കാലാവസ്ഥാ ഗവേഷണത്തില്‍ ഒരു അസാധാരണ നേട്ടം കൈവരിച്ച് അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘം. അന്റാര്‍ട്ടിക്കയുടെ അടിത്തട്ടില്‍ ഏകദേശം 1..2 ദശലക്ഷം വര്‍ഷം പഴക്കം കണക്കാക്കുന്ന മഞ്ഞുമല ഏകദേശം രണ്ട് മൈല്‍ ദൂരം തുരന്നതായി സംഘം വ്യാഴാഴ്ച അറിയിച്ചു. യൂറോപ്പിലുടനീളമുള്ള 16 ശാസ്ത്രജ്ഞരും സഹായ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന ‘ബിയോണ്ട് എപ്പിക്ക’ ടീമിന്റെ നാല് വര്‍ഷത്തെ പരിശ്രമത്തിന്റെ പരിസമാപ്തിയാണ് ഈ പദ്ധതി അടയാളപ്പെടുത്തുന്നത്.
അന്തരീക്ഷഘടന, കാലാവസ്ഥാ ചരിത്രം ഐസ് ഏജ് സൈക്കിളുകള്‍, കാലാവസ്ഥാ വ്യതിയാനത്തില്‍ അന്തരീക്ഷ കാര്‍ബണുകള്‍ വഹിക്കുന്ന പങ്ക് തുടങ്ങി ഭൂമിയുമായി ബന്ധപ്പെട്ട അന്തരീക്ഷവും കാലാവസ്ഥയും എങ്ങനെ പരിണമിച്ചു എന്നതിനെക്കുറിച്ചുള്ള കാര്യങ്ങളിലേക്ക് വെളിച്ചം വീശാന്‍ പുതിയ നീക്കം സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. താപനില മൈനസ് 35 ഡിഗ്രി സെല്‍ഷ്യസ് വരുന്ന കോണ്‍കോര്‍ഡിയ ഗവേഷണ കേന്ദ്രത്തിന് സമീപം ലിറ്റില്‍ ഡോം സി എന്ന സ്ഥലത്തുനിന്നുമാണ് ഡ്രില്ലിംഗ് ജോലികള്‍ ആരംഭിച്ചത്. പതിനാറ് പേര്‍ ചേര്‍ന്ന ടീം നാലു വര്‍ഷമായി ഇവിടെ ഈ ജോലിയിലാണ്. ഈവര്‍ഷം ജനുവരി ആദ്യമാണ് ഇവര്‍ അടിത്തട്ടില്‍ എത്തിയത്. മഞ്ഞുകട്ടയ്ക്ക് 1.2 ദശലക്ഷത്തെ പഴക്കമുണ്ടെന്ന് നിരീക്ഷകര്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്റെ സഹായത്തോടെയുള്ള പദ്ധതി നയിക്കുന്നത് ഇറ്റലിയാണ്.
ഓരോ വേനല്‍ക്കാലത്തും നാല് വര്‍ഷത്തിലേറെയായി തീവ്രമായ അവസ്ഥയില്‍ ഡ്രില്ലിംഗ് നടത്തി. ഐസോടോപ്പ് വിശകലനം വെച്ചാണ് മഞ്ഞുകട്ടയുടെ പ്രായം കണക്കാക്കിയത്. കഴിഞ്ഞ 800,000 വര്‍ഷങ്ങളില്‍ ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രത വ്യാവസായിക വിപ്ലവത്തിന്റെ ഉദയ ത്തിനു ശേഷം കണ്ട അളവിനേക്കാള്‍ കവിഞ്ഞിട്ടില്ലെന്നാണ് ഗവേഷണത്തിന്റെ കണ്ടെത്തല്‍. ഭൂതകാലത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ മാത്രമല്ല, മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചും ഗവേഷണം വെളിച്ചം വീശുമെന്നാണ് പ്രതീക്ഷ.