ഭോപ്പാല്‍: വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ ലിവിംഗ് ടുഗദര്‍ പങ്കാളിയെ കൊന്ന് മൃതദേഹം യുവാവ് ഫ്രിഡ്ജില്‍ സൂക്ഷിച്ചത് എട്ടു മാസത്തോളം. മധ്യപ്രദേശിലെ ദേവാസില്‍ നടന്ന സംഭവത്തില്‍ വിവാഹിതനായ സഞ്ജയ് പാട്ടിദാര്‍ എന്നയാളാണ് ക്രൂരകൃത്യം നടത്തിയത്. ആഭരണങ്ങള്‍ ധരിച്ച് കഴുത്തില്‍ കുരുക്കിനൊപ്പം കൈകള്‍ ബന്ധിച്ച നിലയില്‍ സാരി ധരിച്ച യുവതിയുടെ അഴുകിയ മൃതദേഹം വെള്ളിയാഴ്ച പ്രതി സഞ്ജയ് പാട്ടിദാര്‍ വാടകയ്ക്കെടുത്ത വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ നിന്ന് കണ്ടെത്തി.
ഇരയായ പിങ്കി പ്രജാപതി കഴിഞ്ഞ വര്‍ഷം ജൂണില്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് പോലീസ് പറഞ്ഞു. ഉജ്ജയിന്‍ നിവാസിയായ പതിദാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി അവളുമായി ലിവ്-ഇന്‍ ബന്ധത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. വിവാഹത്തിനായി സമ്മര്‍ദം ചെലുത്താന്‍ തുടങ്ങിയതോടെയായിരിക്കാം കൊലപാതകമെന്നാണ് സൂചന. ഇതിനായി പാട്ടിദാര്‍ തന്റെ സുഹൃത്തിന്റെ സഹായവും തേടി.
”30 വയസ്സ് പ്രായമുള്ള സ്ത്രീയാണ് മരണപ്പെട്ടതെന്നാണ് കരുതുന്നത്. 2024 ജൂണില്‍ അവര്‍ കൊല്ലപ്പെട്ടിരിക്കാമെന്നും സംശയിക്കുന്നു. വീടിന്റെ ഒരുഭാഗം തുറന്നപ്പോള്‍ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ അയല്‍ക്കാര്‍ വീട്ടുടമസ്ഥനെ വിളിച്ചു വിവരം പറയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്ത്രീയുടെ മൃതദേഹം റഫ്രിജറേറ്ററിലും അലമാരയിലും കണ്ടെത്തി. തുടര്‍ന്ന് അദ്ദേഹം പോലീസിനെ അറിയിച്ചു.” ദേവാസ് പോലീസ് സൂപ്രണ്ട് പുനീത് ഗെഹ്ലോട്ടിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്‍ഡോറില്‍ താമസിക്കുന്ന ധീരേന്ദ്ര ശ്രീവാസ്തവയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. 2023 ജൂണില്‍ അദ്ദേഹം വീട് പാട്ടിദാറിന് വാടകയ്ക്ക് കൊടുക്കുകയായിരുന്നു. ഒരു വര്‍ഷത്തിനുശേഷം, പട്ടീദാര്‍ വീട് ഒഴിഞ്ഞുപോയെങ്കിലും വീടിന്റെ ഒരു ഭാഗത്ത് പഠനമുറിയിലും മാസ്റ്റര്‍ ബെഡ്റൂമിലും മറ്റുമായി തന്റെ സാധനങ്ങളില്‍ ചിലത് വെച്ചിരുന്നു. ഈ ഭാഗം പിന്നീട് ഒഴിയാമെന്ന് പാട്ടിദാര്‍ അന്ന് പറഞ്ഞത്. വാടകവീട് ഒഴിഞ്ഞു പോയെങ്കിലും പാട്ടിദാര്‍ ഇടയ്ക്കിടെ ഈ വീട്ടില്‍ വരാറുണ്ടായിരുന്നു. അതിനിടയില്‍ പുതിയതായി വീട് വാടകയ്ക്ക് എടുക്കാനെത്തിയയാള്‍ വീടിന്റെ മറ്റേഭാഗം കൂടി തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വാടകക്കാരനെ കാണിക്കാനായി തുറന്നപ്പോഴാണ് ദുര്‍ഗന്ധം വരാന്‍ തുടങ്ങിയത്.
വീടിന്റെ മറ്റേ ഭാഗം വാടകക്കാരനെ കാണിച്ച ശ്രീവാസ്തവ അവിടെ പാട്ടിദാറിന്റെ സാധനങ്ങള്‍ ഉള്ളതിനാല്‍ അത് വീണ്ടും പൂട്ടുകയും ഇവിടേയ്ക്കുള്ള വൈദ്യുതി ഓഫ് ചെയ്യുകയും ചെയ്തു. വൈദ്യുതി ഓഫാക്കിയതിനെ റഫ്രിജറേറ്ററിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുകയും വീടിന്റെ ആ ഭാഗത്ത് നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങുകയുമായിരുന്നു. ഇതാണ് സംഭവം പുറത്തറിയുന്നതിലേക്ക് നീണ്ടത്്.