Crime

പഠിക്കാന്‍ സമയമില്ല, ഉഴപ്പിയ മകനെ മാതാപിതാക്കള്‍ ചേര്‍ന്ന് കഴുത്തുഞെരിച്ചു കൊന്നു…!

പഠനം ഉഴപ്പി എപ്പോഴും കളിച്ചു നടന്ന മകനെ പിതാവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ബരാമതിയില്‍ നടന്ന സംഭവത്തില്‍ വിജയ് ഗണേഷ് ഭണ്ഡാല്‍ക്കര്‍ എന്നയാളാണ് മകനെ കൊന്നത്. മകന്‍ പഠിക്കുന്നതിന് പകരം കളിച്ചു നടക്കുന്നതാണ് പിതാവിനെ പ്രകോപിതനാക്കിയത്. ജനുവരില്‍ 14 ന് ഉച്ചയോടെ ബരാമതിയിലെ ഹോളിലെ ഇവരുടെ വീട്ടില്‍ വെച്ചായിരുന്നു ദാരുണ സംഭവം നടന്നത്.

കളിക്കാന്‍ പോയ മകനെ പിതാവ് തടഞ്ഞു നിര്‍ത്തുകയും പഠനം ഉഴപ്പുകയാണെന്ന് പറഞ്ഞ് ഭിത്തിയില്‍ ചാരി നിര്‍ത്തി മര്‍ദ്ദിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കുകയുമായിരുന്നു. മകന്‍ശ്വാസംമുട്ടി പിടഞ്ഞിട്ടും പിതാവ് വിട്ടില്ല. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന മാതാവ് ശാലിനിഭണ്ഡാല്‍ക്കറും വീട്ടിലുണ്ടായിരുന്നു. ഇവര്‍ ഇടപെട്ടില്ല എന്ന് മാത്രമല്ല ഭര്‍ത്താവിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഒടുവില്‍ കുട്ടി മരിച്ചു താഴവീണപ്പോഴായിരുന്നു വിട്ടത്. തുടര്‍ന്ന് ഇവിടെയെത്തിയ സന്തോഷ് സോംനാഥ് ഭണ്ഡാല്‍ക്കര്‍ എന്ന ബന്ധു കുട്ടിയെ സമീപത്തെ നിറയിലെ ഒരു ഡോക്ടറുടെ വീട്ടില്‍ കൊണ്ടുപോയി കാണിക്കുകയും സംഭവത്തെക്കുറിച്ച് നുണ പറയുകയും ചെയ്‌തെങ്കിലും ഡോക്ടര്‍ കുട്ടി മരിച്ചതായി വ്യക്തമാക്കുകയും തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്ന് മാതാപിതാക്കള്‍ കൊലപാതകവിവരം മറച്ചുവെയ്ക്കാന്‍ ശ്രമിച്ചു. പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നും നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങി ആരുമറിയാതെ സംസ്‌ക്കാരിക്കാന്‍ നോക്കിയെങ്കിലും വിരം അറിഞ്ഞെത്തിയ പോലീസ് കേസെടുക്കുകയും ചെയ്തു. മാതാപിതാക്കള്‍ക്കൊപ്പം ബന്ധുവിനെയും അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ് പോലീസ്.