Oddly News

വിവാഹരാത്രി വധുവിനോടൊപ്പം ഉറങ്ങിയശേഷം രാവിലെ വരന്‍ സ്ഥലം വിടണം ! വ്യത്യസ്തമായ ആചാരങ്ങള്‍

വധുവിനോടൊപ്പം ഉറങ്ങിയ ശേഷം രാവിലെ വരന്‍ സ്ഥലം വിടണം. ഇങ്ങനെയൊരു രീതിയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ ? ചൈനയിലെ സിച്ചുവാന്‍, യുന്നാന്‍ പ്രവിശ്യയിലെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ലുഗു ലേക്കിലെ മോസോ എന്ന സമൂഹത്തിലാണ് ഈ വ്യത്യസ്ത ആചാരം നിലനില്‍ക്കുന്നത്.

ലോകത്തിന്റെ മറ്റെങ്ങും കാണാത്ത ഇവിടുത്തെ ആചാരങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കൗമാരപ്രായം എത്തുമ്പോള്‍ മോസോ പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ കാമുകന്മാരെ തിരഞ്ഞെടുക്കാം. എത്ര കാമുകന്മാരെ വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും മോസോ പെണ്‍കുട്ടികള്‍ക്ക് ഉണ്ട്.

വിവാഹസമയത്ത് വധുവിന്റെ വീട്ടില്‍ നിന്ന് പുരുഷന്മാര്‍ക്ക് ക്ഷണം കിട്ടുമ്പോള്‍ അവര്‍ വധുവിന്റെ വീട്ടിലേക്ക് പോകുന്നു. പൂക്കള്‍ കൊണ്ട് അലങ്കരിച്ച മുറിയില്‍ വധുവിനോടൊപ്പം ഉറങ്ങിയ ശേഷം രാവിലെ വരന്‍ സ്വന്തം വീട്ടിലേക്ക് തിരികെ പോകും.

ഇവിടെ ദമ്പതികള്‍ ഒരുമിച്ച് താമസിക്കാറില്ല. കുട്ടി ഉണ്ടാകുമ്പോള്‍ വധുവിന്റെ കുടുംബമാണ് കുട്ടിയെ വളര്‍ത്തുന്നത്. വധുവിന്റെ സഹോദരന്മാര്‍ക്കും അമ്മാവന്മാര്‍ക്കുമാണ് കുട്ടിയുടെ രക്ഷകര്‍ത്തൃസ്ഥാനം. മോസോ സമൂഹത്തിലെ പുരുഷന്മാര്‍ക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. പ്രാദേശികമായ സാധനങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് പുരുഷന്മാര്‍ സാധാരണ ഗ്രാമത്തിന് പുറത്തായിരിക്കും.

വീട് നിര്‍മ്മാണം, മത്സ്യബന്ധനം, അറവ് എന്നിങ്ങനെയുള്ള ജോലികളും പുരുഷന്മാരാണ് ചെയ്യുന്നത്. സ്വന്തം മക്കളെ വളര്‍ത്തുന്നതില്‍ പുരുഷന്മാര്‍ക്ക് ഉത്തരവാദിത്വം ഇല്ലെങ്കിലും അവരുടെ സഹോദരീപുത്രനെയോ പുത്രിയെയോ സാമ്പത്തികമായും മറ്റെല്ലാ തരത്തിലും വളര്‍ത്തേണ്ട ചുമതല പുരുഷന്മാര്‍ക്കുണ്ട്.

മറ്റ് സമൂഹത്തിലെ വിവാഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി മോസോ സമൂഹത്തില്‍ വിവാഹിതരാകുന്ന സ്ത്രീകള്‍ പുരുഷന്മാരെ ആശ്രയിക്കാറില്ല. എന്നാല്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹബന്ധം തുടര്‍ന്നു പോകും. പുറത്തു നിന്നുള്ള ആളുകളുടെ സ്വാധീനം കൊണ്ട് മോസോ സംസ്‌കാരം ഇപ്പോള്‍ പഴമയും പുതുമയും ഇടകലര്‍ന്നാണ് നില്‍ക്കുന്നത്.

പുറത്തുള്ള ആളുകളുമായുള്ള സമ്പര്‍ക്കം മൂലം മോസോ സമൂഹത്തിന്റെ വിവാഹരീതികളിലും മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. ചൈനയിലെ റൊമാന്റിക് സിനിമകള്‍ മോസോയിലെ പുതിയ തലമുറയിലെ ആളുകളെ സ്വാധീനിച്ചിട്ടുണ്ട്. അവര്‍ ചൈനയിലെ വിവാഹ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *