ഇറച്ചിക്കോഴികളുടെ വളര്‍ച്ചയ്ക്കായി ഹോർമോണുകളും ആന്റിബയോട്ടിക്കുകളും ഉപയോഗിക്കുന്നുവെന്ന പ്രചാരണം നാട്ടില്‍ ഒരുപാട് കാലമായുണ്ട്. വളരെ കുറച്ച് നാളുകള്‍ കൊണ്ട് (ആറാഴ്ച) രണ്ട് കിലോയോളം തൂക്കം വയ്ക്കുന്നതാണ് ഈ പ്രചാരണങ്ങൾക്കൊക്കെ കാരണം. ഇറച്ചിക്കോഴികള്‍ വളരുന്നത് പോലെ എത്ര തന്നെ തീറ്റ നല്‍കിയാലും നാടന്‍ കോഴികള്‍ വളരാറില്ലല്ലോ?.
മികച്ച തീറ്റയോട് പെട്ടെന്ന്തന്നെ പ്രതികരിക്കാന്‍ ശേഷിയുള്ള ഇനങ്ങളെ വികസിപ്പിച്ചെടുത്ത് അവയ്ക്ക് മികച്ച തീറ്റ നല്‍കി വളര്‍ത്തുന്നതാണ് ചുരുങ്ങിയ നാളുകള്‍കൊണ്ട് വളര്‍ച്ച കൈവരിക്കുന്നതിന് കാരണം. വളര്‍ച്ചയുടെ 5 ആഴ്ച വരെ ഇറച്ചിക്കോഴികള്‍ക്ക് പ്രോട്ടീന്‍ അധികവും ഊര്‍ജം കുറവുമുള്ള സ്റ്റാര്‍ട്ടര്‍ ഫീഡാണ് കൊടുക്കുക. അതിനുശേഷം വില്‍പ്പനവരെ പ്രോട്ടീൻ കുറവും ഊർജം കൂടുതലുമുള്ള ഫിനിഷർ ഫീഡുമാണ് നൽകുക.
ഹോര്‍മോണും ആന്റിബയോട്ടിക്കും കൊടുത്തു വളര്‍ത്തിയ ഇറച്ചിക്കോഴി കഴിച്ചാല്‍ ഹാര്‍ട്ട് അറ്റാക്ക് വരുമെന്ന് വാദിക്കുന്നവരും കുറവല്ല. ചില കോഴികള്‍ പെട്ടെന്ന് ചത്തുവീഴുന്നതാണ് ഇതിനായി കാരണം അവര്‍ ചൂണ്ടികാട്ടുന്നു. എന്നാല്‍ ഇറച്ചിക്കോഴികളില്‍ സഡന്‍ ഡെത്ത് സിന്‍ഡ്രോം എന്നൊരു അവസ്ഥയുണ്ട്. ഒരു ദിവസം പ്രായമുള്ളപ്പോള്‍ മുതല്‍ അതിന്റെ വളര്‍ച്ചാകാലത്തില്‍ എപ്പോള്‍ വേണമെങ്കിലും പെട്ടെന്നുള്ള മരണം ഉണ്ടായേക്കാം. പൂവന്‍കോഴികളിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്.
ചെറിയ കൂടുകളില്‍ അന്നജം കൂടിയ തീറ്റ നല്‍കി വളര്‍ത്തുന്ന കോഴികള്‍ക്കും സഡന്‍ ഡെത്ത് സിന്‍ഡ്രോം ഉണ്ടായേക്കാം. അതിനാല്‍ തീറ്റ നല്‍കുമ്പോഴും ശ്രദ്ധ നല്‍കണം. വിറ്റാമിന്‍ കുറവ്, ഭയം തീവ്രത കൂടിയ പ്രകാശം എന്നിവയൊക്കെ ഇതിന് കാരണമായി കരുതപ്പെടുന്നത്. കൂടിനുള്ളിലെ പ്രകാശം കുറയ്ക്കുക, പെട്ടെന്നുള്ള പേടി ഉണ്ടാവാതെ ശ്രദ്ധിക്കുക എന്നിവയിലൂടെ സഡന്‍ ഡെത്ത് സിന്‍ഡ്രോം നിയന്ത്രിക്കാവുന്നതാണ്.