കായികഇനങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഇവന്റുകളില്‍ ഒന്നാണ് മനുഷ്യരുടെ ശാരീരികക്ഷമത അളക്കുന്ന മിനി മാരത്തോണുകള്‍. എന്നാല്‍ വടക്കുകിഴക്കന്‍ ചൈനയില്‍ നടക്കുന്ന ഒരു ഹാഫ് മാരത്തണിന് നല്‍കുന്ന സമ്മാനങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ ശരിക്കും ചിരിച്ചുമറിയും. വിജയികള്‍ക്ക് സമ്മാനമായി നല്‍കുന്നത് ഒരു പശുവിനെ. കൂട്ടത്തില്‍ ആറ്റുമീന്‍, കോഴികള്‍, താറാവുകള്‍ എന്നിങ്ങനെയുള്ളവയെ മറ്റ് പാരിതോഷികം ആയും നല്‍കും. സമ്മാനം പ്രഖ്യാപിച്ചതോടെ മാരത്തോണ്‍ കാര്യമായി തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
പലരും ഇവന്റില്‍ പങ്കെടുക്കുന്നതില്‍ ഉത്സാഹം പ്രകടിപ്പിക്കുന്നു. ഡിസംബര്‍ 3-ന്, ജിലിന്‍ പ്രവിശ്യയിലെ ചാങ്ചൂണിലെ നോംഗാന്‍ കൗണ്ടിയില്‍ ആയിരുന്നു റേസ് നടന്നതെന്ന് സ്ഥലത്തെ ഒരു പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവന്റില്‍ രണ്ട് വിഭാഗങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് ഹാഫ് മാരത്തണ്‍, രണ്ടാമത്തേത് അഞ്ചു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു ഹെല്‍ത്ത് റണ്ണും. മത്സര നിയമമനുസരിച്ച്, ഹാഫ് മാരത്തണിലെ ആദ്യ 50 സ്ഥാനക്കാര്‍ക്ക് പണവും മറ്റ് സമ്മാനങ്ങളും ലഭിക്കും. ചാമ്പ്യന്‍മാര്‍ക്ക് ഒരു പശുവിനെയും കിട്ടും. ഫസ്റ്റ്, സെക്കന്‍ഡ് റണ്ണേഴ്സ് അപ്പിന് വിലപിടിപ്പുള്ള മത്സ്യവും സമ്മാനമായി നല്‍കും.
പങ്കെടുത്തവരില്‍ നാലു മുതല്‍ 20 വരെ സ്ഥാനങ്ങളിലുള്ളവര്‍ക്ക് താറാവും കോഴിയുമൊക്കെ സമ്മാനമായി നല്‍കുമ്പോള്‍ 30 സ്ഥാനങ്ങള്‍ക്ക് പുറകില്‍ ഫിനിഷ് ചെയ്യുന്നവര്‍ക്ക് 10 കിലോ അരിയും ഗോതമ്പ് മാവുമാണ് സമ്മാനം. ഈ വര്‍ഷമാണ് പശുവിനെ ഒന്നാം സ്ഥാനക്കാരന് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഫസ്റ്റ് നേടിയയാള്‍ക്ക് മീനായിരുന്നു നല്‍കിയത്. അന്ന് രണ്ടും മൂന്നും എത്തിയവര്‍ക്ക് കോഴിയും താറാവുമൊക്കെ നല്‍കി. ഇനി പശുവിനെ വീട്ടില്‍ കൊണ്ടുപോകാന്‍ ഉദ്ദേശമില്ലെങ്കില്‍ പകരമായി 6000 യുവാന്‍ പണമായും നല്‍കും.
പ്രാദേശിക കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഗുണം പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് സമ്മാനങ്ങള്‍ തിരഞ്ഞെടുത്തതെന്നും ഇത് പരിപാടിയുടെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നതിനൊപ്പം പ്രാദേശിക രുചിയെ പരിചയപ്പെടുത്തല്‍ കൂടിയാണെന്നും സംഘാടകര്‍ ചൂണ്ടിക്കാട്ടി. ചൈനീസ് അത്ലറ്റിക്സ് അസോസിയേഷന്‍ പുറത്തിറക്കിയ ‘2023 ചൈന റോഡ് റണ്ണിംഗ് റേസസ് ബ്ലൂ ബുക്ക്” അനുസരിച്ച്, കഴിഞ്ഞ വര്‍ഷം രാജ്യവ്യാപകമായി 622 മാരത്തണുകളും ഹാഫ് മാരത്തണുകളും നടന്നു. പ്രതിദിനം ശരാശരി രണ്ട് ഇവന്റുകള്‍ വീതമാണ് നടന്നത്. ചെറിയ മൂന്നാം-നാലാം-ടയര്‍ നഗരങ്ങളും ലക്ഷങ്ങള്‍ മാത്രം ജനസംഖ്യയുള്ള കൗണ്ടികള്‍ പോലും, ഇപ്പോള്‍ വ്യത്യസ്ത മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.