻ സമ്മതിച്ചു. വിവാഹ ഹാളിലേക്ക് മടങ്ങിയാൽ പുതിയ വഴക്കുണ്ടാകുമെന്ന് വധു ആശങ്ക പ്രകടിപ്പിച്ചു. അതിനാൽ ആചാരങ്ങൾ പൂർത്തിയാക്കി പോലീസ് സ്റ്റേഷനിൽതന്നെ വിവാഹം കഴിക്കാൻ അവരെ അനുവദിച്ചു.ഡിഎസ്പി. പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *