ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്ന ഒന്നാണ് യോഗ. മറ്റ് വ്യായാമങ്ങളില്‍ നിന്ന് യോഗയെ വ്യത്യസ്ഥമാക്കുന്നതും ഈ ഗുണം തന്നെയാണ്. ശരീരത്തിന്റെ ആരോഗ്യം ഒരു പരിധി വരെ മനസിനെ ആശ്രയിച്ചുകൊണ്ടാണ് നിലനില്‍ക്കുന്നത്. മനസിനും ശരീരത്തിനും ഒരുപോലെ ഗുണം ലഭിക്കാന്‍ യോഗ തന്നെ തിരഞ്ഞെടുക്കണം. ചെറിയ പ്രായത്തില്‍ തന്നെയുള്ള ഓര്‍മ്മക്കുറവ്, പ്രായമാകുമ്പോള്‍ അല്‍ഷിമേഴ്‌സ് സംഭവിക്കാനുള്ള സാധ്യത എന്നിവ ഇല്ലാതാക്കാന്‍ യോഗ ചെയ്യുന്നതിലൂടെ സാധിക്കും. യോഗ ആദ്യമായി ചെയ്യാന്‍ തുടങ്ങുന്നവരാണ് നിങ്ങളെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….
- യോജിച്ച വസ്ത്രം പ്രധാനം – നിങ്ങളുടെ വ്യായാമ വസ്ത്രങ്ങളെക്കുറിച്ച് വളരെയധികം വിഷമിക്കേണ്ട; നിങ്ങള്‍ക്ക് അനുയോജ്യമായ വസ്ത്രം തിരഞ്ഞെടുക്കാം. സുഖകരവും വലിച്ചുനീട്ടാവുന്നതുമായ എന്തെങ്കിലും വസ്ത്രം ധരിക്കുക. യോഗയ്ക്കായി മാത്രം നിങ്ങള്‍ സുഖകരമായ ചലനത്തിന് സഹായകരമാകുന്ന ഒരു ജോഡി പാന്റുകള്‍ മാറ്റിവെക്കണം. നിങ്ങളുടെ ശരീര ചലനത്തെ നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലുള്ള നിരവധി ആഭരണങ്ങളും മറ്റും ധരിക്കരുത്. യോഗ ചെയ്യുമ്പോള്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
- ക്ഷമയോടെ ചെയ്യാം – ആദ്യമായി യോഗ പരിശീലിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ആദ്യം വേണ്ടത് ക്ഷമയാണ്. എല്ലാ ആസനങ്ങളും തുടക്കത്തില്‍ തന്നെ ചെയ്യാന്‍ ശ്രമിക്കരുത്. ഇതിനായി നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തി എടുക്കേണ്ടതുണ്ട്. നിങ്ങള്‍ അതിലേക്ക് ഉടനടി എടുത്ത് ചാടേണ്ടതില്ല. നിങ്ങളെ ആകര്‍ഷിക്കുന്ന ധാരാളം ഓണ്‍ലൈന്‍ യോഗ ചെയ്യുന്ന വിധം കാണിക്കുന്ന വീഡിയോകള്‍ ഉണ്ടെങ്കിലും, നിങ്ങളുടെ ശരീരത്തെ കുറിച്ചും പരിമിതികളെ കുറിച്ചും അറിയുകയും മനസ്സിലാക്കുകയും ചെയ്തത് നിങ്ങള്‍ തന്നെയാണെന്ന കാര്യം ഓര്‍മ്മിക്കുക. ആവേശം വെടിഞ്ഞ്, ലളിതമായ അടിസ്ഥാന ആസനങ്ങള്‍ ചെയ്തുകൊണ്ട് ആരംഭിച്ച് മുന്നോട്ട് പോകുക. കൂടാതെ എല്ലാ ദിവസവും നിങ്ങള്‍ ധാരാളം സമയം യോഗ ചെയ്യുന്നതിനായി ചെലവഴിക്കേണ്ടതില്ല. ഇതിനായി തുടക്കത്തില്‍ എല്ലാ ദിവസവും കുറച്ച് മിനിറ്റുകള്‍ മാറ്റിവെക്കുക.
- അമിത സമ്മര്‍ദ്ദം വേണ്ട – സ്വയം സമ്മര്‍ദ്ദം കൊടുക്കാതിരിക്കുക. ഒരു ദിവസം നിങ്ങള്‍ക്ക് അമിത സമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ടെങ്കില്‍, ധ്യാനാത്മക ആസനങ്ങള്‍ ചെയ്യുവാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് വളരെ ഊര്‍ജ്ജസ്വലതയും ശാന്തതയും അനുഭവപ്പെടുന്ന ദിവസങ്ങളില്‍, നിങ്ങള്‍ക്ക് കൂടുതല്‍ വെല്ലുവിളി നിറഞ്ഞ ആസനങ്ങള്‍ പരീക്ഷിക്കാവുന്നതുമാണ്.
- ശരീരത്തിന് ശ്രദ്ധ നല്‍കാം – എല്ലായ്‌പ്പോഴും നിങ്ങളുടെ ശരീരം ശ്രദ്ധിക്കുക, ഒരിക്കലും ശരീരത്തിന് ദോഷം വരുന്ന ഒന്നും ചെയ്യരുത്. പരിധിയില്‍ കവിഞ്ഞ ഒന്നും ചെയ്യാന്‍ നിങ്ങളുടെ ശരീരത്തെ നിര്‍ബന്ധിക്കരുത് – ഒരു യോഗാസനം ഏറ്റവും നന്നായി ചെയ്യുന്ന നിലയിലേക്ക് എത്തുന്ന പ്രക്രിയ എല്ലായ്‌പ്പോഴും ക്രമാനുഗതമായി സംഭവിക്കുന്ന ഒന്നാണ്. നിങ്ങളുടെ ശരീരം അനുകൂലമായിട്ടല്ല പെരുമാറുന്നത് എന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, കുറച്ച് വിശ്രമം എടുത്ത് വീണ്ടും ആരംഭിക്കുക.
- ശ്രദ്ധ കൈവിടരുത് – നിങ്ങള്‍ ചെയ്യുന്ന യോഗാസനത്തെക്കുറിച്ച് എല്ലായ്‌പ്പോഴും ശ്രദ്ധാലുവായിരിക്കുക. കാരണം ഓരോ യോഗാസനവും നമ്മുടെ ശരീരഭാവത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിങ്ങള്‍ ശരിയായ രീതിയില്‍ ശരീരം വിന്യാസിക്കുന്നില്ലെങ്കില്‍ മുഴുവന്‍ പ്രക്രിയയും പ്രയോജനമില്ലാതെയാകും. ഏത് തരത്തിലുള്ള ശരീരഭാവം എടുക്കണമെന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ ഓണ്‍ലൈന്‍ അധ്യാപകനോട് ചോദിക്കാവുന്നതാണ് അല്ലെങ്കില്‍, നിങ്ങളുടെ ശരീരം എങ്ങനെ വളയ്ക്കാമെന്ന് കൃത്യമായി മനസിലാക്കാന്‍ വീഡിയോകള്‍ പോസ് ചെയ്ത് കാണുക.
- യോഗ മാറ്റ് നിര്‍ബന്ധമില്ല – വിലകൂടിയ പായകളും മറ്റ് വ്യായാമ സാമഗ്രികളും വാങ്ങേണ്ട കാര്യമില്ല. നിങ്ങളുടെ വീട്ടില്‍ ഇതിനകം ലഭ്യമായവ ഉപയോഗപ്പെടുത്തുക. പിന്നീട് നിങ്ങള്‍ ഈ പ്രക്രിയ ആസ്വദിക്കാന്‍ തുടങ്ങുമ്പോള്‍, ഓണ്‍ലൈനില്‍ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങാവുന്നതാണ്. അതുവരെ അധികം പണം ഇതിനായി ചിലവഴിക്കാതിരിക്കുക.